ഞാന്‍ ഇരിങ്ങല്‍

Saturday, October 27, 2007

കൂറ വരുന്നതും കാത്ത്

നല്ല ഉറക്കത്തിലാണ്
പലപ്പോഴും ആ ശബ്ദം ഞെട്ടിപ്പിക്കാറുള്ളത്.

വെളിച്ചമിട്ട് തിരയുമ്പോഴൊന്നും
ആരെയും കാണുവാന്‍ കഴിഞ്ഞിരുന്നില്ല
ജാനല പഴുതടച്ചില്ലേന്ന്
പലകുറി ഞെക്കി നോക്കിയെങ്കിലും
കുഴപ്പമൊന്നും കണ്ടില്ല.

രാത്രിയില്‍ എന്‍റെ ഉറക്കത്തെ ശല്യപ്പെടുത്തുന്നവരെ
ഇന്ന് കണ്ടുപിടിക്കുക തന്നെ വേണം.

വാതില്‍പ്പടിയില്‍
അലാറം സെറ്റ് ചെയ്ത് വച്ചു

കോണിപ്പടിയിലും അടുക്കളയിലും
തെന്നിവീഴാന്‍ പാകത്തില്‍
പൊട്ടാത്ത പാത്രങ്ങള്‍ നിരത്തി വച്ചു.

ചോറും കലത്തില്‍ തലയിടുമ്പോള്‍
ടപ്പേന്ന് കുടുങ്ങി മരിക്കാന്‍
കെണിയൊരുക്കി വച്ചു.

ജനാല തുറന്നിട്ട് പമ്മിയുറങ്ങുമ്പോള്‍
നേര്‍ത്ത നീണ്ട മീശയൊരു തെറ്റാലിയായ്
മുറിയിലേക്ക് നീങ്ങുന്നത് നടുക്കത്തോടെയാണ് കണ്ടത്
ഒറ്റയ്ക്കല്ലവര്‍
ഒന്ന്, രണ്ട്, മൂന്ന്………
പേടി മാത്രമല്ല ഹൃദയം നിലച്ചതു പോലെ
ഞാനൊറ്റയ്ക്കാണല്ലോ.

ജീവിതത്തില്‍ പേടിയുള്ളത്
രാത്രി ഇറങ്ങി നടക്കുന്നവരെയാണ്.
കൂര്‍ക്കം വലിയുടെ താളം കേട്ടാണ്
ഇവരൊക്കെയും എന്‍റെ മുറിയിലേക്ക്
ഒച്ചവയ്ക്കാതെ വരികയും
ഉള്ളതൊക്കെയും എടുത്ത് കഴിക്കുകയും ചെയ്യുന്നത്
കൂര്‍ക്കം വലി നിര്‍ത്തുമ്പോള്‍
വെളിച്ചമുണരുമ്പോള്‍
നിഷ്ക്രമിക്കുകയും ചെയ്യുന്നു.

ഉറങ്ങാതെയിരുന്നെങ്കിലും
പറഞ്ഞു വച്ചതു പോലെ
പതിവു പോലെ
മീശ നീട്ടിപ്പിടിച്ച്
അപകടമില്ലെന്നുറപ്പാക്കി
അടുക്കളയിലും
കിടപ്പുമുറിയിലും
കയറിയിറങ്ങി.

എന്നിട്ടും ഞാന്‍
തിരിഞ്ഞു കിടന്നുറങ്ങാന്‍ വിധിക്കപ്പെടുന്നു
കാരണം
അവള്‍ ഉറങ്ങുകയാണ്
കൂറയെ അവള്‍ക്ക് പേടിയുമാണ്.

Labels:

27 Comments:

At 9:28 PM, Blogger ഞാന്‍ ഇരിങ്ങല്‍ said...

ജീവിതത്തില്‍ പേടിയുള്ളത്
രാത്രി ഇറങ്ങി നടക്കുന്നവരെയാണ്.
കൂര്‍ക്കം വലിയുടെ താളം കേട്ടാണ്
ഇവരൊക്കെയും എന്‍റെ മുറിയിലേക്ക്
ഒച്ചവയ്ക്കാതെ വരികയും
ഉള്ളതൊക്കെയും എടുത്ത് കഴിക്കുകയും ചെയ്യുന്നത്
കൂര്‍ക്കം വലി നിര്‍ത്തുമ്പോള്‍
വെളിച്ചമുണരുമ്പോള്‍
നിഷ്ക്രമിക്കുകയും ചെയ്യുന്നു.

 
At 10:04 PM, Blogger വാല്‍മീകി said...

:-)

 
At 10:13 PM, Blogger കുഞ്ഞന്‍ said...

മീശക്കാരെ തുരത്തുവാന്‍ ലക്ഷ്മണ രേഖതന്നെ വേണം അല്ലെങ്കില്‍ ഭീരുക്കളെപ്പോലെ തിരിഞ്ഞു കിടക്കേണ്ടിവരും. രാത്രിഞ്ചരന്മാര്‍ ഇനി പകലും വരും അതും ഒച്ചയുണ്ടാക്കിയും ചാടിത്തുള്ളിയും പ്രലോഭനങ്ങളും വാഗ്ദാനങ്ങളും നിറപുഞ്ചിരിയായും, അന്നേരമെങ്കിലും ഉറക്കം നടിക്കാതെ ധൈര്യപൂര്‍വ്വം ചെറുത്തു നിന്നില്ലെങ്കില്‍‍ ജീവിതം കട്ടപ്പുക..!

 
At 10:17 PM, Anonymous canvasum kadalasum said...

രാത്രിയുടെ നിശബ്ദ യാമങ്ങളില് ഞാനിരിക്കുന്നു....
കൂറ വരുന്നതും കാത്ത്...
ഒരു കയില് ചെരുപ്പും മറു കയില് മൊബൈലും പിടിച്ചു...
ദൃഷ്ടികള് മുന്നിലുള്ള മോണിട്ററില് നിന്നും...
ഇടക്കിടെ ചുമരില് തറക്കുന്നു....
പരന്നാണ് അവന് ലാന്ഡ് ചെയ്യുന്നതെങ്കിലോ...
ചെവികലോരുക്കുന്നുണ്ട് ഇടക്കിടെ...
മുന്നിലെ മോണിതൊറില് ഞാനിപോള് വായീച്ചത്...
കൂറ വരുന്നതും കാത്ത് എന്നുതന്നെയല്ലേ...??

ആശംസകള്...

 
At 4:57 AM, Blogger കരീം മാഷ്‌ said...

എന്നിട്ടും അയാള്‍
തിരിഞ്ഞു കിടന്നുറങ്ങാന്‍ വിധിക്കപ്പെടുന്നു
കാരണം.
അവള്‍ ഉറങ്ങുകയല്ല,
മറിച്ചുറക്കം നടിക്കുകയാണ്.
കൂറയെ അവള്‍ക്ക് ഒട്ടും പേടിയില്ല,
മാതമല്ല അവള്‍ക്കാ മീശയെ വളരെ ഇഷ്ടമെത്രേ!

 
At 5:08 AM, Blogger മയൂര said...

:)

 
At 6:06 AM, Blogger ആവനാഴി said...

This comment has been removed by the author.

 
At 6:11 AM, Blogger ആവനാഴി said...

അതെ അവള്‍ കിടന്നു
കൂറ വരുന്നതും കാത്ത്
കാത്തിയെന്ന കാഥറിനു
കൂറയെപെരുത്തിഷ്ടമായിരുന്നു
എന്നിട്ടവളതെന്തേ പറഞ്ഞീല?

കാഥറിന്‍, അവളൊരു ഹിപ്പോക്രിറ്റായിരുന്നോ മൈ ഡിയര്‍ ഫ്രണ്ട്?
അല്ല, അല്ലായിരുന്നു
പക്ഷെ നീയവളെ മനസ്സിലാക്കിയില്ലല്ലോ!

അവളുടെ കാമനകളില്‍ നീ നിറഞ്ഞുനിന്നിട്ടും
നിന്റെ മദഭരിതകരതലങ്ങളില്‍ ഞെരിക്കപ്പെടാന്‍ കള്ളയുറക്കം നടിച്ചുകിടന്ന അവളില്‍നിന്നു
തിരിഞ്ഞുകിടന്നുറങ്ങിയല്ലോ ഹേ കൂറമീശക്കാരാ നീ!

നീ നരകത്തില്‍പ്പോകും
നിന്റെ നരകത്തിപ്പോകും
അവളുടെ കോപാഗ്നിയില്‍ നീ ദഹിപ്പിക്കപ്പെടും
പഞ്ചഭൂതനിര്‍മ്മിതമായ നിന്റെ ദേഹം
പഞ്ചഭൂതങ്ങളിലലിയും
ഇതു സത്യം! ഇതു സത്യം! ഇതു സത്യം!

 
At 8:40 AM, Blogger ബാജി ഓടംവേലി said...

നന്നായിരിക്കുന്നു

 
At 8:45 AM, Blogger സപ്ന അനു ബി. ജോര്‍ജ്ജ് said...

ഉഗ്രന്‍..... ഇത്ര സരസമായി പാറ്റായെ ആരും വിശേഷിപ്പിച്ചു കാണില്ല..... പാറ്റാ തന്നെയല്ലെ???

 
At 9:44 AM, Blogger ദേവസേന said...

നീയുറങ്ങിയില്ലെങ്കിലെന്ത്
അവളെങ്കിലും ഉറങ്ങട്ടെ സ്വസ്ഥമായി!!!!!

 
At 10:08 AM, Blogger മുസിരിസ് said...

ഒരു വീടിന്റെ എല്ലാ ഭാഗവും കവര്‍ ചെയ്യുന്ന കവിത!!


നീയുറങ്ങിയില്ലെങ്കിലും അവളുറങ്ങട്ടെ എന്നുള്ള ദേവസേനയുടെ കമന്റിനോട് ഞാന്‍ യോജിക്കുന്നു
ഹ ഹ :)

 
At 10:15 AM, Blogger വിഷ്ണു പ്രസാദ് said...

This comment has been removed by the author.

 
At 10:19 AM, Blogger വിഷ്ണു പ്രസാദ് said...

പി രാമന്റെ പകല്‍ പോലെ വ്യക്തം എന്ന ഈ കവിത ഒന്ന് ചേര്‍ത്ത് വായിക്കാവുന്നതാണ്

 
At 10:29 AM, Blogger ശെഫി said...

നന്നായിരിക്കുന്നു

 
At 10:34 AM, Blogger MOHAN PUTHENCHIRA (മോഹന്‍ പുത്തന്‍‌ചിറ) said...

എല്ലാ പഴുതുകളും അടച്ച് കിടന്നാലും ഉറങ്ങാനനുവദിക്കാതെ, കൂറകളുടെ രൂപത്തില്‍
എത്തുന്ന മീശക്കാര്‍ .. ഒറ്റക്ക് ഉറക്കമിളച്ച് ഉറങ്ങുന്നായാള്‍ക്കു കാവലായി നമ്മളിരുന്നേ പറ്റൂ...
നല്ല കവിത.

 
At 10:39 AM, Blogger തറവാടി said...

ദക്ഷിണാധുനികന്‍? , ഒന്നുമേ പിടിയിലിയേ , :(

 
At 11:27 AM, Blogger Manu said...

