ഞാന്‍ ഇരിങ്ങല്‍

Wednesday, December 27, 2006

എ. ഡി. ബി അഥവ പകല്‍

ഒറ്റക്കാല്‍ കൊറ്റി തപസ്സിരിക്കുന്ന
മുണ്ടകന്‍ പാടത്ത്
കുഞ്ഞുമീനുകള്‍
സൂര്യവെളിച്ചത്തില്‍
പേടിയില്ലാതെ മുങ്ങിക്കുളിച്ചു.

ഒരു പുല്‍നാമ്പ്
വെള്ളിയാഴച വേനലില്‍
കതിരിടുന്നു.

ചേന്നന്‍റെ കണ്ടത്തില്‍
മണ്ണിരകളുടെ വെളുത്ത ഭൂപടം.
കറുത്ത ഇലകളില്‍ പൊതിഞ്ഞ
ബലിച്ചോറ്.

മഴയൊഴിഞ്ഞ സ്വപ്നവും
കടപൊളിച്ച് വാര്‍ന്നു പോകുന്നു.
ഇളവെയിലില്‍
തൂക്കണാം കുരുവി കൂടുകൂട്ടുന്നു.

ചേലത്തുമ്പ് മാറ്റി
റിഷോട്ടെടുക്കുന്ന ചാനലുകാരന്‍
അവളുടെ മുഖത്ത് മരവിപ്പ് മാത്രം.

വറ്റിയ പുഴയില്‍
കുളിച്ച് ശുദ്ധിവരുത്തി
വായപയുടെ ആധാരം പണയം വച്ചു
രാഷ്ട്രീയക്കാരന്‍.

കാലന്‍ കോഴിയുടെ കൂവലില്‍
ചേന്നന്‍ ചെവി പൊത്തി
കതിരില്‍ ഇര വച്ച്
കൊറ്റി കാത്തിരിന്നു
ജലോപരിതലത്തിലെ മീനുകള്‍ക്കായ്.

Tuesday, December 19, 2006

സ്വപനങ്ങള്‍ - കവിത

സ്വപനങ്ങളെ പിടിച്ചു നിര്‍ത്തൂ
അല്ലെങ്കില്‍
മരിച്ചു പോയാലൊ.

ജീവിതം
ചിറകരിയപ്പെട്ട ജഡായു

സ്വപ്നങ്ങളെ
പിടിച്ചു നിര്‍ത്തൂ
അല്ലെങ്കില്‍
മാഞ്ഞു പോയാലൊ

ജീവിതം
തുറന്ന പുസ്തകം
വെളുത്തുറഞ്ഞ മഞ്ഞുപോലെ

Sunday, December 10, 2006

വായന - കവിത

ഇന്നലെ ഒരു കഥ വായിച്ച്
ഓര്‍മ്മ പോയി.

ഇന്ന് ഒരു കവിത വായിച്ച്
കണ്ണും പോയി.

ബ്ലോഗ് വായന നിര്‍ത്തണമെന്ന്
ഡോക്ടര്‍.

Wednesday, December 06, 2006

നിഴല്‍ - പ്രണയ കവിത - 2

എന്‍റെ ലോകത്തേക്ക് വരൂ
കാഴചയിലേക്കും.

നീ കണ്ണുകള്‍ തുറക്കൂ
ഒളിച്ചു വയ്ക്കാന്‍ എനിക്കൊന്നുമില്ല.

കുറച്ചുകൂടി അടുത്തേക്ക് വരൂ
എന്നിട്ടും
നീ എന്നില്‍ നിന്ന് അകലെയാണല്ലൊ


എന്‍ റെ ലോകത്തേക്ക് വരൂ.
കാഴചയിലേക്കും.

നിനക്ക് എന്നിലെ കായലും തീരങ്ങളും
പുഴയും ഓളങ്ങളും കാണാം.

ഇനി
ഇമയടച്ച് എന്നെ നോക്കൂ.

ഈ ഇരുട്ടില്‍
കാഴചയ്ക്കുമപ്പുറമാണ് നീ
എന്നിട്ടും
ഞാന്‍ നിന്‍റെ അരികില്‍ തന്നെയുണ്ട്.

Tuesday, December 05, 2006

പേര് - (പ്രണയ കവിത)

ആകാശത്തില്‍ ഞാന്‍ നിന്‍റെ പേരെഴുതി
കാറ്റ് ഊതി ഊതി ദൂരേക്ക് കൊണ്ടു പോയി

മണലില്‍ ഞാന്‍ നിന്‍റെ പേരെഴുതി
മണല്‍ തിരകള്‍ ഇണക്കത്താലൊ പിണക്കത്താലൊ
മണലിനടിയില്‍ കുഴിച്ചിട്ടു.

ഹൃദയത്തില്‍ ഞാന്‍ നിന്‍റെ പേരെഴുതി
കാലം മഴ പെയ്യിച്ചു, അഗ്നി വര്‍ഷിച്ചു.
കടല്‍ തിളച്ച് തൂവി
എന്നിട്ടും
ഹൃദയത്തില്‍ നിന്‍റെ പേര് ചിരിച്ചു നിന്നു.

Sunday, December 03, 2006

പിഴച്ചവള്‍ - കവിത

മലകയറുമ്പോള്‍
കുന്നിറങ്ങുമ്പോള്‍
ഇരിക്കുമ്പോള്‍
നടക്കുമ്പോള്‍
കിടക്കുമ്പോള്‍
നോക്കാതെ നോട്ടത്തെ ഞാന്‍ കാണുന്നു.

ഹൃദയത്തില്‍ കടന്നലുകളിളകാതെ
കാത്തുസൂക്ഷിച്ചു ഞാന്‍
മുന്നിലും
പിന്നിലും കണ്ണുകള്‍ക്ക് കാഴ്ച നിറച്ച്
ഹൃദയത്തില് കടുകുവറുക്കുമ്പോള്‍
അശ്ലീല നോട്ടത്താല്‍
ദ്രവിച്ച ലജ്ജ ട്രങ്കിലേക്കിളകി തെറിച്ചവള്‍ ഞാന്‍.

ഗോവണി കയറുമ്പോള്‍
പുറകില്‍ തറച്ചത് ആരുടെ കണ്ണുകള്‍
പുസ്തകം മറച്ചൊരാ നെഞ്ചിനകത്ത്
സൂചിമുന കൂര്‍പ്പിച്ച്
കണ്ണുകുത്തിപ്പൊട്ടിക്കുന്നതാരുടെ വേലകള്‍

കാണാക്കയത്തിലെനിക്ക്
ഞാനറിയാതെ
കാലിലും കാല്‍വണ്ണയിലും കുന്തിരിക്കം നിറച്ച്
നരച്ച രാത്രികളില്‍
നീല ഞരമ്പുകള്‍ക്ക് വെളുത്തരക്തം നല്‍കി
കരയാതെ കരഞ്ഞ കുഞ്ഞോമനകള്‍ക്ക്
ജന്മം നല്‍കിയപ്പോള്‍
ഉറഞ്ഞു തുള്ളിയത് ഏത് കാട്ടാള ചെയ്ത്ത്?

ഇന്നലെ രാത്രിയില്‍ ചുണ്ടുകള്‍ കോര്‍ത്ത് വലിച്ചവര്‍,
നക്കിത്തുടച്ചവര്‍, പൂവിട്ട് പൂജിച്ചവര്‍
സഹശയനം കഴിച്ചവര്‍,
തൊണ്ട പൊട്ടി ഉച്ചത്തിലട്ടഹസിച്ചവരെന്നെ
നീ
പിഴച്ചവള്‍.