ഞാന്‍ ഇരിങ്ങല്‍

Saturday, October 27, 2007

കൂറ വരുന്നതും കാത്ത്

നല്ല ഉറക്കത്തിലാണ്
പലപ്പോഴും ആ ശബ്ദം ഞെട്ടിപ്പിക്കാറുള്ളത്.

വെളിച്ചമിട്ട് തിരയുമ്പോഴൊന്നും
ആരെയും കാണുവാന്‍ കഴിഞ്ഞിരുന്നില്ല
ജാനല പഴുതടച്ചില്ലേന്ന്
പലകുറി ഞെക്കി നോക്കിയെങ്കിലും
കുഴപ്പമൊന്നും കണ്ടില്ല.

രാത്രിയില്‍ എന്‍റെ ഉറക്കത്തെ ശല്യപ്പെടുത്തുന്നവരെ
ഇന്ന് കണ്ടുപിടിക്കുക തന്നെ വേണം.

വാതില്‍പ്പടിയില്‍
അലാറം സെറ്റ് ചെയ്ത് വച്ചു

കോണിപ്പടിയിലും അടുക്കളയിലും
തെന്നിവീഴാന്‍ പാകത്തില്‍
പൊട്ടാത്ത പാത്രങ്ങള്‍ നിരത്തി വച്ചു.

ചോറും കലത്തില്‍ തലയിടുമ്പോള്‍
ടപ്പേന്ന് കുടുങ്ങി മരിക്കാന്‍
കെണിയൊരുക്കി വച്ചു.

ജനാല തുറന്നിട്ട് പമ്മിയുറങ്ങുമ്പോള്‍
നേര്‍ത്ത നീണ്ട മീശയൊരു തെറ്റാലിയായ്
മുറിയിലേക്ക് നീങ്ങുന്നത് നടുക്കത്തോടെയാണ് കണ്ടത്
ഒറ്റയ്ക്കല്ലവര്‍
ഒന്ന്, രണ്ട്, മൂന്ന്………
പേടി മാത്രമല്ല ഹൃദയം നിലച്ചതു പോലെ
ഞാനൊറ്റയ്ക്കാണല്ലോ.

ജീവിതത്തില്‍ പേടിയുള്ളത്
രാത്രി ഇറങ്ങി നടക്കുന്നവരെയാണ്.
കൂര്‍ക്കം വലിയുടെ താളം കേട്ടാണ്
ഇവരൊക്കെയും എന്‍റെ മുറിയിലേക്ക്
ഒച്ചവയ്ക്കാതെ വരികയും
ഉള്ളതൊക്കെയും എടുത്ത് കഴിക്കുകയും ചെയ്യുന്നത്
കൂര്‍ക്കം വലി നിര്‍ത്തുമ്പോള്‍
വെളിച്ചമുണരുമ്പോള്‍
നിഷ്ക്രമിക്കുകയും ചെയ്യുന്നു.

ഉറങ്ങാതെയിരുന്നെങ്കിലും
പറഞ്ഞു വച്ചതു പോലെ
പതിവു പോലെ
മീശ നീട്ടിപ്പിടിച്ച്
അപകടമില്ലെന്നുറപ്പാക്കി
അടുക്കളയിലും
കിടപ്പുമുറിയിലും
കയറിയിറങ്ങി.

എന്നിട്ടും ഞാന്‍
തിരിഞ്ഞു കിടന്നുറങ്ങാന്‍ വിധിക്കപ്പെടുന്നു
കാരണം
അവള്‍ ഉറങ്ങുകയാണ്
കൂറയെ അവള്‍ക്ക് പേടിയുമാണ്.

Labels: