ഞാന്‍ ഇരിങ്ങല്‍

Tuesday, February 20, 2007

പതിവ്രതയുടെ കുമ്പസാരം - കവിത

അലക്കിത്തേച്ച കോറമുണ്ടുടുത്താണ്
അയാള്‍
പെണ്ണ് കാണാന്‍ വന്നത്
അത്തറിന്‍റെ മണമൊ
വെള്ളരിക്കയുടെ സ്വാദൊ
കണ്ണിമാങ്ങയുടെ പുളിപ്പോ
ഉണ്ടായിരുന്നില്ല
അയാളുടെ നോട്ടത്തിന്.
എന്നാലും
ങും.. സമ്മതം മൂളി
ഇടതു കാല്‍ വിരലുകള്‍കൊണ്ട്.

ബീഡിക്കറ പുരണ്ടരാത്രിയില്‍
പടം പൊഴിച്ച്, ഫണം വിരിച്ച്
മൂര്‍ദ്ധാവില്‍ ആഞ്ഞു കൊത്തി
ആദ്യ വിഷസൂചിക.
വിറഞ്ഞ സ്പര്‍ശത്താല്‍ വിത്തിറക്കിയവനേ
നീ
വേനലില്‍ മഴയായിരുന്നു
എന്നാലും...

അടിവയറ്റില്‍
കറുത്ത മറുകില്‍
പുളഞ്ഞ കിനാവുകള്‍
ദുരിത പര്‍വ്വങ്ങളില്‍
നീ രക്ഷകന്‍.

മഞ്ഞ്
ഇറ്റുവീഴുന്ന ഇലപ്പടര്‍പ്പുകളില്‍
പിന്നെയും പിന്നെയും വീഴുന്ന
ജലസ്പര്‍ശനങ്ങള്‍
വയ്യ, കൂട്ടുകാരാ..
എന്‍റെ രാത്രികളെല്ലാം നീ
തിരിച്ചു വാങ്ങുക.

വാക്കുകളില്‍
നിനവുകളില്‍
ഒളിച്ചിരിക്കുന്ന കറുത്ത സത്വങ്ങള്‍
മുള്‍മുരുക്കിലെന്ന പോലെ
ചോരപൊടിയുന്ന കാല്‍മുട്ട്, കൈമുട്ട്.


പ്രീയപ്പെട്ടവനേ..
തിരിച്ചെടുക്കുക
നീ
അരിയിട്ടുവാഴിച്ച കിനാവുകളൊക്കെയും.

കാല്‍ വിരലുകള്‍ കളം വരച്ചത്
ദാരിദ്രത്തിന്‍റെ ക്ഷേത്രപ്പടികളില്‍
കൈയ്യുയര്‍ത്തിയത്, മെയ്യുണര്‍ത്തിയത്
ഘടികാരസൂചികള്‍ ‍
എന്നിട്ടും
നിന്‍റെ ഉഷ്ണമാപിനികളെന്നെ
തണുപ്പിച്ചതേയില്ല.

ഇത് പ്രണയകാലം
മരുഭൂമിയില്‍ വിളവെടുപ്പുത്സവം
കളപ്പൂട്ട്, തേവ്, വിത.

ഉഴവുനിലത്തുനിന്നും
അരിച്ചെടുക്കപ്പെട്ട വിത്ത്
കാഞ്ചന സീത, ഊര്‍മ്മിള
ദ്രുതകീര്‍ത്തി, ശ്രുതകീര്‍ത്തി
വയ്യ, പ്രീയനേ..
തലമുറകളുടെ മാറുപിളര്‍ക്കുമെന്ന്
പ്രവചിച്ച പ്രവാചകമതം
കടലെടുത്തുകൊള്ളട്ടെ.

നിനക്കു മുമ്പില്‍
ഇന്നും തുറക്കപ്പെടാത്ത എന്‍റെ വാതിലുകളില്‍
പാറ്റ, കൂറ, ഉറുമ്പ്
മാറാലക്കുട്ടങ്ങള്‍
കാത്തുവച്ച കണ്ണീര്‍ക്കുടങ്ങളൊക്കെയും
കുടഞ്ഞുകളയുന്നു.
എന്നാലും...
എന്നെ ഉണര്‍ത്താത്ത
മുല്ലമൊട്ടുകളെ ഞെരിച്ചുടയ്ക്കാത്ത
വള്ളിപ്പടര്‍പ്പുകളായ് പടരാത്ത
നിന്‍റെ ബാഹുക്കളില്‍
ഇന്ന്
ആ വെളുത്ത കോറമുണ്ട്.

ഇമയനങ്ങാക്കണ്ണുകളില്‍
തെറിച്ചു നില്‍ക്കുന്ന കോണക വാല്
ചിരിപൊടിയുന്ന എന്‍റെ ചുണ്ടുകളില്‍
പെയ് തൊഴിയുന്ന പ്രണയത്തിന്‍റെ
ചോരയും ചലവും.
ഇനി..

Labels:

26 Comments:

At 3:52 PM, Blogger രാജു ഇരിങ്ങല്‍ said...

ഒരു പുതിയ കവിത.
പതിവ്രതയുടെ കുമ്പസാരം.

 
At 3:56 PM, Blogger KANNURAN - കണ്ണൂരാന്‍ said...

:-O ഇരിങ്ങലേ, തേങ്ങ എന്റെ വക...

 
At 3:59 PM, Blogger രാജു ഇരിങ്ങല്‍ said...

കണ്ണൂരാനേ കവിത വായിച്ചോ....

 
At 4:01 PM, Blogger KANNURAN - കണ്ണൂരാന്‍ said...

വായിച്ചപ്പോഴല്ലെ തല കറങ്ങിയത് :)

 
At 4:08 PM, Blogger ലോനപ്പന്‍ (Devadas) said...

ഇരിങ്ങലേ ,
നന്നായിരിക്കുന്നു;
മേയ്തില്‍ പണ്ട് ഒരു കവിത എഴിതിരിരുന്നു. അതില്‍ ‘വിവാഹം ഒരു ഇരട്ടമരണമാണ്’ എന്നും പറഞ്ഞിരുന്നു.

 
At 5:37 PM, Blogger അനംഗാരി said...

ഇരിങ്ങലിന്റെ കവിതകള്‍ അവയുടെ ശൈശവ ദശ കടക്കുന്നു എന്ന് ഈ കവിത വെളിവാക്കുന്നു.
അഭിനന്ദനങ്ങള്‍.

 
At 7:22 PM, Blogger വല്യമ്മായി said...

ചില വരികളൊക്കെ വളരെ ഇഷ്ടമായി

പ്രീയപ്പെട്ടവനേ..
തിരിച്ചെടുക്കുക
നീ
അരിയിട്ടുവാഴിച്ച കിനാവുകളൊക്കെയും

ആശംസകള്‍

 
At 7:32 PM, Blogger പൊതുവാള് said...

ഇരിങ്ങലേ,
ഈ കവിത ചിലതൊക്കെ മൊഴിയുന്നുണ്ടെങ്കിലും ഇത്തിരി കൂടിപ്പോയ ദൈര്‍ഘ്യവും ചിലേടത്തൊക്കെ മുഴച്ചു നില്‍ക്കുന്നുവെന്നു തോന്നിപ്പിക്കുന്ന ചില ബിംബങ്ങളും കവിതയുടെ പൂര്‍ണ്ണമായ ദൌത്യത്തെ പലപ്പോഴും അവ്യമാക്കുന്നുണ്ടെങ്കിലും താങ്കളുടെ മുന്‍ കവിതകളേക്കാള്‍ സ്പഷ്ടത ഇതിനവകാശപ്പെടാം എന്നു തന്നെയാണ് തോന്നുന്നത്.
അഭിനന്ദനങ്ങള്‍:)

 
At 9:12 PM, Blogger venu said...

രാജൂ,
ഇതെനിക്കു രസിച്ചു. വരികളില്‍ ലളിതമായൊളിപ്പിച്ചു പറഞ്ഞുപോയതു പോലെയോ..
നന്നായി.ഇനിയും നല്ല രചനകള്‍ക്കായി.

 
At 6:15 AM, Blogger കരീം മാഷ്‌ said...

ഇരുട്ടുവീണ ഇടനാഴികളില്‍ ഇനിയെന്ത്? എന്നു ചിന്തിച്ച്,
ഇടറി നിന്നിട്ടുണ്ട്.
അപ്പോള്‍ ഒരു മണിവിളക്കുമായി പ്രണയമാണെന്നെ ജീവിക്കാന്‍ പ്രേരിപ്പിച്ചത്.
പ്രണയ്ത്തെ പ്രണയിക്കാന്‍ എനിക്കാവുന്നതും അതു കൊന്റു തന്നെ.
കവിത ആന്റി റൊമാണ്ടിക്കായാലും.
ആസ്വദിക്കാന്‍ റോമാണ്ടിക്കായ ഒരു മനമുണ്ടായാല്‍ മതി.

 
At 6:44 AM, Blogger ഇത്തിരിവെട്ടം|Ithiri said...

:)

 
At 7:42 AM, Blogger G.manu said...

വാക്കുകളില്‍
നിനവുകളില്‍
ഒളിച്ചിരിക്കുന്ന കറുത്ത സ്വത്വങ്ങള്‍
മുള്‍മുരുക്കിലെന്ന പോലെ
ചോരപൊടിയുന്ന കാല്‍മുട്ട്, കൈമുട്ട്


raju kashaayam pole kaykkunna varikal...great poem

 
At 8:26 AM, Blogger നന്ദു said...

രാജു,
കവിത പൊതുവില്‍ ഇഷ്ടമായി.
ചില വരികള്‍ അര്‍ത്ഥം കൊണ്ട് യോജിക്കുന്നില്ല എന്നൊരു സംശയം.(കീറിമുറിച്ചു നോക്കിയതു കൊണ്ടാണോ ഇങ്ങനെയൊരു സംശയം എന്നറിയല്ല .. ക്ഷമിക്കുക)

1. നോട്ടത്തിലെ അര്‍ത്ഥത്തിന് രുചിയുമായി എന്തു ബന്ധം?

2. “വിറഞ്ഞ” എന്നൊരു പ്രയോഗം കേട്ടിട്ടില്ല. എന്താണതുകൊണ്ടുദ്ദേശിക്കുന്നതെന്നു പറഞ്ഞു തരാമോ?.

3. “ഉഷ്ണമാപിനികള്‍ “ തണുപ്പിക്കാനുള്ളവയല്ല തണുപ്പളക്കാനുള്ളവയല്ലേ?

അലോഹ്യമരുത്. എന്റെ അറിവില്ലായ്മയില്‍ നിന്നും ഉണ്ടായ ചിലചോദ്യങ്ങളാണ്. ഒരു പക്ഷേ താങ്കളുടെ നിലവാരത്തില്‍ ആ കവിത ആസ്വദിക്കാനാകാത്തതുകൊണ്ടുമാകണം.

 
At 9:40 AM, Blogger രാജു ഇരിങ്ങല്‍ said...

പതിവ്രതയുടെ കുമ്പസാരം കേട്ട് ആദ്യം തേങ്ങയുടച്ച കണ്ണൂരാനേ നന്ദി. തലകറക്കം മാറിക്കാണുമെന്ന് കരുതുന്നു (ഒരു തമാശയാണേ.)

ലോനപ്പന്‍ : വളരെ നന്ദി. മേതിലിന്‍റെ ‘വിവാഹം ഒരു ഇരട്ടമരണമാണ്’ എന്ന കവിത വായിച്ചിട്ടില്ല. കയ്യില്‍ കോപ്പിയുണ്ടെങ്കില്‍ വായിക്കാന്‍ സഹായിക്കുമല്ലൊ.

അനംഗാരി ചേട്ടാ. എന്നെ വായിക്കുന്നതിലും നിരീക്ഷിക്കുന്നതിലും ഒരു പാട് സന്തോഷം.

വല്യമ്മായീ നന്ദി
പൊതുവാള്‍ താങ്കള്‍ പറഞ്ഞ പോരായ്മകള്‍ ശ്രദ്ധിക്കുന്നതാണ്. നന്ദി.
വേണുച്ചേട്ടാ.. സന്തോഷം എന്നെ വായിക്കുന്നതില്‍.

