ഞാന്‍ ഇരിങ്ങല്‍

Tuesday, July 17, 2007

കാ..കാ...കാ... (ഒരു രാഷ്ട്രീയ കവിത)

ഒരു കല്ലെറിഞ്ഞു
മാമ്പഴത്തോടൊപ്പം
കാക്കക്കൂട്ടില്‍ നിലവിളി ഉയര്‍ന്നു.

ഒരു കോഴ എറിഞ്ഞു
ഇടത്തും
വലത്തും
ഏറു കൊണ്ട്
കണ്ണുപൊത്തിക്കൊണ്ട്
കോടി കോടി എന്ന് നിലവിളിച്ചു.

കുളക്കടവിലപ്പോള്‍
ചത്തുപോയ കാക്കകുഞ്ഞിന്‍റെ
തര്‍പ്പണം.
അവര്‍ കൈകൊട്ടിവിളിച്ചു
കാക്കേ.. വാ...

കാക്കേ വാ...
തിരഞ്ഞെടുപ്പു വരും
കാക്കേ വാ..
നമുക്കധികാരം വേണം
കാക്കേ വാ..
നാളെയുടെ പൊന്‍പുലരി
നിങ്ങളുടേതാണ്.
(സ്വാകാര്യം: ഇന്ന് കഴിഞ്ഞല്ലേ നാളെ!!)
കാക്കേ.. വാ. വാ ..
നനഞ്ഞ കൈ അവര്‍ കൊട്ടികൊണ്ടേയിരുന്നു.

ബുദ്ധിയില്ലാത്ത കാക്കകള്‍ തലകുലുക്കി
പേടിയില്ലാതെ വന്ന്
എള്ളും പൂവും
അരിയും കൊത്തി തിന്നു.
പ്രാണന്‍ പോയ കാക്കകുഞ്ഞിനെ
ഒരു കോടി പുതപ്പിക്കാന്‍ പോലും
തോന്നിയില്ലവര്‍ക്ക് .

അപ്പോഴും
അവര്‍ സിന്ദാബാദ് വിളിച്ചു കൊണ്ടേയിരുന്നു
കാ.. കാ‍.. കാ


Labels:

Wednesday, July 11, 2007

നീ തന്നെയല്ലേ

ഒരു ചിരി
പ്രണയത്തെ ഉണ്ടാക്കുകയല്ല
നഷ്ടപ്പെടുത്തുകയാണെന്ന് പറഞ്ഞത്
നീ തന്നെയല്ലേ.
പിന്നെ

എങ്ങിനെയാണ് ഞാന്‍ ചിരിക്കുക?


കണ്ണൂര്‍ കോട്ടയിലെ
ചുവരുകളില്‍
കോറിവരച്ചത്
ഹൃദയങ്ങളുടെ

തുടക്കവും ഒടുക്കവും കീറി മുറിക്കുന്ന
അമ്പുകളുടെ ചിത്രം

ഉറക്കത്തിലും സ്വപനം കണ്ട് ചിരിച്ചത്
നീ തന്നെയല്ലേ


പ്രണയമരത്തിന്‍റെ കടയ്ക്കല്‍
കത്തിവയ്ക്കുമ്പോള്‍
നാളെ
ഒരു നാള്‍ നമ്മള്‍ കണ്ടുമുട്ടുമെന്ന്
നീ ഓര്‍ത്തില്ലെങ്കിലും
കാണാതിരിക്കട്ടേയെന്ന് പറഞ്ഞത്
നീ തന്നെയല്ലേ
എന്നിട്ടും
ആലൂക്കാസ് ജ്വല്ലറിയിലെ
പരസ്യത്തൂണുകളെ കടന്നു പോകുമ്പോള്‍
മാഷേ..ന്ന് വിളിച്ചു പോയത് എന്തു കൊണ്ടാണ്?ചിരിച്ചു കൊണ്ട് ഹൃദയം പിളര്‍ന്ന ആ അമ്പ്
ഇത് എന്‍റെതെന്ന് നീ പരിചയപ്പെടുത്തി
വീട്ടിലേക്ക് ക്ഷണിച്ചത് എന്തുകൊണ്ടാണ്?ഒരു ചിരി
പ്രണയത്തെ ഉണ്ടാക്കുകയല്ല
നഷ്ടപ്പെടുത്തുകയാണെന്ന് നീ
ഇപ്പോഴും വിശ്വസിക്കുന്നുവൊ?

Saturday, July 07, 2007

വൈദേശികം - നാല് പൊട്ടക്കവിതകള്‍

ഞാന്‍ - 1

ഞാന്‍
ചവറ്റുകൊട്ടയില്‍
തിരഞ്ഞത്
കുടിച്ചു തീര്‍ത്തതിന്‍റെ ബാക്കി
സ്നേഹ ജലം.

കൂര - 2


പാട്ട പെറുക്കുന്നത്
അരപട്ടിണി മാറ്റാനെന്ന്
പറയുമ്പോഴും
ഭൂമിയിലെ ഒഴിഞ്ഞ പാട്ടകളൊക്കെയും
ചേര്‍ത്ത് വച്ചൊരു
കൂര നിര്‍മ്മിക്കുകയാ ഞാന്‍

കുഞ്ഞ്- 3


ഇരുട്ടില്‍ തിളങ്ങുന്നത്
ഒരു കുഞ്ഞു കണ്ണാവാം
പ്രതീക്ഷയുടെ ഒരു പൊട്ട്
ഇരുട്ടില്‍ നിഴലുകള്‍ക്കായി
ഞാന്‍ കാത്തിരിക്കുന്നു
കുഞ്ഞുങ്ങളുടെ
ചിരിയുടെ ങ്ങേഹ്
ശബ്ദവും

വെളിച്ചം


അടക്കുന്ന കണ്ണില്‍
തുറക്കുന്ന
വെളിച്ചം അകക്കണ്ണിലേത്

വൈദേശികത്വത്തിന്‍റെ
തടവറയില്‍
നഷ്ടപ്പെടുന്നത്
എന്‍റെ കണ്ണിലെ വെളിച്ചമാണെന്ന്
ഞാനെന്നാണ് തിരിച്ചറിയുക
?

Labels: