ഞാന്‍ ഇരിങ്ങല്‍

Sunday, February 25, 2007

വാതിലുകളില്ലാത്ത വീട്

അയാള്‍ നാടോടിയായിരുന്നു
വീട്ടിലിരിക്കുകയൊ
വീട്ടുവര്‍ത്തമാനങ്ങള്‍ പറയുകയോ

ചെയ്യാത്ത അയാള്‍
ഒരിക്കലൊരു വീടു വച്ചു.

അമര്‍ത്തിയിട്ടും
അമര്‍ത്തിയിട്ടും
കയറാത്ത പൂട്ടിന്‍റെ പഴുതുകളോട്
കെറുവിച്ചാണ് അയാള്‍
വാതിലുകളില്ലാത്ത വീടു വച്ചത്
വീടുകളെല്ലാം പൂട്ടി വയ്ക്കാനുള്ളതാണെന്ന്
എല്ലാ വീട്ടുകാരും
എല്ലാ കടക്കാരും അയാളോട്
തര്‍ക്കിച്ചു.

എല്ലാം തുറന്നു വയ്ക്കാനുള്ള
ഒരു പൌരന്‍റെ അവകാശം
പകല് പോലെ തെളിഞ്ഞതും
ഇരുട്ടു പോലെ കറുത്തതുമാണ്.


വിവിധ അളവിലുള്ള
ഒന്നിലധികം ചതുരവടികള്‍
പഴുതുകളോട് കൂട്ടം കൂടുന്നത്
എപ്പോഴും അയാളെ ഭയപ്പെടുത്തി.

പലതരത്തിലുള്ള താക്കോല്‍ കൂട്ടങ്ങള്‍
എടുക്കുമ്പോഴും വയ്ക്കുമ്പോഴും
അയാളുടെ കൈ വിറച്ചു.
താക്കോല്‍ കൂട്ടങ്ങളുടെ അനാ‍വശ്യകതയെ കുറിച്ച്
പുസ്തകമെഴുതി.

പൂട്ടുകളിലാത്ത വീടായതിനാല്‍
കള്ളന്‍മാര്‍ വന്നതേയില്ല
അതു കൊണ്ടാ‍വണം
അമ്മൂമ്മയുടെ തകരപ്പെട്ടി
എന്നും അടഞ്ഞു തന്നെ കിടന്നു.
അല്ലെങ്കില്‍
അതിനകത്തെ പാരമ്പര്യ സ്വത്തുക്കളൊക്കെയും
കള്ളന്‍മാര്‍ കൊണ്ടു പോയേനെ.

പ്രായമേറി
വീട്ടില്‍ കിടപ്പു തുടങ്ങിയപ്പോഴാണ്
കണ്ടന്‍ പൂച്ചയും കുഞ്ഞുങ്ങളും
വീടിന്‍റെ നാനാവിധങ്ങളിലും
ഉണക്കി വച്ച നെല്ലിന്‍ ചാക്കുകളിലും
മൂത്രമൊഴിച്ചതും
തൂറി വച്ചതും
അയാളുടെ ശ്രദ്ധയില്‍ പെട്ടത്.

എല്ലാം തുറന്നു കിടന്നുവെങ്കിലും
ഒരിക്കലും തുറക്കാനാവാത്ത തകരപ്പെട്ടി
കൊല്ലന്‍ കാണാരന്‍റെ ആലയില്‍
വഴിമുടക്കി നിന്നു.

കൂട്ടങ്ങളായ എല്ലാ താക്കോല്‍ കൂട്ടങ്ങളും
പഴുതിലൂടെ കയറി ഇറങ്ങി
ചിലത് പഴുത് കടന്ന് അകത്തേക്ക്
ചിലത് കയറാനാവാതെ മിഴിച്ചു നിന്നു
ചിലത് കൈയ്യും ശരീരവും വേദനിപ്പിച്ചു
ഓരോ താക്കോലും പഴുതിലൂടെ
പിന്‍ മടങ്ങുന്നത് അയാളെ സന്തോഷിപ്പിച്ചു
അതെങ്കിലും ബാക്കിയാവുമല്ലൊ
നാളേക്ക്..

Labels:

9 Comments:

At 11:56 AM, Blogger രാജു ഇരിങ്ങല്‍ said...

വാതിലുകളില്ലാത്ത വീട്. പുതിയ കവിത.

 
At 12:00 PM, Blogger അഗ്രജന്‍ said...

താക്കോല്‍ കൂട്ടങ്ങളുടെ അനാ‍വശ്യകതയെ കുറിച്ചുള്ള പുസ്തകമെഴുത്ത്.... രസിച്ചു :)

 
At 2:45 PM, Blogger കാളിയന്‍ said...

"വീട്" പൂട്ടാതിരിക്കുന്നത് നല്ല കാര്യം. പക്ഷേ അത്യാവശ്യത്തിന് താക്കോലും പൂട്ടും കരുതിയിരിക്കുന്നതാണ് ബുദ്ധി.

 
At 4:00 PM, Blogger നന്ദു said...

സകലതും തുറന്നിട്ടെങ്കിലും അയാളുടെ ജീവിതത്തില്‍ തുറക്കാന്‍ കഴിയാത്തതായി ആ പെട്ടിയെങ്കിലും ബാക്കിയായി..
എന്റെ ജീവിതം തുറന്നിട്ട പുസ്തകമാണെന്നൊക്കെ ഘോരഘോരം പറയുമ്പോഴും ഒരിക്കലും തുറന്നു മലര്‍ത്തിയിടാനാകാത്ത ചിലത് എപ്പോഴും എല്ലാരുടെയും ജീവിതത്തിലുണ്ടാകും.

രാജു :) നല്ലവീക്ഷണം. നല്ല ശൈലി.

 
At 7:45 AM, Blogger രാജു ഇരിങ്ങല്‍ said...

അഗ്രജന്‍: കവിത വായിച്ചു അല്ലേ..
നന്ദി.
കാളിയന്‍: നന്ദി
നന്ദു: കവിത വായിച്ചതിനും അഭിപ്രായത്തിനും ഒരു പാട് സ്ന്തോഷം. താങ്കളുടെ വീക്ഷണം തീര്‍ത്തും ശരി തന്നെ.

 
At 1:23 PM, Blogger ittimalu said...

:)

 
At 8:03 PM, Blogger വല്യമ്മായി said...

എല്ലാം തുറന്നു വയ്ക്കാനുള്ള
ഒരു പൌരന്‍റെ അവകാശം
പകല് പോലെ തെളിഞ്ഞതും
ഇരുട്ടു പോലെ കറുത്തതുമാണ്.

ഈ വരീകള്‍ വളരെ ഇഷ്ടമായി

 
At 11:19 AM, Blogger രാജു ഇരിങ്ങല്‍ said...

ഇട്ടിമാളൂ..
വല്യമ്മായീ
നന്ദി.

 
At 11:25 AM, Blogger ഇത്തിരിവെട്ടം|Ithiri said...

എത്ര തുറന്നാലും തുറക്കാത്ത പലതും ബാക്കിയാവുന്നു.

ഇരിങ്ങല്‍ജീ :)

 

Post a Comment

Links to this post:

Create a Link

<< Home