ഞാന്‍ ഇരിങ്ങല്‍

Wednesday, December 27, 2006

എ. ഡി. ബി അഥവ പകല്‍

ഒറ്റക്കാല്‍ കൊറ്റി തപസ്സിരിക്കുന്ന
മുണ്ടകന്‍ പാടത്ത്
കുഞ്ഞുമീനുകള്‍
സൂര്യവെളിച്ചത്തില്‍
പേടിയില്ലാതെ മുങ്ങിക്കുളിച്ചു.

ഒരു പുല്‍നാമ്പ്
വെള്ളിയാഴച വേനലില്‍
കതിരിടുന്നു.

ചേന്നന്‍റെ കണ്ടത്തില്‍
മണ്ണിരകളുടെ വെളുത്ത ഭൂപടം.
കറുത്ത ഇലകളില്‍ പൊതിഞ്ഞ
ബലിച്ചോറ്.

മഴയൊഴിഞ്ഞ സ്വപ്നവും
കടപൊളിച്ച് വാര്‍ന്നു പോകുന്നു.
ഇളവെയിലില്‍
തൂക്കണാം കുരുവി കൂടുകൂട്ടുന്നു.

ചേലത്തുമ്പ് മാറ്റി
റിഷോട്ടെടുക്കുന്ന ചാനലുകാരന്‍
അവളുടെ മുഖത്ത് മരവിപ്പ് മാത്രം.

വറ്റിയ പുഴയില്‍
കുളിച്ച് ശുദ്ധിവരുത്തി
വായപയുടെ ആധാരം പണയം വച്ചു
രാഷ്ട്രീയക്കാരന്‍.

കാലന്‍ കോഴിയുടെ കൂവലില്‍
ചേന്നന്‍ ചെവി പൊത്തി
കതിരില്‍ ഇര വച്ച്
കൊറ്റി കാത്തിരിന്നു
ജലോപരിതലത്തിലെ മീനുകള്‍ക്കായ്.

24 Comments:

At 1:46 PM, Blogger രാജു ഇരിങ്ങല്‍ said...

സഖാക്കളേ..
ഒരു എ. ഡി. ബി കവിത നിങ്ങള്‍ക്കായ്. വായിക്കുമല്ലൊ.

 
At 2:14 PM, Blogger ikkaas|ഇക്കാസ് said...

ഇരിങ്ങലേ,
മനസ്സു തുറന്നൊരു കമന്റിട്ടാല്‍ പിണങ്ങരുത്.
ഇത് കവിതയാണോ അല്ലേ എന്നത് കവിതാസ്വാദകര്‍ക്ക് വിട്ടു കൊടുക്കുന്നു.
എനിക്ക് ചില കാര്യങ്ങള്‍ ഇരിങ്ങല്‍ തന്നെ വ്യക്തമാക്കിത്തന്നാല്‍ കൃതിയുടെ മലയാളം മനസ്സിലാകും. പാഠ പുസ്തകത്തില്‍ കവിതയ്ക്ക് ശേഷം കാണാറുള്ള കൊസ്റ്റിനാന്‍സര്‍ ആയി കരുതിയാല്‍ മതി. :)
1. തലക്കെട്ടില്‍ ഏ.ഡീ.ബി എന്നു കണ്ടു, അഥവാ പകല്‍ എന്നും. ഇതു തമ്മിലുള്ള ബന്ധമെന്ത്?
2. പുല്‍നാമ്പ് വേനലില്‍ കതിരിട്ടോട്ടെ, അതിന് വെള്ളിയാഴ്ചയുമായി എന്താ ബന്ധം? അല്ലെങ്കില്‍ ഈ പുല്‍നാമ്പ് എന്തിന്റെയെങ്കിലും പ്രതീകമാണോ?
3. ചേന്നന്‍റെ കണ്ടത്തില്‍
മണ്ണിരകളുടെ വെളുത്ത ഭൂപടം. വെളുത്ത ഭൂപടം കൊണ്ടുദ്ദേശിക്കുന്നതെന്താണ്?
4. വായപയുടെ ആധാരം പണയം വച്ചു
രാഷ്ട്രീയക്കാരന്‍. ഈ വായപയുടെ ആധാരം എന്നു പറഞ്ഞാലെന്താണ്?
5.കതിരില്‍ ഇര വച്ച്
കൊറ്റി കാത്തിരിന്നു. കൊറ്റി ഇര വച്ച് കാത്തിരിക്കുമോ?

ഇതൊക്കെ എനിക്ക് തോന്നിയ സംശയങ്ങളാണ്. ഇരിങ്ങല്‍ ഈ കൃതിയിലൂടെ വായനക്കാര്‍ക്ക് എന്തെങ്കിലും സന്ദേശം നല്‍കാന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍, മേല്‍പ്പറഞ്ഞവയ്ക്കൊക്കെ ആവശ്യമായ വിശദീകരണം തന്ന് സന്ദേശം മനസ്സിലാക്കുവാനുള്ള അവസരം വിവരദോഷിയായ എനിക്ക് ഉണ്ടാക്കിത്തരണമെന്ന് അപേക്ഷിക്കുന്നു.

ഓഫ് ടോപ്പിക്: മറ്റ് മാന്യ ബൂലോക സുഹൃത്തുക്കള്‍ ഇതൊരു തല്ലിന്റെ തുടക്കമായിക്കാണരുതെന്നും ഞാന്‍ പറഞ്ഞ ഏതെങ്കിലും വാക്കിന്റെ പിന്നാലെ തൂങ്ങി അതുമിതും പറഞ്ഞ് അലമ്പുണ്ടാക്കരുതെന്നും അപേക്ഷിക്കുന്നു.

 
At 3:24 PM, Blogger ikkaas|ഇക്കാസ് said...

ഡിയര്‍ രാജുവേട്ടന്‍,
മെയിലില്‍ കിട്ടിയ മറുപടികള്‍ വായിച്ചു, നന്ദി.
വിശദീകരണം നന്നായി ഉള്‍ക്കൊണ്ട് കവിത വായിക്കുകയും ചെയ്തു.
എല്ലാം മനസ്സിലായി.
കാലിക പ്രസക്തിയുള്ള കവിത.
ആശംസകള്‍.
പി.എസ്: ആ മെയില്‍ ഇവിടെ പരസ്യമായി ഒരു കമന്റായിട്ടിരുന്നെങ്കില്‍ എന്നെപ്പോലുള്ള മറ്റുള്ളവര്‍ക്കും കവിതാസ്വാദനം പഠിക്കാനുതകുന്ന ഒന്നായേനേ.

 
At 3:31 PM, Blogger രാജു ഇരിങ്ങല്‍ said...

സ്നേഹിതാ..

താങ്കളുടെ സംശയം വളരെ ശരിയാണ്. ഞാന്‍ ഉദ്ദേശിച്ചത് മനസ്സിലായില്ല എന്ന് തോന്നുന്നു.

പിന്നെ മനസ്സിലായില്ലെങ്കില്‍ അതു പറയുന്നതിന് ഞാന്‍ എന്തിനാ കുട്ടുകാരാ പിണങ്ങുന്നത്? അത് എന്‍റെ എഴുത്തിന്‍റെ കുഴപ്പമാണെന്ന് മനസ്സിലാക്കനുള്ള ബോധം ഉണ്ട് സുഹൃത്തേ..

1. തലക്കെട്ടില്‍ ഏ.ഡീ.ബി എന്നു കണ്ടു, അഥവാ പകല്‍ എന്നും. ഇതു തമ്മിലുള്ള ബന്ധമെന്ത്?

നല്ല ചോദ്യം. ഞാന്‍ കവിതയില്‍ എവിടെയും എ. ഡി. ബി യെ ക്കുറിച്ച് പറഞ്ഞില്ല. എന്നാല്‍ ഇന്ന് എ. ഡി. ബി. കൊണ്ട് കേരളത്തില്‍
ഉണ്ടായിക്കൊണ്ടിരിക്കുന്ന അല്ലെങ്കില്‍ പണ്ട് ഐ. എം. എഫ്. കൊണ്ട് കര്‍ഷകര്‍ക്ക് ഉണ്ടായിക്കൊണ്ടിരിന്ന ദുരിതങ്ങളാണ് ഞാന്‍ പറയാന്‍ ശ്രമിച്ചത്. അതു കൊണ്ട് തലക്കെട്ട് എ.ഡി. ബി. എന്നു കൊടുത്തു.

പകല്‍ എന്ന് കൊടുത്തത് ഇന്നത്തെ പകലില്‍ കേരളത്തിലും അതു പോലെ വികസ്വര രാഷ്ട്രങ്ങളിലും കാണാന്‍ കഴിയുന്ന കാഴചയുടെ ഒരു പകല്‍ ചിത്രമാണ് ഈ കവിത കൊണ്ട് പറയാന്‍ ശ്രമിച്ചത്.


2. പുല്‍നാമ്പ് വേനലില്‍ കതിരിട്ടോട്ടെ, അതിന് വെള്ളിയാഴ്ചയുമായി എന്താ ബന്ധം ? അല്ലെങ്കില്‍ ഈ പുല്‍നാമ്പ് എന്തിന്റെയെങ്കിലും പ്രതീകമാണോ ?

പുല്‍നാമ്പ് എന്നുള്ളത് കര്‍ഷകന്‍റെ സ്വപ്നങ്ങളെ പ്രതിനിധീകരിക്കാം. വെള്ളിയാഴച എന്നുള്ളത് പലപ്പോഴും ഹിന്ദു മിത്തോളജി പ്രകാരം വളരെ കഠിനമായ ദിവസമാണ്. വെള്ളി, ചൊവ്വ എന്നീ ദിവസങ്ങളില്‍ പല കാര്യങ്ങളിലും കഠിനത യാണ്. മറ്റ് മതങ്ങളിലും വെള്ളി പ്രത്യേകത ഉള്ളതാണ്. താങ്കള്‍ക്കും അറിവുള്ളതായിരിക്കും. താങ്കള്‍ വെള്ളിയാഴച് പ്രാര്‍ത്ഥനകളില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നു. ക്രിസ്ത്യാനികളിലും വ്രതാനുഷ്ഠാനങ്ങളില്‍ വെള്ളി വളരെ പ്രത്യേകതയുള്ള ദിവസമാണ്. (ഇതില്‍ ചിലപ്പോള്‍ എതിര്‍ അഭിപ്രായമുണ്ടാകാം).

3. ചേന്നന്‍റെ കണ്ടത്തില്‍
മണ്ണിരകളുടെ വെളുത്ത ഭൂപടം. വെളുത്ത ഭൂപടം കൊണ്ടുദ്ദേശിക്കുന്നതെന്താണ് ?

ചേന്നന്‍ എന്നാല്‍ കര്‍ഷകന്‍റെ പ്രതീകമാണ്. അവന്‍ പണ്ട് ചെയ്തിരുന്നത് നാട്ടിലെ പച്ചില വളവും ഒപ്പം മണ്ണിരകളുടെ കമ്പോസ്റ്റ് വളവും ഒക്കെ യാണ്. ഇന്നൊ? അന്യ് ദേശക്കാരുടെ രാസവളങ്ങള്‍ അവന്‍ ഉപയോഗിക്കുന്നു. അതുകൊണ്ട് അവന്‍റെ മണ്ണില്‍ ഉല്പാദനം ഇല്ലാതെ മണ്ണ് മരിക്കുന്നു. വിഷമുപയോഗിക്കുന്നതു കൊണ്ട് മരിച്ച വയലുകളില്‍ മണ്ണീരകള്‍ ഉണ്ടാകുന്നില്ല. ഒപ്പം അവന് കൂട്ട് ദാരിദ്ര്യവും പട്ടിണിയും മാത്രം. വെളുപ്പ് എന്നുള്ളത് നിരാശയുടെ അല്ലെങ്കില്‍ മരവിപ്പിന്‍റെ പ്രതീകമായി കാണാം.

4. വായപയുടെ ആധാരം പണയം വച്ചു
രാഷ്ട്രീയക്കാരന്‍. ഈ വായപയുടെ ആധാരം എന്നു പറഞ്ഞാലെന്താണ് ?

വായ്പയുടെ ആധാരം എന്നുകൊണ്ട് ഉദ്ദേശിക്കുന്നത് കര്‍ഷകന്‍ അവന്‍റെ സ്വപ്നങ്ങള്‍ പണയം വച്ച് ബാങ്കില്‍ നിന്ന് വായ്പയെടുക്കുന്നു. സര്‍ക്കാര്‍ ആ വായ്പയുടെ ആധാരം എ.ഡി. ബി. പോലുള്ള സ്ഥാപനങ്ങളില്‍ പണയം വയ്ക്കുന്നു.

5. കതിരില്‍ ഇര വച്ച്
കൊറ്റി കാത്തിരിന്നു. കൊറ്റി ഇര വച്ച് കാത്തിരിക്കുമോ?

ഇവിടെ ആരണ് കൊറ്റി എന്ന് താങ്കള്‍ക്ക് മനസ്സിയായൊ? എങ്കില്‍ അത്തരം കൊറ്റികള്‍ ഇരപിടിക്കുന്നതിനായ് കൊഴിഞ്ഞ ഇലകളില്‍, കൊഴിഞ്ഞ സ്വപ്നങ്ങളില്‍‍ പ്രതീക്ഷകള്‍ വച്ച് കാത്തിരിക്കുന്നു. ഇന്നല്ലെങ്കില്‍ നാളെ തനിക്ക് ഈ കണ്ടത്തിലെ മുഴുത്ത മീനിനെ പിടിക്കാം എന്നും പ്രതീക്ഷിച്ച്.

 
At 4:17 PM, Blogger വല്യമ്മായി said...

കവിത വാ‍യിച്ചു.ആദ്യവായനയില്‍ ആദ്യത്തെ പാരഗ്രാഫ് മാത്രമേ കത്തിയുള്ളൂ.ഒരു പുനര്‍വായനക്കായി തുറന്നപ്പോഴാണ് ഇക്കാസിന്റെ കമന്റും താങ്കളുടെ മറുപടിയും കണ്ടത്.പക്ഷെ അങ്ങനെയൊരു മറുപടിയിലൂടെ വായങ്ക്കാരുടെ ആസ്വാദന സ്വാതന്ത്ര്യത്തിന് ഒരു അതിര്‍ വരമ്പിടുകയല്ലേ ചെയ്തത്.

അത് ഇനി ഈ കവിത വായിക്കുന്നവരെ ബാധിക്കില്ലേ.

 
At 4:19 PM, Blogger വല്യമ്മായി said...

പറയാന്‍ മറന്നു.കാലികപ്രസക്തമായ കവിത

 
At 4:24 PM, Blogger രാജു ഇരിങ്ങല്‍ said...

വല്യമ്മായി പറഞ്ഞതു തികച്ചും ശരിയാണ്. ഞാന്‍ ഉദ്ദേശിച്ചത് പലര്‍ക്കും മനസ്സിലായില്ലെന്ന് ഇക്കാസിന്‍റെ കമന്‍ റില്‍ നിന്ന് വ്യക്തമായിരുന്നു. അതു കൊണ്ട് ഞാന്‍ ഇ-മെയില്‍ കൂടി അദ്ദേഹത്തിന് മറു പടി കൊടുത്തു. പിന്നെ ഒന്നും ആലോചിക്കാതെ ഇവിടെ ഞാന്‍ തന്നെ ഇടുകയും ചെയ്തു. എന്തായാലും ചെയ്തു പോയില്ലേ..
ഇനി പുതിയ അര്‍ത്ഥങ്ങള്‍ ആരെങ്കിലും കണ്ടെടുത്താല്‍ അതൊരു മാറ്റത്തിന് വഴിതെളിച്ചേക്കാം.

 
At 7:46 PM, Blogger തറവാടി said...

ഇക്കാസ് ചോദ്യം ചോദിച്ചത്കൊണ്ടും , താങ്കള്‍ ഉത്തരം പറഞ്ഞത് കൊണ്ടും എനിക്കും മനസ്സിലായി ,
അല്ലെങ്കില്‍ ഞാന്‍ പന്തംകണ്ട പെരിച്ചഴിയെപ്പോലെ അന്തം വിട്ടേനെ!

 
At 11:26 AM, Blogger രാജു ഇരിങ്ങല്‍ said...

അപ്പോള്‍ ഇപ്പോ എങ്ങിനെയാ തറവാടീ നില്‍ക്കുന്നത്? പെരിച്ചാഴിയെ പോലെയൊ അതൊ കൊറ്റിയെ പോലെയൊ? (തമാശയാണേ...)
എന്തായാലും വായിച്ചുവെന്നറിയുന്നതില്‍ സന്തോഷം.

 
At 1:30 PM, Blogger Sul | സുല്‍ said...

കവിത വായിച്ചു.
പിന്നെ ഇക്കാസിന്റെ കമെന്റും അതിനുള്ള മറുപടിയും, എല്ലാം കൂടി അടിപൊളി.

ഓടാം : ഇനി തറവാടി കവിതയെഴുതുമോ ആവോ. കവിതയെഴുതാനുള്ള ആ‘നേക്ക്’ പിടികിട്ടി എന്നു പറഞ്ഞുള്ള ആചിരി കണ്ടൊ. ഗൊച്ചുഗള്ളന്‍.

-സുല്‍

 
At 1:39 PM, Blogger ഇത്തിരിവെട്ടം|Ithiri said...

ഇരിങ്ങല്‍ജീ നല്ല കവിത.

 
At 2:03 PM, Blogger Physel said...

രാജുവേ....നേരത്തെ വായിച്ചിരുന്നു ഇത്. പക്ഷെ സത്യമായും ഇക്കാസിനു വന്നു പെട്ടപോലെയുള്ളൊരു കണ്‍ഫ്യൂഷന്‍ കാരണം വിട്ടു. വിശദീകരണം ദാ ഇപ്പോ കണ്ടു. ഒരു കവിതയിലെ പ്രതിപാദ്യ വിഷയവും പിന്നെ അതിലെ വാക്യാര്‍ഥങ്ങളും ബിംബ കല്പനകളും ഒക്കെ കവി തന്നെ അനുവാചകന് വിശദീകരിച്ചു കൊടുക്കേണ്ടി വന്നാല്‍ ആ കവിത പരാജയമായി എന്നു തന്നെ പറയേണ്ടീ വരുമല്ലോ? ഉമേഷ്ജിയോ, രാജേഷ് വര്‍മ്മയോ അല്ലെങ്കില്‍ പണീക്കര്‍ സാറോ സംസ്കൃതശ്ലോകങ്ങള്‍ക്ക് വ്യാഖ്യാനം നല്‍കുന്നത് പോലെ മലയാളത്തിലെഴുതിയ ഒരു കവിതയ്ക്ക് മലയാളി വായനക്കരന് വിശദീകരിച്ചു കൊടുക്കേണ്ടി വന്നത് ഒരു കവിയുടെ ദുരന്തമായിക്കാണുന്നു. അതൊരു പക്ഷേ വായനക്കാരന്‍ കവിതയുടെ നിലവാരത്തിലെത്താത്തത് കൊണ്ടായിരുന്നെങ്കില്‍ പോലും!

 
At 1:49 PM, Blogger ittimalu said...

This comment has been removed by a blog administrator.

 
At 1:49 PM, Blogger ittimalu said...

അവസാനം ഇരിങ്ങലും എന്റെ ഗതിയില്‍ ആയല്ലെ.. ഈ കവിതയുടെ അര്‍ത്ഥം പറഞ്ഞു കൊടുത്ത് വായിപ്പിക്കേണ്ട അവസ്ഥയില്‍ ... സാരമില്ല.. പണ്ടൊക്കെ ദൈവം പിന്നെ പിന്നെ.. ഇപ്പൊ ദൈവം അപ്പൊ അപ്പൊ... എന്നാലും ആ വിശദീകരണം എനിക്ക് "ക്ഷ" പിടിച്ചു ..

 
At 1:51 PM, Blogger രാജു ഇരിങ്ങല്‍ said...

ഫൈസലേ..,
കവിത വായിച്ചതിന് നന്ദി.
എങ്കിലും താങ്കളുടെ കമന്‍ റിയില്‍ ചെറിയൊരു വിയോജനകുറിപ്പ് രേഖപ്പെടുത്താന്‍ ആഗ്രഹിക്കുന്നു.

“ സംസ്കൃതശ്ലോകങ്ങള്‍ക്ക് വ്യാഖ്യാനം നല്‍കുന്നത് പോലെ മലയാളത്തിലെഴുതിയ ഒരു കവിതയ്ക്ക് മലയാളി വായനക്കരന് വിശദീകരിച്ചു കൊടുക്കേണ്ടി വന്നത് ഒരു കവിയുടെ ദുരന്തമായിക്കാണുന്നു”.

മുകളില്‍ പറഞ്ഞത് പൂര്‍ണ്ണമായും അല്ലാതെയും അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. എന്നാല്‍ താങ്കളുടെ Intension അംഗീകരിക്കുകയും ചെയ്യുന്നു.

കവിയുടെ ദുരന്തം എന്നത് കവിതയുടെ പരാജയം എന്നു പറഞ്ഞാല്‍ ഒരുപരിധിവരെ അംഗീകരിക്കാം. മാത്രമല്ല വാദത്തിന് ഞാന്‍ എഴുതിയത് മനസ്സിലാകാത്തത് എന്‍റെ കുറ്റമല്ല അത് വായനക്കാരന്‍റെതാണെന്ന് എനിക്ക് പറയാന്‍ പറ്റും. കവി ചിന്തിച്ച അത്ര ഉയരത്തില്‍ ചിന്തിക്കാന്‍ വായനക്കാരന്‍ പാകമായില്ല എന്നു വേണം കരുതാന്‍.

എന്നാല്‍ ഞാന്‍ അങ്ങിനെ പറയുന്നില്ല. കാരണം വായനക്കാരന്‍ പാകമായില്ലെങ്കില്‍ വായനക്കാരന് വേണ്ടതു മാത്രം കൊടുത്താല്‍ മതി എന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു. അതു കൊണ്ടു വായനക്കാരന്‍റെ പക്ഷത്തു നില്‍ക്കുമ്പോള്‍ കവിത പരാജയമാകുന്നുവെന്ന് ഞാന്‍ പറയും. എന്നാല്‍ കവി എന്ന നിലയില്‍ പ്രത്യേക മാറ്റങ്ങളൊന്നും ഈ കവിത കൊണ്ട് എഴുത്തുകാരന് ഉണ്ടാകുന്നില്ല. അതു കൊണ്ട് ദുരന്തമായി കാണാനും കഴിയുന്നില്ല.

സംസ്കൃത ശ്ലോകങ്ങള്‍ക്ക് അര്‍ത്ഥം പറഞ്ഞു കൊടുക്കുന്നവര്‍ എന്നുള്ളതും യോജിക്കാന്‍ ബുദ്ധിമുട്ടുണ്ട്. മലയാളം എല്ലാവര്‍ക്കും അത്ര സുപരിചതമാണെങ്കിലും അത് വിശദീകരിക്കേണ്ട ചില അവസരങ്ങള്‍ ഉണ്ട്. അതു കൊണ്ടു കൂടിയാണ് യൂനിവേഴ്സിറ്റികളിലും സ്കൂളിലും കുട്ടികള്‍ക്ക് മഹാന്‍ മാരുടെ കൃതികള്‍ പാഠ്യ വിഷയമാകുന്നത്. എല്ലാവര്‍ക്കും എല്ലാം സുവ്യക്തമാകുമെങ്കില്‍ അവിടെ മലയാള അദ്ധ്യാപകന്‍റെ ആവശ്യമില്ലല്ലൊ. ഇവിടെ കവിതന്നെ വിശദീകരിക്കുന്നുവെന്നാണ് കൂട്ടുകാരനായ ഫൈസലിന്‍റെ വിശദീകരണം അത് അംഗീകരിക്കാം. എന്നാല്‍ അതിന് ആസ്വാദ്യത കുറയും എന്നല്ലാതെ അതൊരു ദോഷമായി കാണുന്നില്ല.

ഇവിടെ പല നല്ല കവിതകള്‍ക്കും ആരും തന്നെ ആസ്വാദന കുറിപ്പ് ഒരിക്കലും എഴുതികണ്ടിട്ടില്ല. ഒന്നുകില്‍ ‘കൊള്ളാം’ അല്ലെങ്കില്‍ ‘ഭേഷ്’ എന്നിങ്ങനെയാണ് ബ്ലോഗ് രീതി.

അതിന് മാറ്റമുണ്ടാക്കണമെങ്കില്‍ താങ്കളെപ്പോലുള്ള, ഇക്കാസിനെ പോലുള്ള സുമനസ്സുകള്‍ തന്നെ വേണം.

ലാപുടയുടെയും വിത്സന്‍ റെയും അതുപോലെ നല്ല കവിത എഴുതുന്ന ഒട്ടനവധി ബ്ലോഗിലൊന്നും തന്നെ നല്ലതെന്നൊ ചീത്തയെന്നൊ അല്ലാതെ എന്തു കൊണ്ട് നല്ലത്, എന്തു കൊണ്ട് മോശം എന്ന് എഴുതികാണുന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്ന് ഞാന്‍ പറയാതെ തന്നെ താങ്കള്‍ക്ക് അറിയാമല്ലൊ.

ഇതൊക്കെ ആണെങ്കിലും താങ്കള്‍ വന്നതിലും വായിച്ചതിലും കമന്‍ റിയതിലും ഉള്ള എന്‍റെ നന്ദി അറിയിക്കുന്നു. താ‍ങ്കള്‍ക്ക് ക്ഷേമം തന്നെയെന്നു കരുതുകയും ചെയ്യുന്നു.

ഒപ്പം കവിത വായിച്ച് അഭിപ്രായം പറയാത്ത എല്ലാവര്‍ക്കും അഭിപ്രായം പറഞ്ഞ തറവാടി, സുല്‍, ഇത്തിരിവെട്ടം, വല്യമ്മായി എന്നിവര്‍ക്കും നന്ദി അറിയിക്കുന്നു.

 
At 1:58 PM, Blogger രാജു ഇരിങ്ങല്‍ said...

ഇട്ടിമാളുവിന്‍റെ കമന്‍ റ് ദാ ഇപ്പോള്‍ കണ്ടതേ ഉള്ളൂ.
താങ്കളുടെ കവിത വളരെ മനോഹരമായതിനാല്‍ തന്നെയാണ് പലപ്പോഴും ആവേശത്തോടെ കമന്‍ റാറുള്ളത്. ഞാന്‍ എന്നാല്‍ കവിയൊന്നുമല്ല മാളൂ. ചിലപ്പോള്‍ കുത്തിക്കുറിക്കും എന്നു മാത്രം. അതിനെ വിളിക്കാനുള്ള സൌകര്യത്തിന്‍ കവിത എന്നു വിളിക്കും അത്രമാത്രം.
ദൈവം പിന്നെ പിന്നെ എന്നുള്ളത് എനിക്ക് ഇഷ്ടമായി.
എന്തോ ഞാന്‍ ഒരിക്കലും മോശം ഉദ്ദേശത്തോടെ താങ്കളുടെ കവിതയെ സമീപിച്ചിട്ടില്ല.
വന്നതിന് നന്ദി. നമസ്കാരം.

 
At 2:12 PM, Blogger പി. ശിവപ്രസാദ് said...

തോന്നുംപടി തന്നെ എഴുതുക. ദുര്‍ഗ്രാഹ്യതയുടെ സന്ദര്‍ഭങ്ങള്‍ പരമാവധി കുറയ്ക്കുന്നത്‌ നന്നാവും. എന്നാല്‍, എഴുതിക്കഴിഞ്ഞ വരികള്‍ വെട്ടിവെട്ടി മുന്നേറുക വളരെ ശ്രമകരവും വേദനാജനകവുമാണെന്ന്‌ പല എഴുത്തുകാര്‍ക്കും അറിയാം. അപ്പോള്‍ കവിക്കുള്ളില്‍ ഒരു എഡിറ്റര്‍ വേണ്ടിവരുന്നു. ചിലപ്പോള്‍ അതിന്‌ കഴിയാത്തത്‌ കവിയുടെ കുഴപ്പമല്ല. പിന്നെ... "ആസ്വാദകരേ ഇതാ എന്റെ വിഭവം. നിങ്ങള്‍ രുചിക്കൂ" എന്ന്‌ പറഞ്ഞ്‌ കവികള്‍ക്ക്‌ തലയൂരാം. അതിസാരമോ... തലകറക്കമോ ഉണ്ടായാല്‍ കവിക്കെതിരെ കേസ്‌ കൊടുക്കാന്‍ ആരും പോവരുതെന്നു മാത്രം അഭ്യര്‍ഥന. ഇത്‌ കവിതയുടെ ഒരു സാര്‍വകാലിക പ്രശ്നമാണ്‌ വായനക്കാരേ; ആസ്വാദനത്തിന്റെയും.

 
At 2:39 PM, Blogger Physel said...

രാജു ക്ഷമിക്കണം കവിയുടെ ദുരന്തം എന്നല്ല പറഞ്ഞുവന്നത്...കവിതയുടെ ദുരന്തം എന്നാണ്. ഇപ്പഴാ അതു നോക്കിയെ! ഈ കവിത എനിക്കു (പലര്‍ക്കും) മനസ്സിലായില്ല എന്നുവെച്ച് അത് കവിയുടെയല്ല മറിച്ച് കവിതയുടെ ദുരന്തമേ ആവുന്നുള്ളൂ. പിന്നെ കവിത കോളേജ് തലത്തിലെങ്കിലും ഇന്നത്തെ രീതിയില്‍ പഠിപ്പിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല! ചെറിയ ക്ലാസില്‍ കുമാരനാശാന്റെ കരുണയും എഴുത്തഛന്റെ കിളിപ്പാട്ടും പൂന്താനം കൃതികളുമൊക്കെ പഠിപ്പിക്കുമ്പോള്‍ അദ്ധ്യാപകന്‍ നിര്‍ബന്ധമല്ലേ. പക്ഷേ ഒരു തലം കഴിഞ്ഞാല്‍ പിന്നെ അതിന്റെ ആവശ്യം വരുന്നില്ല. മലയാളം കവിതയുടെ കാര്യത്തീലെങ്കിലും! ഒരു ഗൈഡന്‍സ് മാത്രം മതിയാവും. കവിത അനുവാചകനോട് നേരിട്ട് സംവദിക്കണം എന്നു തന്നെയാണ് എന്റെ പക്ഷം. അതിന്‌ എന്റെ വായനാശീലവും, അനുഭവങ്ങളും ഭാവനയും മുന്‍ നിര്‍ത്തി എനിക്കു ഭാഷ്യങ്ങള്‍ ഒരുക്കാം. എങ്കിലും കവിത വായിക്കുമ്പോള്‍ എന്നോടത് കമ്യൂണിക്കേറ്റ് ചെയ്തേ പറ്റൂ. ഞാനെന്ന വായനക്കാരനില്‍ എനിക്കു വിശ്വാസമുള്ളിടത്തോളം ദുര്‍ഗ്രാഹ്യമായ കവിതകള്‍ അംഗീകരിക്കാനുള്ള ഒരു വിഷമം... അത്രേയുള്ളൂ.

കുറച്ചു ദിവസം ഇല്ലായിരുന്നു. ആയതിനാല്‍ രാജുവിനും കുടുംബത്തിനും താമസിച്ചെങ്കിലും പുതുവത്സരാശംസകള്‍....

 
At 2:47 PM, Anonymous Sreejith::ശ്രീജിത്ത് കെ said...

ആര്‍ക്കും കവിത എഴുതാം പക്ഷെ ഇത്തരം ഒരു എക്സ്പ്ലനേഷന്‍ രാജൂന് മാത്രമേ പറ്റൂ.

 
At 3:05 PM, Blogger രാജു ഇരിങ്ങല്‍ said...

ക്ഷമ ചോദിക്കാന്‍ ഫൈസല്‍ എന്തു തെറ്റാ ചെയ്തത്. ഒന്നൂല്ല. ഫൈസലിന്‍റെ വായനയിലെ വിഷമം എനിക്ക് വ്യക്തമായിരുന്നു. അതുപോലെ പലരു‍ടേയും. എന്നിട്ടും ഞാന്‍ പിടിച്ചു നില്‍ക്കുന്നില്ലേ...(ഇട്ടിമാളു പറഞ്ഞതു പോലെ ദൈവം അപ്പൊ അപ്പോ എന്ന്.

കവിത ഞാന്‍ എന്‍റെ നിലവാരം വച്ച് എഴുതിയപ്പോള്‍ അങ്ങിനെയൊക്കെ ആയിപ്പോയി ഫൈസലേ എന്തു ചെയ്യാം. പണ്ടാരോ ബ്ലോഗില്‍ പറഞ്ഞിട്ടുണ്ട് ‘ഇരിങ്ങലിന്‍ കവിത്വം’ ഇല്ല എന്ന്.

ഞാനും കുറച്ച് ദിവസം ഉണ്ടായില്ല കൃത്യമായി പറഞ്ഞാല്‍ 9 ദിവസം ലീവായിരുന്നു. അതിനിടയില്‍ ബ്ലോഗ് ലോകത്തെ 2 പേരെ കാണുവാന്‍ സാധിച്ചു. സാക്ഷി, പിന്നെ കെ. വി.
ഫൈസലിലും കുടുംബത്തിനും ഐശ്വരയ സമ്പൂര്‍ണ്ണമായ പുതുവത്സരാശംസകള്‍.

ശ്രീജിത്തെ... എന്തൊക്കെ ഉണ്ട് വിശേഷങ്ങള്‍??

 
At 3:14 PM, Blogger അതുല്യ said...

രാജുവേ..

ഒന്നുകില്‍ കവിത എഴുതുക
അല്ലെങ്കില്‍ ഇതിന്റെ മീനിഗ്‌ മാത്രം എഴുതി ഉപന്യാസം ആക്കുക. എല്ലാരും കൂടി മനസ്സിലായില്ലാ മനസ്സല്ലായില്ല്യാ ന്ന് പറയുമ്പോ അത്‌ തര്‍ജിയ്കാന്‍ നിന്നാ, തമാശ പറഞ്ഞിട്ട്‌ ആശയം വിശദമാക്കൂ എന്ന് കേള്‍ക്കുന്ന ഒരാളുടെ റോളാവും രാജുവിനു. ഈക്കണ്ട കവിതയൊക്കെ അടിച്ചിറക്കിട്ട്‌ അതിനൊക്കെ അവരൊക്കെ ഖണ്ടശ്ശ്‌ തിരിച്ച്‌ അര്‍ഥം നമ്മളേ കേള്‍പ്പിയ്കാന്‍ തുടങ്ങിയാ എവിടാ നമ്മളു അറ്റം കാണുക?

 
At 3:34 PM, Blogger ദില്‍ബാസുരന്‍ said...

പല കവിതയും കണ്ടിട്ടുണ്ട് മനസ്സിലാവാത്തതായി. ഇതും കണ്ടപ്പോള്‍ എനിയ്ക്ക് മനസ്സിലാക്കാന്‍ പറ്റാത്ത എന്തോ ആശയമാണെന്ന് കരുതി കമന്റിടാഞ്ഞതാണ്.പിന്നെ ഇക്കാസിനുള്ള മറുപടി വായിച്ചപ്പോളാണ് ഈ സംഭവമാണോ എനിയ്ക്ക് മനസ്സിലാവാതെ പോയത് എന്ന് ഞാന്‍ വിചാരിച്ചത്.

കുഴപ്പം എന്റേത് മാത്രമാണ്. ആശയം വരികള്‍ വായിച്ചാല്‍ മനസ്സിലാവുമെന്ന് കരുതിയ ഞാന്‍ തന്നെ മണ്ടന്‍. ആസ്വാദനത്തിന്റെ നിലവാരത്തില്‍ കവിയോളമുയരാത്ത ഒരുവനേ വരികളില്‍ ആശയം തപ്പൂ.
കവിതാസ്വാദനത്തില്‍ എന്റെ സ്ഥാനം മരിയാനാ ട്രെഞ്ചിലും താഴെയാണെന്ന് ആ വെള്ളിയാഴ്ചയുടേയും വെള്ള ഭൂപടത്തിന്റേയും അര്‍ത്ഥങ്ങള്‍ പഠിപ്പിച്ചു.

പോട്ടെ അടുത്ത കവിതയില്‍ നോക്കാം ഇനി.

 
At 10:25 PM, Blogger raa said...

ഇരിങ്ങലിനൊരായിരം നന്ദി.
കവിതക്കും കവിതയുടെ ആശയം പറഞ്ഞു തന്നതിനും
എന്നെപ്പൊലെ വായനാശീലമൊക്കെ കുറഞ്ഞവര്‍ക്കു ഇതൊക്കെ ശരിക്കും പറഞ്ഞാല്‍ ഓരൊ സ്റ്റ്ഡി ക്ലാസാണ്. ഇക്കാര്യത്തില്‍ എല്‍ പി സ്കൂളില്‍ പഡിക്കുന്ന എനിക്കു ഒരു ഡിഗ്രിയൊക്കെ എടുക്കണമെന്നു മോഹമുണ്ടു. അതൊക്കെ സാവധാനം സാധീക്കുമെന്നു തോന്നുന്നു.

സ്ക്കൂളില്‍ മലയാളത്തിനു പകരം സംസ്ക്രിതം എടുത്തതിന്റെ പ്രശ്നമാകം.. ഇതിപ്പൊ വീട്ടിന്നാട്ടെ എറങ്ങി പുറപ്പെടേം ചെയ്തു അമ്മാത്തൊട്ടു എത്തീമില്ല എന്ന സ്തിതിയായി..

ഇനിയും ഇതുപോലുള്ള കവിതകളും വിശദീകരണങ്ങളു പ്രതീക്ഷിച്ചുകൊള്ളട്ടെ..

രാജേഷ്

 
At 8:55 AM, Blogger NERD WALLET said...

നിങ്ങൾ ഒരു പലിശ നിരക്ക് വായ്പ ആവശ്യമുണ്ടോ? .................................................................................................................................................................................................................................................................
ഹലോ
ഞാൻ സാമ്പത്തികമായി ഇറങ്ങി ആളുകളുടെ വ്യക്തികളും കമ്പനികളും വിഭാഗങ്ങൾ വായ്പ അർപ്പിച്ചു 2% പലിശ നിരക്ക് വായ്പ നൽകുന്ന ഒരു സ്വകാര്യ വായ്പാ ബാങ്കായ ശ്രീ ടിം ചെൻ ആകുന്നു. നിങ്ങളുടെ വാതിൽ പടിയിലും സാമ്പത്തിക അവസരമാകുന്നു. ഞങ്ങളോടൊപ്പം വായ്പാ പെട്ടെന്നുള്ള കാഴ്ച നേടുക. അവിടെ നിരവധി ഫണ്ടിംഗ് അവസരങ്ങൾ, എല്ലാ വശങ്ങളിലും സഹായിക്കുന്നതിനുള്ള ഇപ്പോഴും കൗണ്ടിംഗ്. ഇത് പോരാൻ ഒരു സാമ്പത്തിക അവസരം, കൂടാതെ നിങ്ങൾ സാമ്പത്തിക സഹായം ആവശ്യമുണ്ടോ? നിങ്ങൾ നിങ്ങളുടെ ബിസിനസ് വിപുലീകരിക്കുക ഒരു വായ്പ ആവശ്യമാണോ? നിങ്ങൾ ഒരു വലിയ സ്കെയിലിൽ ഒരു ബിസിനസ് തുടങ്ങാൻ വായ്പ ആവശ്യമാണോ? നിങ്ങളുടെ ജീവിതവും നിങ്ങളുടെ നിലവിലെ സാമ്പത്തിക നില മാറ്റാൻ കഴിയുന്ന ഒരു വായ്പ ആവശ്യമുണ്ടോ? നിങ്ങൾ ശരിയായ സ്ഥലത്ത് കാര്യങ്ങൾ കൊല്ലുന്നതും അടിയന്തിരമായി വായ്പ ആവശ്യമുണ്ടോ? നിങ്ങളുടെ വായ്പ നിങ്ങളുടെ സ്വപ്നം വാതിൽ ഘട്ടം ഇന്നത്തെ ഫലമായി കൂടുതൽ അന്വേഷിക്കേണ്ടതില്ല. സേവനം വ്യക്തികൾക്കും ബിസിനസുകൾ, ബിസിനസ് മനുഷ്യർക്കും വകയിരുത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് $ 1,000.00 അമേരിക്കൻ ഡോളർ 500,000,000.00 വരെയാണ് ലഭ്യമായ ക്രെഡിറ്റ് അളവിലോ ഞാൻ പദ്ധതി, ബിസിനസ്, നികുതി, ബില്ലുകൾ, മറ്റനേകം കാരണങ്ങളാൽ വായ്പ നൽകരുതെന്ന് താങ്കളുടെ ഞങ്ങളുടെ വായ്പ സെൻസർ എളുപ്പത്തിൽ * ആകുന്നു *

ബ്ലോഗ് ഞങ്ങളെ ബന്ധപ്പെടുക: walletnerd@gmail.com

വെബ്സൈറ്റ്: www.nerdwallet.com/...loans/cheap-personal-loans/

വായ്പാ അഭ്യർത്ഥിക്കുക ================================
പേര്: ...................
രണ്ടാം പേര്: ..................
കോണ്ടാക്ട് വിലാസം: .................
രാജ്യം: ...................
പ്രായം: ..........................
സെക്സ്: ....................
ഫോൺ നമ്പർ: ..............
നില: .................
തൊഴില്: ...............
സ്ഥാനം: .................
നിങ്ങളുടെ മുമ്പിൽ വായ്പ അപേക്ഷിച്ചിരിക്കുന്നു.ഏതാണ്ട്: ............
നിങ്ങൾ ഇംഗ്ലീഷ് മനസ്സിലാക്കാൻ:
പ്രതിമാസ വരുമാനം: ..............
വായ്പാ തുക: .................
വായ്പയ്ക്കു ഉദ്ദേശ്യം: ...............
കാലയളവ്: ....................

 

Post a Comment

Links to this post:

Create a Link

<< Home