കരീം മാഷേ.. സത്യത്തില്‍ കൊതിച്ചിരിന്നു താങ്കള്‍ എന്നെ വായിക്കുവാനും വിലയിരുത്തുവാനുമൊക്കെ. ഇപ്പോഴെങ്കിലും വന്നുവല്ലൊ. സന്തോഷമുണ്ട്.
ഇപ്പോള്‍ കമന്‍റിലും എഴുത്തിലും വളരെയധികം മൌനം പാലിക്കുന്നു. എന്തു പറ്റി? ഒരു വലീയ സൃഷ്ടിക്കുമുമ്പുള്ള മൌനമാണൊ??

ഇത്തിരിവെട്ടം. നന്ദി എന്നെ വായിക്കുന്നതില്‍.
ജി. മനു. വായിക്കുന്നുവെന്നറിയുന്നതില്‍ സന്തോഷം.

ഇനി നന്ദു വിന്. കവിത വായിച്ചു വല്ലോ. സന്തോഷം. താങ്കളെന്നല്ല ആരു തന്നെ വിമര്‍ശിച്ചാലും ഒരിക്കലും എനിക്ക് അലോഹ്യം ഉണ്ടാകില്ല നന്ദു. താങ്കളുടെ സംശയം എഴുത്തുകാരന്‍ എന്ന നിലയില്‍ എനിക്ക് തീര്‍ക്കാന്‍ പറ്റുമോ എന്ന് ഒരു ശ്രമം നടത്താം.

1. നോട്ടത്തിലെ അര്‍ത്ഥത്തിന് രുചിയുമായി എന്തു ബന്ധം?
നോട്ടത്തിലെ അര്‍ത്ഥത്തിന്‍ തീര്‍ച്ചായും രുചിയുമായി ബന്ധമുണ്ടെന്ന് ഞാന്‍ കരുതുന്നു. ഒരു ചെറിയ ഉദാഹരണം:
കോളജില്‍ പഠിക്കുന്ന പിള്ളാരോട് പലരും ചോദിക്കാറുണ്ട് ‘ബസ്റ്റോപ്പില്‍ നിന്ന് താനെന്താ വെള്ള മിറക്കുന്നതെന്ന്’ ഇല്ലേ...ഇതിലും പച്ചയായി ഞാന്‍ ഇനി പറയണോ നന്ദു... മനസ്സിലായിക്കാണുമെന്ന് കരുതുന്നു.

2. “വിറഞ്ഞ” എന്നൊരു പ്രയോഗം കേട്ടിട്ടില്ല. എന്താണതുകൊണ്ടുദ്ദേശിക്കുന്നതെന്നു പറഞ്ഞു തരാമോ?.
പറയാം. താങ്കളുടെ ജന്മദേശം എനിക്കറിയില്ല. ഞങ്ങള്‍ കണ്ണൂരുകാരില്‍ പലരും പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട് ‘എനിക്കങ്ങ് വിറഞ്ഞു കേറി’ അവന്‍ റെ ശബ്ദം കേട്ടപ്പോള്‍’. എന്ന്. എന്നു പറഞ്ഞാല്‍ അര്‍ത്ഥം മുഴുവനാകുമെന്ന് തോന്നുന്നു.

3. “ഉഷ്ണമാപിനികള്‍ “ തണുപ്പിക്കാനുള്ളവയല്ല തണുപ്പളക്കാനുള്ളവയല്ലേ?
താങ്കള്‍ പറഞ്ഞ ഉഷ്ണമാപിനികള്‍ തണുപ്പളക്കാനുള്ളത് തന്നെ. എന്നാല്‍ ഞാനുദ്ദേശിച്ച ഉഷ്ണമാപിനികള്‍ തണുപ്പിക്കാന്‍ തന്നെയാണ്. മനസിലായിക്കാണുമെന്നുതന്നെ കരുതുന്നു.

(എന്‍റെ ഈ പ്രതികരണം മറ്റു വായനക്കാരില്‍ അസ്വസ്ഥത ഉളവാക്കിയെങ്കില്‍; , ക്ഷമിക്കുക)

 
At 9:50 AM, Blogger ദൃശ്യന്‍ said...

ഇരിങ്ങലേ,

പിന്‍‌മൊഴികളിലെ നല്ല അഭിപ്രായങ്ങള്‍ കണ്ടാണ് ‘ പതിവ്രതയുടെ കുമ്പസാരം‘ വായിച്ചത്.

ആദ്യവായനയില്‍, എന്‍‌റ്റെ വിവരമില്ലായ്മ കൊണ്ടോ എന്തോ, വല്ലാതെ ഒന്നും മനസ്സിലായില്ല. പുനര്‍വായനയില്‍ പറയാന്‍ ശ്രമിക്കുന്നതെന്താണെന്നതിന്‍‌റ്റെ സൂചന കിട്ടി. പക്ഷെ ഒരുപാട് സംശയങ്ങള്‍ വന്നു. അതു താഴെ കുറിക്കുന്നു.

“വെള്ളരിക്കയുടെ സ്വാദൊ
കണ്ണിമാങ്ങയുടെ പുളിപ്പോ“
-നോട്ടത്തിനു മണമോ സ്വാദോ പുളിപ്പോ..??? പുളിപ്പും ഒരുതരം സ്വാദല്ലേ, ഇവിടെ വാക്കുകള്‍ കവിതയില്‍ നിന്ന് മാറി നില്‍ക്കുന്നതായ് തോന്നി.

“മറുകില്‍ പുളഞ്ഞ കിനാവുകള്‍“ - തിരിച്ചും മറിച്ചും വായിച്ചിട്ടും അര്‍ത്ഥം മനസ്സിലായില്ല. :-(

“പിന്നെയും പിന്നെയും വീഴുന്ന ജലസ്പര്‍ശനങ്ങള്‍“ - ‘വീഴുന്ന‘ എന്ന വാക്ക് ഇവിടെ ആവശ്യമില്ല എന്ന് തോന്നുന്നു.

“കറുത്ത സ്വത്വങ്ങള്‍“ - സത്വങ്ങള്‍ എന്നാണോ ഉദ്ദേശിച്ചത്, അതോ സ്വത്വം തന്നെയോ?

“പ്രവാചകമതം കടലെടുത്തുകൊള്ളുക.“ - പറയുന്നത് പ്രിയനോടാണോ അതോ..?

“നിനക്കുമ്പില്‍“, “പെയ്തെഴിയുന്നു“ - എന്നു വെച്ചാല്‍?????

ഇതു ഒരു നിരൂപണനല്ലാട്ടോ. കൂടുതല്‍ മെച്ചപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങളായ് കണക്കാക്കണമെന്ന് അപേക്ഷ.

സസ്നേഹം
ദൃശ്യന്‍

 
At 9:53 AM, Blogger അഗ്രജന്‍ said...

ഇരിങ്ങലേ നന്നായിരിക്കുന്നു...

അക്ഷരങ്ങള്‍ കനപ്പിച്ചു വെച്ചിരിക്കുന്നത് വായനയുടെ സുഖം കുറയ്ക്കുന്നു... ഇരുണ്ട വെളിച്ചത്തില്‍ വായിക്കുന്ന അനുഭവം.

 
At 9:55 AM, Blogger Sul | സുല്‍ said...

ഇരിങ്ങലേ,

നന്നായി പറഞ്ഞിരിക്കുന്നു. കുറച്ചു കട്ടി കൂടിയോ ഇരിങ്ങലിന്റെ കവിതെക്കെന്ന് തോന്നുന്നു.
‘ഉഷ്ണമാപിനികള്‍’ മാത്രം മനസ്സിലായും ഇല്ല. അവിടുത്തെ ഉദ്ദ്യേശം മനസ്സിലായി, എന്തു കൊണ്ട് ആ വാക്കു തന്നെ എന്നറിയാന്‍ ആഗ്രഹം, അത്രമാത്രം.

-സുല്‍

 
At 10:03 AM, Blogger ദില്‍ബാസുരന്‍ said...

ഉഷ്ണമാപിനി എന്നാല്‍ തെര്‍മോമീറ്ററാണോ? ഞാന്‍ മന‍സ്സിലാക്കിയത് ശരിയാണോ എന്നറിയാനാ. :-)

 
At 11:23 AM, Blogger രാജു ഇരിങ്ങല്‍ said...

ദൃശ്യന്‍ എനിക്കൊരു ഇ-മെയില്‍ ചെയ്യുമോ. അല്ലെങ്കില്‍ താങ്കളുടെ ഇ-മെയില്‍ അഡ്രസ്സ് തരൂ.

അഗ്രജന്‍ വളരെ നന്ദി.
സുല്‍ വായിച്ചതിനും അഭിപ്രായങ്ങക്കും നന്ദി.
ദില്‍ബാ. ബാച്ചിയായിട്ട് ഉഷ്ണമാപിനിയെ കുറിച്ചറിയില്ലെന്നോ.....
സുല്ലേ... ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലൊ.

 
At 11:26 AM, Blogger Sul | സുല്‍ said...

ഹ ഹ ഹ ഇരിങ്ങലേ
ഇവിടന്ന് ഇത്രേം പ്രതീക്ഷിച്ചില്ല.
ചിരിച്ചു ചിരിച്ച് സാന്ഡോ പറഞ്ഞപോലെ തെക്കോട്ടു പോയി.

-സുല്‍

 
At 12:46 PM, Blogger ദൃശ്യന്‍ | Drishyan said...

ഇരിങ്ങലേ,
എവിടേക്കാണ്‍ ഇമെയില്‍ അയക്കേണ്ടതെന്ന് പറഞ്ഞില്ല.
എന്‍‌റ്റെ ഇമെയില്‍ ID drishyan@gmail.com

സസ്നേഹം
ദൃശ്യന്‍

 
At 3:19 PM, Blogger ഒടിയന്‍... said...

തള്ളേ.. ഇ ഉഷ്ണമാപിനികള്‍ എങ്ങനയാ സിരകളേ തണുപ്പിക്കുന്നതു..

 
At 6:47 PM, Blogger കിനാവ്‌ said...

:)

 
At 7:33 PM, Blogger aniyans said...

ഇരിങ്ങലേ ആദ്യമായാണ് താങ്കളുടെ കവിതക്ക് കമന്റാന്‍ വരുന്നത് എന്ന് തോന്നുന്നു. കവിത ഇഷ്ടായി..ഇരിങ്ങലും പെണ്ണെഴുത്ത് തുടങ്ങിയോ എന്നായി ആദ്യത്തെ സംശയം.അവിടെയും ഇവിടെയും ചില വാക്കുകള്‍ ഒഴിവാക്കാമായിരുന്നുവെന്ന് തോന്നി. എല്ലാം ലിസ്റ്റ് ചെയ്യുന്നില്ല. പക്ഷേ കവിത എപ്പോഴും എഴുതുന്നയാളിന്റെ മനസ്സാണ്. അത് മിനിമം കവിതയാകുന്നുവെങ്കില്‍ കൂടുതല്‍ വിശദീകരിക്കപ്പെടേണ്ടതില്ല്ല എന്നെനിക്ക് തോന്നിയിട്ടുണ്ട്. ഇത്ര നീളത്തിലെ കവിതയോട് എനിക്ക് അത്ര യോജിപ്പില്ലാത്തതാണ്. പക്ഷേ അവിടെയും പൊതു നിയമങ്ങള്‍ കവിതക്ക് ആവശ്യമില്ല എന്ന തോന്നലില്‍ ഞാന്‍ ഈ കവിതയെ ഇഷ്ടപ്പെടുന്നു. ചില കവിതകള്‍ വായിച്ച് മുഴുവനാക്കാന്‍ കഴിയതെ പോകുന്നത് എന്റെ വായനയുടെ തെറ്റാണെന്ന് മനസ്സിലാക്കുകയും ചെയ്യുന്നു.

 
At 11:58 AM, Blogger രാജു ഇരിങ്ങല്‍ said...

ഒടിയന്‍: നന്ദി. ഇപ്പോള്‍ എല്ലാം തണുത്ത് കാണും അല്ലേ...

കിനാവേ.. നന്ദി.
അനിയന്‍സ്:)
ഞാന്‍ കരുതി ഒരു അടിക്ക് ശേഷം താങ്കള്‍ എന്നോട് പിണക്കമായിരിക്കുമെന്ന്. അങ്ങിനെ ഒരു പിണക്കമുണ്ടൊ അല്ലേ..
താങ്കളുടെ കമന്‍ റ് മറ്റുള്ളവരില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്. ആരും എന്തു കൊണ്ട് അത് പറഞ്ഞില്ലെന്ന് ഞാന്‍ സംശയിക്കുകയും അങ്ങിനെ പറയാന്‍ ആഗ്രഹിക്കുകയും ചെയ്തിരുന്നു
‘പെണ്ണെഴുത്ത്’. സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്‍ മാര്‍ക്കും ‘പെണ്ണെഴുത്ത്’ രീതി ഉണ്ടെന്ന് കാണിക്കുവാന്‍ കൂടി ഞാന്‍ ആഗ്രഹിച്ചു.

തെറ്റുകള്‍, വായനക്കാരനു ചില ആവശ്യമില്ല എന്ന് തോന്നുന്നവ ഒക്കെയും താങ്കള്‍ക്ക് തീര്‍ച്ചയായും പറയാന്‍ അവകാശമുണ്ട്. ഇവിടെ അല്ലെങ്കില്‍ ഇ-മെയില്‍.
കവിതയുടെ നീളം. സത്യം പറയാലോ നീളമുള്ള കവിതകള്‍ എനിക്കും ഇഷ്ടമല്ല. പക്ഷെ ഇത് ഇത്രയും വേണമെന്ന് തോന്നി അല്ലെങ്കില്‍ അങ്ങിനെയൊക്കെ ആയിപ്പോയി.

ചില കവിതകള്‍ വായിച്ച് മുഴുവനാക്കാന്‍ പറ്റാത്തത് താങ്കളുടെ കുഴപ്പമെന്ന് ഒരിക്കലും ഞാന്‍ കരുതുന്നില്ല.
ഒന്ന് എഴുത്തുകാരന് എല്ലാവായനക്കാരേയും തൃപ്തിപ്പെടുത്താന്‍ കഴിയുന്നില്ല എന്നു മാത്രം.

പലരും ഇ-മെയില്‍ ചെയ്തത് ഒരു കാര്യമാണ്. ഇത്രയും തുറന്ന് എഴുതുമ്പോള്‍ കവിതയുടെ സൌന്ദര്യം നഷ്ടപ്പെടുന്നുവെന്ന്. സത്യത്തില്‍ ഇത്രയും തുറന്നില്ലെങ്കില്‍ ആളുകള്‍ക്ക് മനസ്സിലാകാതെ പോകുമ്പോഴാണ് കൂടുതല്‍ തുറക്കാന്‍ കവിയെ പ്രേരിപ്പിക്കുന്നത് എന്ന് തോന്നുന്നു.
എന്തായാലും താങ്കള്‍ കവിത വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.

 
At 9:57 AM, Blogger വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL said...

മോബ്‌ ചാനല്‍ http://www.mobchannel.com സ്പോണ്‍സര്‍ ചെയ്യുന്ന മികച്ച മലയാളം ബ്ലോഗുകള്‍ക്കുള്ള ഫെബ്രുവരി മാസത്തെ മത്സരത്തിനായി എന്ട്രികള്‍‍ ക്ഷണിക്കുന്നു. താങ്കളുടെ പോസ്റ്റിന്റെ ലിങ്ക് vidarunnamottukal@gmail.com ലേക്ക് അയക്കുക. എല്ലാ വിഭാഗത്തില്‍ പെട്ട ബ്ലോഗുകളും മത്സരത്തിനായി സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കു www.mobchannel.com or http://vidarunnamottukal.blogspot.com/ സന്ദര്‍ശിക്കുക..... എന്ട്രികള്‍‍ സമര്‍പ്പിക്കേണ്ട അവസാന ദിവസം 28.2.2007 ആണ്.

 

Post a Comment

Links to this post:

Create a Link

<< Home