ഞാന്‍ ഇരിങ്ങല്‍

Wednesday, February 07, 2007

ആളൊഴിഞ്ഞ വീട് - കവിത

അമ്മ
കഥ പറഞ്ഞു തുടരുമ്പോള്‍
നീ ഉറങ്ങി
കഥയുടെ പാലം കടന്ന്
കുറുംതോട്ടിലെ കുഞ്ഞു മീനുകള്‍ക്ക്
ഇരയിടുകയും
മുങ്ങാം കുഴിയിടുകയും ചെയ്ത് തുടങ്ങിയിരുന്നു.

അമ്മ

കവിത പാടി ഉറക്കുമ്പോള്‍
നീ സ്വപ്നം കാണുകയായിരുന്നു.
ആകാശത്തെ അമ്പിളിയെ കൂട്ടുവിളിച്ച്
പാല്‍മണം വറ്റാത്ത ചുണ്ടിലെ നിന്‍റെ ചിരി
സ്വപ്നങ്ങളേയും കടന്ന്
സ്വര്‍ഗ്ഗത്തിലേക്ക് പോവുകയും
ഗന്ധര്‍വ്വനും
അപസരസ്സുകളും നിന്‍റെ കൂട്ടുകാരായി.

ശബ്ദമിടറും വരെ

കഥ നിനക്ക് ജീവനും
കവിത ജീവിതവുമായപ്പോള്‍
ജഡകെട്ടിയ മുടി നീണ്ടു വളര്‍ന്ന്
മാനം മുട്ടിയപ്പോള്‍
മാനം വെട്ടി മുറിക്കാന്‍ കല്പന കൊടുത്തു.

തേനീച്ചകള്‍ കൂടുകൂട്ടിയ
ദീക്ഷ വളര്‍ന്ന് ഭൂമി ഭേദിച്ചപ്പോള്‍
ദന്ത ഗോപുരം തീര്‍ത്ത്
ആകാശത്തും ആഴിയിലും കുടിലുകള്‍ തീര്‍ത്തു.


പക്ഷെ
കഥ പറഞ്ഞുറക്കിയ അമ്മയും

നിന്‍റെ കഥയും കവിതയും
കരളിലെ കുളിരും ചൂടും
മനസ്സും മാനവും

കാശിക്ക് പോയത് നീ അറിഞ്ഞതേയില്ല.

10 Comments:

At 1:40 PM, Blogger രാജു ഇരിങ്ങല്‍ said...

‘ആളൊഴിഞ്ഞ വീട്‘
ഒരു പുതിയ കവിത വായനക്കാര്‍ക്കായ്. അവകാശവാദങ്ങളൊന്നുമില്ലാതെ സമര്‍പ്പിക്കുന്നു

 
At 1:45 PM, Blogger KANNURAN - കണ്ണൂരാന്‍ said...

പക്ഷെ
കഥ പറഞ്ഞുറക്കിയ അമ്മയും
നിന്‍റെ കഥയും കവിതയും
കരളിലെ കുളിരും ചൂടും
മനസ്സും മാനവും
കാശിക്ക് പോയത് നീ അറിഞ്ഞതേയില്ല.

....അര്‍ത്ഥമൂറുന്ന വരികള്‍

 
At 2:30 PM, Blogger കിനാവ്‌ said...

കഥ പറഞ്ഞുറക്കിയ അമ്മയും
നിന്‍റെ കഥയും കവിതയും
കരളിലെ കുളിരും ചൂടും
മനസ്സും മാനവും
കാശിക്ക് പോയത് നീ അറിഞ്ഞതേയില്ല.
ഞാനും കണ്ണൂരാനെ quote ചെയ്യുന്നു.

എന്നാലും

“ദന്ത ഗോപുരം തീര്‍ത്ത്
ആകാശത്തും ആഴിയിലും കുടിലുകള്‍ തീര്‍ത്തു.“

നിക്ക് മനസ്സിലാവാത്ത വരിയാണ്

 
At 3:05 PM, Blogger രാജു ഇരിങ്ങല്‍ said...

കണ്ണൂരാനേ, കിനാവ് നന്ദി
ദന്തഗോപുരം തീര്‍ക്കുന്നത് ഭൂമിയില്‍ നിന്ന് വളരെ ഉയരത്തിലല്ലേ എന്നു പറഞ്ഞാല്‍ ആകാശത്ത്? പിന്നെ ആഴിയിലും. ഭൂമി ഭേദിച്ചു കഴിഞ്ഞാല്‍ പിന്നെ എന്താ ചെയ്യുക

 
At 3:25 PM, Blogger chithrakaranചിത്രകാരന്‍ said...

മനസിലാകാത്ത അറകളില്‍ നിന്നും ചിന്തകളുടെ തേന്‍ കിനിഞ്ഞു വരുന്നുണ്ടൊ എന്ന് അന്വേഷിക്കുന്ന അനുവാചകന്റെ ശലഭമനസ്‌ പ്രതിഷേതിക്കാതിരിക്കട്ടെ.
പ്രിയ ഇരിങ്ങലെ,
ചിത്രകാരനും കവിതയിലെ സൌന്ദര്യത്തിനപ്പുറം ചിന്തയിലെ ദ്വനികള്‍ അത്ര മനസ്സിലായില്ല.
നഗ്നമാക്കാനാകാത്തതാണെങ്കില്‍ ഈമെയിലു ചെയ്താലും മതി.

 
At 3:57 PM, Blogger രാജു ഇരിങ്ങല്‍ said...

ചിത്രകാരാ..,
“ചിത്രകാരനും കവിതയിലെ സൌന്ദര്യത്തിനപ്പുറം ചിന്തയിലെ ദ്വനികള്‍ അത്ര മനസ്സിലായില്ല.“
കവിത കമ്മ്യൂണിക്കേറ്റ് ചെയ്തില്ലെങ്കില്‍ അത് കവിയുടെ കുറ്റം തന്നെയാണ്. സ്വീകരിക്കുന്നു.
താങ്കള്‍ക്ക് മനസ്സിലായില്ലെന്ന് പറഞ്ഞത് സ്വാഗതാര്‍ഹം. കവി അവിടെ പരാജയപ്പെട്ടു എന്നു തന്നെ അര്‍ത്ഥം.
ഇനിയും പലതു പഠിക്കേണ്ടിയിരിക്കുന്നു.ഞാന്‍ വായിച്ചാല്‍ എനിക്കിത് വളരെ സിമ്പിള്‍ ആണ്. എന്നിട്ടും മനസ്സിലാകാത്തത് എന്‍ റെ കുറ്റം തന്നെയാണ്.
ഓരോ വരിയും ഒരിക്കല്‍ കൂടി ഞാന്‍ വായിച്ചു നോക്കട്ടെ.
വിമര്‍ശനം എന്നും അതിന്‍റെ നല്ല അര്‍ത്ഥത്തില്‍ തന്നെ ഞാന്‍ കാണുന്നു. അതാണ് പ്രതീക്ഷിക്കുന്നതും.
അല്ലെങ്കില്‍ ബലേഭേഷ് പറഞ്ഞാല്‍ പിന്നെ എനിക്ക് എന്നെ അറിയുവാന്‍ എന്താണ് മാര്‍ഗ്ഗം.

 
At 4:30 PM, Blogger chithrakaranചിത്രകാരന്‍ said...

പ്രിയ ഇരിങ്ങല്‍,
വിഷമിക്കാതെ.., അനുവാചകന്റെ
അനുഭവക്കുറവും ആശയവിനിമയത്തില്‍ തടസ്സങ്ങളുണ്ടാക്കാം.
ഇതു കാര്യമാക്കരുത്‌. ചിത്രകാരന്‌ സൌന്ദര്യശാസ്ത്രപരമായ ചില നിലപാടുകളുണ്ടെന്നതൊഴിച്ചാല്‍, കഥ,കവിത, നൊവല്‍,സിനിമ എന്നിവയോട്‌ പരിചയക്കുറവുണ്ടെന്നത്‌ സ്നേഹപൂര്‍വം അറിയിക്കട്ടെ !!!

 
At 7:29 PM, Blogger വല്യമ്മായി said...

മുഴുവന്‍ മനസ്സിലായില്ലെങ്കിലും വളരെ ഇഷ്ടമായി.കിട്ടാത്തത് പലതും എത്തിപിടിക്കാനുള്ള വാശിയില്‍ നഷ്ടങ്ങള്‍ അറിയാതെ പോകുന്നു അല്ലേ.എന്നിട്ടും ഒന്നിലും സംതൃപ്തി കണ്ടെത്താന്‍ കഴിയാത്ത മനുഷ്യന്‍ അല്ലേ

 
At 7:59 PM, Blogger തറവാടി said...

ഇരിങ്ങലെ ഞാന്‍ വായിച്ചു , നാലു തവണ.
കണ്ണൂരാന്‍ പറഞ്ഞത് സത്യം തന്നെ
എന്നാല്‍ പൂര്‍ണ്ണമായി മനസ്സിലാവുന്നില്ല.

എന്നാണ് എന്‍റെ റബ്ബെ ഞാന്‍ താങ്കളുടെ കവിത ആസ്വദിക്കാനുള്ള നിലവാരത്തിലെത്തുക!

 
At 10:35 AM, Blogger കെ.മാധവിക്കുട്ടി. said...

ശബ്ദമിടറും വരെ
കഥ നിനക്ക് ജീവനും
കവിത ജീവിതവുമായപ്പോള്‍
..........എന്താണു സംഭവിച്ചത്...
ആ ദുരന്തമല്ലേ...
കരളിലെ കുളിരും ചൂടും
മനസ്സും മാനവും
കാശിക്ക് പോയത് ...
എന്നതിലൂടെ താങ്കള്‍ തൂത്തുവാരിയത്‍!!?

കാലുകള്‍ എവിടെയാണു എന്ന് നമ്മള്‍ ഇടക്കിടെ ഒന്നന്വേഷിക്കണം..അല്ലേ

 

Post a Comment

Links to this post:

Create a Link

<< Home