ഞാന്‍ ഇരിങ്ങല്‍

Wednesday, December 09, 2009

പുറമ്പോക്കിലെ പെൺകുട്ടികുന്നു കയറുമ്പോൾ
മലയിറങ്ങുമ്പോൾ
ഇടത്തോട്ട് പോകുമ്പോൾ
വലത്തോട്ട് പോകുമ്പോൾ
കേള്‍ക്കാറുണ്ട്
ആ ഒറ്റ വീട്ടിലെപെണ്‍കുട്ടിയുടെ പാട്ട്.


കൊന്നമരം വിഷുക്കാറ്റേറ്റ് നില്‍ക്കുന്ന
കടലാസു പൂക്കൾ കള്ളിമുണ്ടുടുത്ത
വീടിനോട് ചേർന്നുള്ള ചായ്പ്പിൽ
മധുര കരിമ്പുപോലെ ചുണ്ട് നനച്ച്
ഓര്‍മ്മപ്പെടുത്തിക്കൊണ്ടേയിരിക്കും
ആ ഒറ്റ വീട്ടിലെ
പെണ്‍കുട്ടിയുടെ പാട്ട്.


ഓണത്തിനോ
വിഷുവിനോ
അല്ലെങ്കില്‍ പിറന്നാളിനോ
അവിടെ പോകണം
ഒന്ന് കാണണം
കയ്യിലുള്ളതെന്തെങ്കിലും കൊടുക്കണം
ഒന്നും നടന്നില്ല.

ഇപ്പോൾ കുന്നു കയറാറില്ല
മലയിറങ്ങാറില്ല
ഇടത്തോ വലത്തോ യാത്ര പോകാറില്ല
ആ ഒറ്റ വീട്ടിലെ പാട്ട് കേള്‍ക്കാ൯ മാത്രം
ഇന്ന് അവിടേക്ക് പോകണം.


കുന്നുകളില്ല
മലകളെല്ലാം ഇടിച്ച് നിരപ്പാക്കിയിരിക്കുന്നു
വഴികളെല്ലാം വെട്ടിത്തെളിച്ചിരിക്കുന്നു.
അവിടെ
ആ ഒറ്റ മുറിയില്ല
ചായ്പ്പില്ല
അവളില്ല
അവളുടെ പാട്ടുമില്ല.


പള്ളിയിലെ ബാങ്കുവിളി കേട്ടനേരം
റെയിൽവേ സ്റ്റേഷനിൽ നിന്ന്
ദൂരെ ഇലക്ട്രിക്ക് ശ്മശാനത്തിലേക്ക്
കണ്ണയച്ചപ്പോൾ കാറ്റിൽ
ഒടിഞ്ഞു തൂങ്ങിയ
പുകയങ്ങിനെ
പാട്ടു പോലെ
എനിക്ക് ചുറ്റും
ഒഴുകുന്നു.

Labels:

Saturday, March 07, 2009

രക്തസാക്ഷികൾകന്ന് പൂട്ടാന്‍ പോയവൻ

‍തിരിച്ച് വന്നത്-

കളവുപോയ മൂരിയുടെ കൊമ്പ് തേടിയാണ്

മൂരിക്കൊമ്പിന് മാര്‍ക്കറ്റിൽ

‍വിലയില്ലാതിരുന്നിട്ടും,

ചിറ്റേനിക്കണ്ടത്തില്‍ വിത്തിടാതിരുന്നിട്ടും,

കെട്ടിവെച്ച തടമെല്ലാം പൊട്ടിപോയിട്ടും,

കന്ന് പൂട്ടാൻ പോയവൻ

‍തിരിച്ചു വന്നത് -

കൈനിറയെ ഓലപടക്കങ്ങളുമായാണ്.


പടക്കങ്ങളൊക്കെയും

മഞ്ഞ് കൊള്ളാതിരിക്കുവാൻ‍,

ഉറിയില്‍ കെട്ടിപൊതിഞ്ഞ്-

മുള വരുന്നതും കാത്ത്,

തീക്കാറ്റേറ്റ്,

നുണഞ്ഞ് കൊതിപ്പിച്ച്,

അടയിരുന്നത് കൊണ്ടാണ്.

വിളവെടുക്കാൻ പോയവൻ

‍ഇന്നലെ ചങ്ക് തകർ‍ന്ന്-

രക്തസാക്ഷിയായതും,

കൊടിമരമുയർ‍ന്നതും,

സിന്ദാബാദ് വിളിച്ചതും.

(മനോരമ ബ്ലോഗിൽ പ്രസിദ്ധീകരിച്ചത്)


Labels:

Monday, February 23, 2009

ഇലക്ട്ര കണ്ണാടിയിൽ നോക്കുമ്പോൾണ്ണാടിയിൽ ഇലക്ട്ര മുടിയഴിച്ചിടുമ്പോൾ
അച്ഛൻ സ്വകാര്യം പറയുകയാണ്
ചുണ്ട് ചേർത്ത് ചെവിയിലേക്ക്.


മകൾ
ചിറക് വിരിച്ച്
കേൾ‍ക്കാൻ തുടങ്ങുമ്പോൾ
കാറ്റ് കൊടുങ്കാറ്റായി

സ്വകാര്യം കൊണ്ട് ഓടിയകന്നു

ആകാശത്തിനും

കടലിനുമിടയിൽ
മകൾ
കാറ്റിനോട് മത്സരിച്ചു.

ഓട്ടത്തിൽ
‍ഒന്നാമതായ മകളുടെ
കാലുകളുടെ വേഗതയിൽ
സ്വകാര്യം
ചെവിയിലെത്തുമെന്നറപ്പായപ്പോൾ
വെള്ളത്തിലേക്കിട്ടു.

ചിറക് വീശി
ആകാശത്തിൻറെ ഹൃദയമിടിപ്പുമായി
വെള്ളത്തിലേക്ക് പാഞ്ഞ മകൾ
കണ്ടത്
അച്ഛനെ തിന്നുന്ന സ്രാവിൻ കൂട്ടങ്ങൾ


Labels:

Monday, February 09, 2009

ബണ്ട് പൊട്ടിപ്പോകുമ്പോൾ

പുറപ്പെടും മുമ്പ് ഗോഷ്ടി കാണിച്ചത്
ആദ്യത്തെ ചുംബനത്തിന്
എനിക്കറിയാം
ഇടയ്ക്കൊരു ചാറ്റല്‍ മാത്രമായിരിക്കും
മിന്നായം പോലെ ആകാശത്തിലോരു
പങ്കായം കണ്ടേക്കാം.

വിളിക്കുന്നുണ്ട്
രാത്രിയും പകലും
പെയ്യാനൊന്നുമല്ല
വെറുതെ ശൃംഗരിക്കാൻ മാത്രം

ഇരുളിലൊന്നാഞ്ഞ്
നൂ‍ൽ പാലമിട്ട്
ഓടിയും ചാടിയും
കെട്ടി മറിഞ്ഞ്
ചളിക്കണ്ടത്തില്‍ വീണത് എത്ര പെട്ടെന്നാണ്.

ചിരിത്തുമ്പത്തെ
ചളിത്തലപ്പിൽ
ഒഴുകിയിറങ്ങി
തിരിച്ച് കയറുമ്പോൾ
‍കരഞ്ഞ്
നിലവിളിച്ച്
തോടും പുഴയും നിറഞ്ഞു കവിഞ്ഞ്
നെഞ്ച് പിളർ‍ന്ന
നിൻറെ സ്നേഹമാണെന്നറിഞ്ഞ്
എൻ‍റെ ദൈവേന്ന് നീട്ടി വിളിച്ചത്
നിനക്ക് വേണ്ടി മാത്രമായിരുന്നു.
അല്ലെങ്കിൽ
‍ബണ്ട് പൊട്ടിപ്പോകുന്ന...
എൻറേത് മാത്രമാകേണ്ട നീ...
എന്‍റെ ദൈവേ...

Labels:

Saturday, January 24, 2009

രാത്രിയാകുന്നത്

പച്ചമാങ്ങ കടിക്കുമ്പോലെയല്ല
പഴുത്ത മാങ്ങ കടിക്കുമ്പോൾ
പച്ചയിൽ നിന്ന് മഞ്ഞയിലേക്കുള്ള ദൂരം
എനിക്ക് നിന്നിലേക്കുള്ള വേഗം പോലെയാണ്.

ഞാൻ നിന്നെ കാണുമ്പോലെയല്ല
അക്കാമലയിലെ പുഷ്പങ്ങൾ തലയാട്ടുന്നത്
ചാഞ്ഞു ചരിഞ്ഞുംകുണുങ്ങിയും
പ്രണയസല്ലാപങ്ങൾ മറക്കുന്നത്
ഇതളടർ‍ന്ന് കരിഞ്ഞ് നീലിച്ച
ചെമ്പരത്തിപൂ പോലെയാണ്.

കാറൽ‍മാർക്സ് സ്വര്‍ഗ്ഗത്തിലെത്തിയാൽ
അതൊരു ബൂർ‍ഷ്വാ സങ്കല്പമല്ലേ സഖാവേന്ന്
വിലപിക്കുന്ന കമ്മ്യൂണിസ്റ്റ് പച്ചയിൽ നിന്ന്
ബുഷ് നഗരത്തിൽ നിന്ന
നരകത്തിലേക്ക് പോകുന്നത്
ബീഡിത്തീയിൽ നിന്ന്
എലിവാണത്തിന് തീപിടിപ്പിക്കും പോലെയാണ്.


നീ എനിക്ക് ചുറ്റും വരച്ചിരിക്കുന്ന
ലക്ഷ്മണ രേഖപോലെയല്ല
കൊട്ടും കുരവയുമായി
ഞാൻ നെറ്റിയിൽ വരച്ച
നിൻറെ സിന്ദൂര രേഖ.
അത്തിമരച്ചോട്ടിലെ കുരങ്ങൻറെ ഹൃദയം
മധുരിക്കുന്നത്
പുഴക്കടവിൽ നിന്ന് നടുക്കടവിലേക്ക് തന്നെയാണ്.

കടൽ വറ്റുമ്പോലെയല്ല
കടൽ പൂമ്പാറ്റ പറക്കുന്നത്
കടലാമകൾ ഇരതേടുന്നത്
പുറം നഗരങ്ങളിലാണ്.

മണൽ ലോറികൾ വന്നിറങ്ങുമ്പോൾ
പൂണ്ടു പോകുന്ന കെട്ട മണം പോലെയല്ല
ചന്തയിൽ വച്ച മുറുക്കാൻ വാങ്ങി ആഞ്ഞു തുപ്പുന്ന
മുട്ടിനപ്പുറം കയറ്റിവച്ച പവാടയുടുത്ത
സ്ത്രീയുടെ അരയില്‍ തൂങ്ങിയാടുന്ന കത്തി.

ഇല്ലാത്തത് ഉണ്ടെന്ന് പറയുമ്പോൾ
കണ്ണുകൾ അടഞ്ഞു പോകുന്നത്
പൂച്ച പാലു കുടിക്കുമ്പോലെയാണ്
പകൽ കണ്ണടയ്ക്കുമ്പോള്‍ രാത്രിയാകുന്നത്
എത്ര പെട്ടെന്നാണ്!!!

Labels:

Monday, July 14, 2008

സാമൂഹ്യപാഠ പുസ്തകത്തിന്റെ ജീവന്‍


സാമൂഹ്യപാഠം പുസ്തകത്തിന്റെ
ജീവന്‍ പോയതെപ്പോഴായിരിക്കും?

ഒരു താളു പോലും മറിച്ചു നോക്കാതെ
ഒരു വരി പോലും പറഞ്ഞു വയ്ക്കാതെ
മുഷ്ടി ചുരുട്ടീയ കോമാളി വേഷങ്ങള്‍
‍വലിച്ചെടുക്കുന്ന നേരത്ത്.

കറുത്ത ബഞ്ചുകള്‍
കുട്ടികളുടെ ആസനത്തോട് ചേര്‍ന്നിരുന്ന്
പറഞ്ഞിരിക്കാം-

പുതിയ ഭാഷയെ കുറിച്ച്
പുതിയ മതത്തെ കുറിച്ച്
ചുരുട്ടിയ മുഷ്ടിയെ കുറിച്ച്
നശിച്ച ഈ ചാട്ടത്തെ കുറിച്ച്

താളുകള്‍ സ്നേഹത്തോടെ തുറന്നിരിക്കാം
തീപ്പെട്ടിക്കൊള്ളി ഉരഞ്ഞു കത്തിയപ്പോള്‍
‍തീക്കടലില്‍ ഒരു പക്ഷെ
മതം കീഴ് പെട്ടു പോയിരിക്കാം.

തുറന്നിരുന്നതു കൊണ്ടായിരിക്കും
മറഞ്ഞിരുന്നതു കൊണ്ടായിരിക്കും
ഓര്‍മ്മയില്‍ ഒരു തീക്കാറ്റ്
ഉള്ളതു കൊണ്ടായിരിക്കും
സാമൂഹ്യപാഠപുസ്തകം
ചിലപ്പോഴെങ്കിലും
കത്താതെ ബാക്കിയായത്.

Labels:

Saturday, June 07, 2008

ഒരു കൂടിക്കാഴ്ചയും പിന്നെ സംഭവിച്ചതും

“എന്റെ പിന്നാലെ ഒരു പുരുഷന്‍ വരുന്നു; അവന്‍ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ടു എനിക്കു മുമ്പനായി തീര്‍ന്നു എന്നു ഞാന്‍ പറഞ്ഞവന്‍ ഇവന്‍ തന്നേ” 1:30  യോഹന്നാന്‍നടക്കണം എന്ന് ഡോകടര്‍ പറയുമ്പോള്‍
ഇത്രയൊന്നും കരുതിയിരുന്നില്ല
ഓടുകയും ആകാം എന്ന് കൂട്ടുകാര്‍ പറയുമ്പോഴും
ഇത്രയൊന്നും ചിന്തിച്ചിരുന്നില്ല
എന്നിട്ടും
തളര്‍ന്നിരിക്കുന്ന പാര്‍ക്കിലേ ബഞ്ചില്‍
നിലാവു പോലെ നീ
നടന്നടുത്തതും ചിരിയാല്‍
ഒരു നോട്ടമായ് കൊതിയായ് ഇരുന്നതും
സമയമാം രാത്രി നടന്നടുത്തതും
കൂട്ടുകാരി
പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം
കറപിടിച്ചൊരീ പാര്‍ക്കിലെ ബഞ്ചില്‍
ഇഴപിരിഞ്ഞൊരീ
ഇരുളിനൊപ്പം നിറനിലവു പോല്‍
ഞാന്‍ നിന്നെ കാണുന്നത്.

കണ്ണിലെ കൃഷ്ണമണികള്‍ തന്‍‍
‍കിരണമേറ്റെന്‍റെ ഹൃദയരേഖകള്‍ മുറിഞ്ഞൂ പലവിധം.
കഥകളേറെ പറയുവാനുണ്ട് പരസ്പരം
തിരകളൊക്കെയടങ്ങിയെങ്കിലും
ധൃതിപിടിച്ചൊരന്‍ രക്തക്കുഴലുകള്‍
മരണ പത്രം പോലെചുരുണ്ടുപോയെങ്കിലും
ഒരു നിമിഷം ഞാനാ പഴയരോര്‍മ്മയില്‍
നെയില്‍ പോളിഷ് ഇടാത്ത നിന്‍റെ വിരലുകള്‍
‍ഞാനൊന്ന് മുത്തട്ടേന്ന് എങ്ങിനെയാണ് ചോദിക്കുക.

അന്ന് നമ്മള്‍ക്ക്
ഒരേ വഴി ഒരേ നിറം
കുടിക്കുന്ന കാപ്പിക്കും
കഴിക്കുന്ന ഐസ്ക്രീമിനും
ഒരേ രുചി
കാശ്ചകള്‍ക്ക് മഞ്ഞ നിറവും.

നരച്ച മുറിയിലന്ന്
പുതുമണമായിരുന്നു
കിടക്കയിലന്ന് ചുവന്ന പൂവിതളുകള്‍ക്ക്
തിളക്കവും നിറവും കൂടുതലായിരുന്നു
കുതിര്‍ന്നു പോയ തലയിണ
ഓര്‍മ്മകളുടെ ബാക്കിപത്രമായി
കഴിഞ്ഞ അവധിക്കാലവും
ഓര്‍മ്മയിലെത്തിയിരുന്നു

കുട്ടികളെത്രെയെന്ന എന്‍റെ ചോദ്യങ്ങളില്‍
‍കൂട്ടുകാരീ
നീയും
ഭര്‍ത്താവും എന്തിനാണ് ചൂളി മരിച്ച് നിന്നത്?
പൂവന്‍ കോഴികളുടെ അങ്കവാല്‍
മുട്ടയിട്ട കോഴികളിലേക്ക് നീങ്ങുമ്പോള്‍
എത്രതവണ നീ കളിയാക്കിയിരിക്കുന്നു.

നേരു നിറഞ്ഞ നിന്‍റെ കൈവളകള്‍
‍എന്നെ പൊതിഞ്ഞു പിടിച്ചപ്പോള്‍
മുറിഞ്ഞ കൈത്തണ്ട്
ഒരിക്കല്‍ കൂടി ഞാനൊന്ന് മുത്തട്ടേന്ന്
എങ്ങിനെയാണ് നിന്നോട് ചോദിക്കുക?

ഇന്ന് നീ വിത്ത് വിതയ്ക്കാതെ
പതഞ്ഞ് പുതഞ്ഞ് ചിരിക്കുമ്പോള്‍
കൂട്ടുകാരീ
നീ ഒരു പുഴ
പുഴയോളം സ്നേഹം
ഞാന്‍ പട്ടുടുത്ത ഭൈരവന്‍
‍കോഴിക്കറ പുരണ്ട പാപം
ജീവിതത്തിന്‍റെ കൈത്തോട് മാറിക്കടക്കുമ്പോള്‍
‍വീശിയെറിഞ്ഞ ഓരോ ചുഴിത്തുമ്പും
നിന്നിലേക്ക് ഞാന്‍ പുഴുക്കുത്തായിരുന്നോ..

കൂട്ടുകാരീ നീ പറയൂ
നിന്‍റെ നീണ്ട വിരലുകളില്‍
ഞാനൊന്ന് മുത്തട്ടേന്ന്
ഇനി ഞാനെങ്ങിനെയാണ് ചോദിക്കുക?

ഇനിക്കാണുമ്പോള്‍
വിത്ത് മുളച്ചൊരു ചെടിയായ്
കാ മൂത്തൊരു പഴമായ്
നിന്നോളം പോന്നൊരു
മരമായ്കാണണമെന്ന്
ഞാനീ നരച്ച കണ്ണിലേക്ക് നോക്കി
സ്വപ്നം കണ്ടോട്ടേ..??!!

Labels: