ഞാന്‍ ഇരിങ്ങല്‍

Sunday, April 22, 2007

വിക്ക് ഇല്ലാതാവുന്നു - കവിത

ജീവിതം വിതച്ച
ജയിലിലാണ് ഞാന്‍
കരഞ്ഞുരഞ്ഞ മടിത്തട്ടില്‍ നിന്ന്
ഒറ്റ ലോകമായ് വളര്‍ന്ന്
വേലികള്‍ കെട്ടി വളച്ച

തുറന്ന ജയിലില്‍

ഓടിളക്കി മാറ്റിയ
തറവാട്ടു മുറ്റത്തെ
മുള്ള് മുരിക്കില്‍
ഒരു ചുവന്നപൂവ്
കൂട്ടിനൊരു മരം കൊത്തിയും.

കയറില്‍ കുടുക്കി
ഞാനീ ജയിലില്‍ നിന്ന് പുറത്തുചാടുമ്പോള്‍
തിരിഞ്ഞു പോയ കഴുത്ത്
ഇടത്തോട്ട് തന്നെയായിരുന്നു.


എന്നിട്ടും
ദൈവമേ...
എന്‍റെ ശബ്ദത്തിനെന്താ
പഴയതു പോലെ വിക്കില്ലാത്തത്..?

Labels:

Saturday, April 14, 2007

നടത്തം : കവിത

നടക്കാനിറങ്ങിയപ്പോള്‍
ചെരുപ്പ് മണ്ണിനെ നോക്കി.
കണ്ണുകളില്‍
നനവ് പടരുന്നുണ്ടായിരുന്നു.

നടന്നു തുടങ്ങിയപ്പോള്‍
മണ്ണ് എന്നെ നോക്കി.
എങ്ങോട്ടേക്കെന്നോ
എന്തിനെന്നോ ഞാന്‍ പറഞ്ഞില്ല.

ഞാന്‍ ചിരിച്ചു
വഴിയിലൊക്കെയും
ഞാന്‍ കരഞ്ഞു
ചിരിക്കിടയിലും.

കാലുകള്‍ക്ക്
നല്ല ബലമായിരുന്നു.

കുന്നുകള്‍ കയറി
ആകാശത്തിന്‍റെ പൂര്‍ണ്ണത കണ്ടു
കുന്നിറങ്ങി
അരുവികളില്‍ മുഖം നനച്ചു,
കവിള്‍ നിറച്ചു

ഇളം കാറ്റില്‍
ഇലച്ചാര്‍ത്തുകളൊക്കെയും

നൃത്തം വയ്ക്കുകയും
ഉറക്കാനെന്ന പോലെ
താരാട്ടുപാടുന്നതും
ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു
മാവിന്‍ കൊമ്പത്ത്
അണ്ണാറക്കണ്ണന്‍
വാലിട്ട് തലതല്ലി
ഒച്ചവച്ചു കൊണ്ടേയിരുന്നു
എന്നെ കണ്ടാവണം
മൂത്തൊരു മാമ്പഴം അടര്‍ത്തി നല്‍കി

തോട്ടിലപ്പോള്‍
മീന്‍ മുള്ളുകള്‍ പുളയ്ക്കുന്നതും
ഞണ്ടുകള്‍ കൈനീട്ടുകയും ചെയ്യുന്നുണ്ടായിരുന്നു.


സമയമേറെ ആയല്ലോ...

നടത്തം നിര്‍ത്തി
പിന്‍ തിരിഞ്ഞു.


മൂവാണ്ടന്‍ മാവില്‍ നിന്ന്
മഞ്ഞ ഇല വന്നു വീണത്
എന്‍റെ കാല്‍ ചുവട്ടില്‍.

വീടിനു മുമ്പിലപ്പോള്‍
ആറടിക്ക് സമമായി
ഒരു കുഴി രൂപപെട്ടു കഴിഞ്ഞിരുന്നു.

Labels:

Friday, April 13, 2007

പൊട്ടാത്ത പട്ടം

അതൊരു തുടക്കമായിരുന്നു
കാവുകളുടെ പുനരുദ്ധാരണവും
ആട്ടവിളിക്കിലെ തിരിയും
ബാങ്കുവിളിയും കിന്നാരം പറച്ചിലും
സന്ധ്യയിലെ നിലവിളിയും.

സുഹൃത്തുക്കാളായ
ഞാനും അബ്ദുള്ളയും
അമ്പലത്തിലേക്കും
പള്ളിയിലേക്കും
കയറുമ്പോള്‍
മൈന്‍ വിതറിയിരിക്കുന്നത് കണ്ടതേയില്ല.
ദൈവമേ
അവനൊന്നും പറ്റരുതേ..

Labels:

Wednesday, April 11, 2007

പെരുമഴ: കവിത

രാത്രികാലങ്ങളില്‍
ഇരുട്ടില്‍
കാണാതാവുന്ന
ചിത്രം പോലെ
അത്
ചില സത്യങ്ങളെ വരയ്ക്കുകയും
ഏറ്റു പറയുകയും ചെയ്യുന്നു.


വെളിച്ചത്തില്‍ നിന്നും
ഗുഹാമുഖത്തേക്ക് തെറിച്ചു വീണ
കൂടുതല്‍ വെളിച്ചമുള്ള
മിന്നലുകള്‍ പോലെ മിന്നാ‍മിന്നുകള്‍.


ഇരതേടിയിറങ്ങിയ
കുറുക്കന്‍റെ വായടച്ച മൌനം


കൊടി
കറുത്തതും
വെളുത്തതെന്നും
വിഭജിക്കുന്ന
രാഷ്ട്രീയ കൊടുങ്കാറ്റ്


പിന്നെ
വിശുദ്ധിയുടെ മേഘങ്ങളെ
തടവറയിലാക്കുന്ന
സന്യാസത്തിന്‍റെ
ചിരിക്കുന്ന കൈകൂപ്പല്‍.


എന്നിട്ടും
എണ്ണിയെണ്ണി
അളന്ന് അളന്ന്
കളയുന്നത് കടലിലേക്ക്

Labels: