ഞാന്‍ ഇരിങ്ങല്‍

Thursday, September 27, 2007

കണ്ണുപൊത്തിക്കളി

സൌന്ദര്യ മത്സരം കാണാന്‍ പോയി
മാനംകെട്ടുപോയ ഒരു മകളെ
കാത്തിരിക്കുന്ന അമ്മയുടെ
മനസ്സിലെന്തായിരിക്കും?


മകളുടെ അഴിച്ചു മാറ്റപ്പെട്ട ജമ്പറുകള്‍
കണ്ണകിയുടെ ഒറ്റമുലച്ചൂടില്‍
ഒരുകിപോകണേ എന്ന് ശപിക്കുമായിരിക്കും.


കരിന്തിരികത്തുന്ന മേഘച്ചൂടില്‍
വിറകു കൊള്ളിപോലെ കറുത്ത ശരീരം
ഇരുള്‍ചൂടില്‍ വെന്ത് പൊങ്ങി
കാറ്റിലലയിയുന്നു.


ചുട്ട മീനിന്‍റെ പുറന്തോല്‍
പൊളിക്കുന്നതിനിടയില്‍
പച്ചമാംസത്തിന്‍റെ ശീതക്കാറ്റ്
കാട്ടുപന്നിയുടെ തേറ്റയായി
കുത്തിക്കേറുമായിരിക്കും

ചായം തേച്ച നഗരത്തില്‍
ചുണ്ടുകള്‍ കൂട്ടിമുട്ടുമ്പോള്‍
പ്രശസ്തിയുടെ തണലില്‍
പതിവ്രതയുടെ കനല്‍ ച്ചൂട്
മകളിലേക്ക് തിളച്ച് തൂവിപ്പോകുന്നു.


കര്‍ട്ടനുയരുന്നതും
മാനം കെടുന്നതും കാത്ത്
മന:മടുത്ത അമ്മ
മാര്‍ക്കിടുന്നതിനു മുമ്പേ
അണിയറയിലേക്ക് നടന്നു
മറയുമായിരിക്കും

Labels: