ഞാന്‍ ഇരിങ്ങല്‍

Sunday, February 25, 2007

വാതിലുകളില്ലാത്ത വീട്

അയാള്‍ നാടോടിയായിരുന്നു
വീട്ടിലിരിക്കുകയൊ
വീട്ടുവര്‍ത്തമാനങ്ങള്‍ പറയുകയോ

ചെയ്യാത്ത അയാള്‍
ഒരിക്കലൊരു വീടു വച്ചു.

അമര്‍ത്തിയിട്ടും
അമര്‍ത്തിയിട്ടും
കയറാത്ത പൂട്ടിന്‍റെ പഴുതുകളോട്
കെറുവിച്ചാണ് അയാള്‍
വാതിലുകളില്ലാത്ത വീടു വച്ചത്
വീടുകളെല്ലാം പൂട്ടി വയ്ക്കാനുള്ളതാണെന്ന്
എല്ലാ വീട്ടുകാരും
എല്ലാ കടക്കാരും അയാളോട്
തര്‍ക്കിച്ചു.

എല്ലാം തുറന്നു വയ്ക്കാനുള്ള
ഒരു പൌരന്‍റെ അവകാശം
പകല് പോലെ തെളിഞ്ഞതും
ഇരുട്ടു പോലെ കറുത്തതുമാണ്.


വിവിധ അളവിലുള്ള
ഒന്നിലധികം ചതുരവടികള്‍
പഴുതുകളോട് കൂട്ടം കൂടുന്നത്
എപ്പോഴും അയാളെ ഭയപ്പെടുത്തി.

പലതരത്തിലുള്ള താക്കോല്‍ കൂട്ടങ്ങള്‍
എടുക്കുമ്പോഴും വയ്ക്കുമ്പോഴും
അയാളുടെ കൈ വിറച്ചു.
താക്കോല്‍ കൂട്ടങ്ങളുടെ അനാ‍വശ്യകതയെ കുറിച്ച്
പുസ്തകമെഴുതി.

പൂട്ടുകളിലാത്ത വീടായതിനാല്‍
കള്ളന്‍മാര്‍ വന്നതേയില്ല
അതു കൊണ്ടാ‍വണം
അമ്മൂമ്മയുടെ തകരപ്പെട്ടി
എന്നും അടഞ്ഞു തന്നെ കിടന്നു.
അല്ലെങ്കില്‍
അതിനകത്തെ പാരമ്പര്യ സ്വത്തുക്കളൊക്കെയും
കള്ളന്‍മാര്‍ കൊണ്ടു പോയേനെ.

പ്രായമേറി
വീട്ടില്‍ കിടപ്പു തുടങ്ങിയപ്പോഴാണ്
കണ്ടന്‍ പൂച്ചയും കുഞ്ഞുങ്ങളും
വീടിന്‍റെ നാനാവിധങ്ങളിലും
ഉണക്കി വച്ച നെല്ലിന്‍ ചാക്കുകളിലും
മൂത്രമൊഴിച്ചതും
തൂറി വച്ചതും
അയാളുടെ ശ്രദ്ധയില്‍ പെട്ടത്.

എല്ലാം തുറന്നു കിടന്നുവെങ്കിലും
ഒരിക്കലും തുറക്കാനാവാത്ത തകരപ്പെട്ടി
കൊല്ലന്‍ കാണാരന്‍റെ ആലയില്‍
വഴിമുടക്കി നിന്നു.

കൂട്ടങ്ങളായ എല്ലാ താക്കോല്‍ കൂട്ടങ്ങളും
പഴുതിലൂടെ കയറി ഇറങ്ങി
ചിലത് പഴുത് കടന്ന് അകത്തേക്ക്
ചിലത് കയറാനാവാതെ മിഴിച്ചു നിന്നു
ചിലത് കൈയ്യും ശരീരവും വേദനിപ്പിച്ചു
ഓരോ താക്കോലും പഴുതിലൂടെ
പിന്‍ മടങ്ങുന്നത് അയാളെ സന്തോഷിപ്പിച്ചു
അതെങ്കിലും ബാക്കിയാവുമല്ലൊ
നാളേക്ക്..

Labels:

Tuesday, February 20, 2007

പതിവ്രതയുടെ കുമ്പസാരം - കവിത

അലക്കിത്തേച്ച കോറമുണ്ടുടുത്താണ്
അയാള്‍
പെണ്ണ് കാണാന്‍ വന്നത്
അത്തറിന്‍റെ മണമൊ
വെള്ളരിക്കയുടെ സ്വാദൊ
കണ്ണിമാങ്ങയുടെ പുളിപ്പോ
ഉണ്ടായിരുന്നില്ല
അയാളുടെ നോട്ടത്തിന്.
എന്നാലും
ങും.. സമ്മതം മൂളി
ഇടതു കാല്‍ വിരലുകള്‍കൊണ്ട്.

ബീഡിക്കറ പുരണ്ടരാത്രിയില്‍
പടം പൊഴിച്ച്, ഫണം വിരിച്ച്
മൂര്‍ദ്ധാവില്‍ ആഞ്ഞു കൊത്തി
ആദ്യ വിഷസൂചിക.
വിറഞ്ഞ സ്പര്‍ശത്താല്‍ വിത്തിറക്കിയവനേ
നീ
വേനലില്‍ മഴയായിരുന്നു
എന്നാലും...

അടിവയറ്റില്‍
കറുത്ത മറുകില്‍
പുളഞ്ഞ കിനാവുകള്‍
ദുരിത പര്‍വ്വങ്ങളില്‍
നീ രക്ഷകന്‍.

മഞ്ഞ്
ഇറ്റുവീഴുന്ന ഇലപ്പടര്‍പ്പുകളില്‍
പിന്നെയും പിന്നെയും വീഴുന്ന
ജലസ്പര്‍ശനങ്ങള്‍
വയ്യ, കൂട്ടുകാരാ..
എന്‍റെ രാത്രികളെല്ലാം നീ
തിരിച്ചു വാങ്ങുക.

വാക്കുകളില്‍
നിനവുകളില്‍
ഒളിച്ചിരിക്കുന്ന കറുത്ത സത്വങ്ങള്‍
മുള്‍മുരുക്കിലെന്ന പോലെ
ചോരപൊടിയുന്ന കാല്‍മുട്ട്, കൈമുട്ട്.


പ്രീയപ്പെട്ടവനേ..
തിരിച്ചെടുക്കുക
നീ
അരിയിട്ടുവാഴിച്ച കിനാവുകളൊക്കെയും.

കാല്‍ വിരലുകള്‍ കളം വരച്ചത്
ദാരിദ്രത്തിന്‍റെ ക്ഷേത്രപ്പടികളില്‍
കൈയ്യുയര്‍ത്തിയത്, മെയ്യുണര്‍ത്തിയത്
ഘടികാരസൂചികള്‍ ‍
എന്നിട്ടും
നിന്‍റെ ഉഷ്ണമാപിനികളെന്നെ
തണുപ്പിച്ചതേയില്ല.

ഇത് പ്രണയകാലം
മരുഭൂമിയില്‍ വിളവെടുപ്പുത്സവം
കളപ്പൂട്ട്, തേവ്, വിത.

ഉഴവുനിലത്തുനിന്നും
അരിച്ചെടുക്കപ്പെട്ട വിത്ത്
കാഞ്ചന സീത, ഊര്‍മ്മിള
ദ്രുതകീര്‍ത്തി, ശ്രുതകീര്‍ത്തി
വയ്യ, പ്രീയനേ..
തലമുറകളുടെ മാറുപിളര്‍ക്കുമെന്ന്
പ്രവചിച്ച പ്രവാചകമതം
കടലെടുത്തുകൊള്ളട്ടെ.

നിനക്കു മുമ്പില്‍
ഇന്നും തുറക്കപ്പെടാത്ത എന്‍റെ വാതിലുകളില്‍
പാറ്റ, കൂറ, ഉറുമ്പ്
മാറാലക്കുട്ടങ്ങള്‍
കാത്തുവച്ച കണ്ണീര്‍ക്കുടങ്ങളൊക്കെയും
കുടഞ്ഞുകളയുന്നു.
എന്നാലും...
എന്നെ ഉണര്‍ത്താത്ത
മുല്ലമൊട്ടുകളെ ഞെരിച്ചുടയ്ക്കാത്ത
വള്ളിപ്പടര്‍പ്പുകളായ് പടരാത്ത
നിന്‍റെ ബാഹുക്കളില്‍
ഇന്ന്
ആ വെളുത്ത കോറമുണ്ട്.

ഇമയനങ്ങാക്കണ്ണുകളില്‍
തെറിച്ചു നില്‍ക്കുന്ന കോണക വാല്
ചിരിപൊടിയുന്ന എന്‍റെ ചുണ്ടുകളില്‍
പെയ് തൊഴിയുന്ന പ്രണയത്തിന്‍റെ
ചോരയും ചലവും.
ഇനി..

Labels:

Thursday, February 15, 2007

യേശു, ഞാന്‍ പിന്നെ സമരവും

തലമുടി വെട്ടാന്‍ സലൂണില്‍ പോയപ്പോള്‍
കണ്ണാടിയിലൂടെ ഞാന്‍ കണ്ടു
വെള്ളിയാഴചകളിലെ തിരക്കില്‍
കുഴിവീണ ബഞ്ചിന്‍റെ അറ്റത്ത്
തുരുമ്പാണിയില്‍ കൈവയ്ക്കാതെ
ഊഴം കാത്തിരിക്കുന്ന യേശുവിനെ.

നരിബാധിച്ച തലമുടിക്കെട്ട്
ജഡപിടിച്ച താടിരോമങ്ങള്‍
കത്രിക ചിഹ്നത്തിനായ് ദാഹിച്ച്
തിടുക്കത്തില്‍ കസേരയിലേക്ക്
എനിക്കരികില്‍
അക്ഷമനായി യേശു.

ശ്ശീ ശ്ശീ..ശ്ശീ....
കല്ലിന്മേല്‍ കത്തിയുരയുന്ന ശബ്ദം
ദൈവമേ കത്തികൊണ്ട് തലവെട്ടുമൊ അയാളിപ്പോള്‍

എന്‍റെ പേടിയില്‍
മുടിവെട്ടുകാരന്‍ ചിരിച്ചു
സ്വാഭാവികവും ക്രിത്രിമമില്ലാത്തതുമായ ചിരി.

കത്രികയുടെ ഇടവും വലവും
കൈവഴികള്‍
യേശുവിന്‍റെ തലയും മുഖവും
കയറി ഇറങ്ങി

ചോരവാര്‍ന്ന് ഉണങ്ങിയ
കുരിശു ചുമന്ന ചുമലില്‍,
ചങ്കില്‍ മുടിവെട്ടുകാരന്‍ ഇക്കിളിയിട്ടു.

ചുക്കി ചുരുങ്ങി കരുവാളിച്ച
ഉണങ്ങിയ ശരീരത്തില്‍
മുടിവെട്ടുകാരന്‍ തഴുകിയപ്പോള്‍
രകതക്കുഴലുകളില്‍
ഹി ഹി ..ശബ്ദം മുറുകിയുണര്‍ന്നു.

കാലവും ദേശവും കടന്ന്
യേശുവിന് മുമ്പും ശേഷവും
മഴ പെയ്യിച്ചു.

കറുത്ത പിഞ്ഞിയ കോട്ടില്‍ നിന്ന്
വിഗ്ഗ് തലയിലുറപ്പിച്ച്
പോക്കറ്റില്‍ നിന്ന് മീശ ഇളകതെ ഒട്ടിച്ച്
എന്നെ നോക്കി ചിരിച്ച്
തിരക്കുകള്‍ നിറഞ്ഞ
സമര പാതയിലേക്കിറങ്ങി നടന്നു.

Labels:

Monday, February 12, 2007

പത്രാധിപരുടെ കത്ത് - കവിത

പ്രത്രാധിപര്‍
‍കവിത ചോദിച്ച് കത്തകളയച്ചുകൊണ്ടിരിന്നു
ഇല്ലെന്ന് പറയാന്‍ മടിയായതിനാ‍ല്‍
കുപ്പിയില്‍ രക്തം അയച്ചു കൊടുത്തു.

പത്രാധിപര്‍
കഥ വേണമെന്ന് പറഞ്ഞപ്പോള്

‍ഇല്ലെന്ന് പറയാന്‍ മടിച്ച്
മനസ്സില്‍ നിന്ന് ഭാര്യയെ അയച്ചു കൊടുത്തു.

പത്രാധിപര്‍
‍കടങ്കഥയും ഉണ്ണിക്കവിതകളും വേണമെന്ന് പറഞ്ഞു
ഇല്ലെന്ന് പറയാന്‍ മടിച്ച്
ബാക്കിയായ മകനെയും മകളെയും കൊടുത്തു.

ജീവിതം വേണമെന്ന് ചോദിക്കുവാന്‍
ഞാനുണ്ടായിരുന്നില്ല

ചോദിക്കാതെ തന്നെ
അടുത്ത ദിവസത്തെ പത്രത്തില്

‍വെണ്ടയ്ക്കാ വലിപ്പത്തില്‍
പത്രാധിപര്‍ അച്ചു നിരത്തി.
അന്തരിച്ചു.

Labels:

Wednesday, February 07, 2007

ആളൊഴിഞ്ഞ വീട് - കവിത

അമ്മ
കഥ പറഞ്ഞു തുടരുമ്പോള്‍
നീ ഉറങ്ങി
കഥയുടെ പാലം കടന്ന്
കുറുംതോട്ടിലെ കുഞ്ഞു മീനുകള്‍ക്ക്
ഇരയിടുകയും
മുങ്ങാം കുഴിയിടുകയും ചെയ്ത് തുടങ്ങിയിരുന്നു.

അമ്മ

കവിത പാടി ഉറക്കുമ്പോള്‍
നീ സ്വപ്നം കാണുകയായിരുന്നു.
ആകാശത്തെ അമ്പിളിയെ കൂട്ടുവിളിച്ച്
പാല്‍മണം വറ്റാത്ത ചുണ്ടിലെ നിന്‍റെ ചിരി
സ്വപ്നങ്ങളേയും കടന്ന്
സ്വര്‍ഗ്ഗത്തിലേക്ക് പോവുകയും
ഗന്ധര്‍വ്വനും
അപസരസ്സുകളും നിന്‍റെ കൂട്ടുകാരായി.

ശബ്ദമിടറും വരെ

കഥ നിനക്ക് ജീവനും
കവിത ജീവിതവുമായപ്പോള്‍
ജഡകെട്ടിയ മുടി നീണ്ടു വളര്‍ന്ന്
മാനം മുട്ടിയപ്പോള്‍
മാനം വെട്ടി മുറിക്കാന്‍ കല്പന കൊടുത്തു.

തേനീച്ചകള്‍ കൂടുകൂട്ടിയ
ദീക്ഷ വളര്‍ന്ന് ഭൂമി ഭേദിച്ചപ്പോള്‍
ദന്ത ഗോപുരം തീര്‍ത്ത്
ആകാശത്തും ആഴിയിലും കുടിലുകള്‍ തീര്‍ത്തു.


പക്ഷെ
കഥ പറഞ്ഞുറക്കിയ അമ്മയും

നിന്‍റെ കഥയും കവിതയും
കരളിലെ കുളിരും ചൂടും
മനസ്സും മാനവും

കാശിക്ക് പോയത് നീ അറിഞ്ഞതേയില്ല.