പുലര്‍ന്നെഴുന്നേല്‍ക്കുമ്പോഴും പിന്നെ പകല്‍ ജോലി കഴിഞ്ഞ് തിരികെ വരുമ്പോഴും കൂറയുടെ മണം തോന്നുന്നില്ലേ വീട്ടില്‍? പേടിക്കണം. നിങ്ങളുടെ ജീവിതം ഒരു കൂറയുടെ ചിറകിന്‍ തണലിലാണ്. ഉറക്കം നടിച്ചേപറ്റൂ

ഹി ഹി ബാച്ചികള്‍ എന്ന് അടിക്കാന്‍ വരണ്‌ണ്ട്.. ഞാന്‍ ഓടണൂട്ടോ

ഓടോ. ഇ. ഹരികുമാര്‍ പാവം പാറ്റയെ വേറെ ഒരു വഴീലും ദ്രോഹിച്ചിരിക്കുന്നു...ന്താ ചെയ്ക.. ഒരു പാറ്റയുടെ അനുഭാവപൂര്‍വമായ ജീവചരിത്രം എഴുതാന്‍ പറ്റുമോന്ന് നോക്കട്ടെ...

 
At 11:58 AM, Blogger ഇളംതെന്നല്‍.... said...

നക്തഞ്ചരാതികളേ..... നിങ്ങള്‍ സൂക്ഷിക്കുക........

 
At 12:57 PM, Anonymous Anonymous said...

പി. രാമന്റെ കവിത

തളത്തിലെ തറയിലൂടെ
എന്നും രാത്രി ഒന്നേകാലിന്
കൂറ ഉലാത്തിക്കൊണ്ടിരുന്നു

നേര്‍ത്തുനീണ്ട മീശത്തുമ്പുകൊണ്ടു പരതി
മുറിയിലതു നീങ്ങുന്നത്
പലരാത്രി കണ്ടതില്‍പ്പിന്നെയാണ്
യാദൃശ്ചികമായി ഞാനാദ്യം
ക്ലോക്കില്‍ നോക്കിയത്

പിറ്റേന്നും പിറ്റേന്നും ഉണര്‍ന്നുനോക്കി
കൃത്യം ഒന്നേകാല്‍
കൃത്യം അതേ കൂറതന്നെയോ
എന്നറിയാന്‍ എന്തുവഴി?
തറയിലതിന്റെ തഴക്കം കണ്ടാല്‍
അങ്ങനെത്തന്നെ

എങ്കില്‍ എങ്ങനെയത്
ഇത്ര കൃത്യം സമയമറിയുന്നു?
എന്തിന് രാത്രിസ്സവാരിക്ക്
ഇതേ സമയം തിരഞ്ഞെടുക്കുന്നു?

നിഗൂഢവും അത്ഭുതകരവുമായ ഒന്ന്
നിത്യവും ഈ തളത്തില്‍ സംഭവിക്കുന്നു

അതൊന്നും കൂസാതെ
നമ്മള്‍ നടക്കുന്നു എന്നേയുള്ളൂ
കുഞ്ഞിമോന്‍ തുള്ളിക്കളിക്കുന്നു എന്നേയുള്ളൂ
അടിക്കുന്നു, തുടയ്ക്കുന്നു,
പല്ലു പുളിക്കുന്ന ശബ്ദത്തില്‍ നമ്മള്‍
കസേലകള്‍ വലിച്ചുനീക്കുന്നു
എന്നേയുള്ളൂ.

 
At 1:10 PM, Blogger ആര്‍ബി said...

കൂറ വരുന്നതും കാത്ത് - ഈ തലക്കെട്ട് മാറ്റി സസ്പന്‍സ് ആക്കിയാല്‍ ഒന്നു കൂടി ഗംഭീരമാകുമായിരുന്നോ...????

:)‌

 
At 2:11 PM, Blogger കിനാവ് said...

അടുക്കളയിലേക്കും കിടപ്പറയിലേക്കുമൊക്കെ കടന്നുകയറുന്ന കൂറകളെ നന്നായി ആവിഷ്കരിച്ചിരിക്കുന്നു കവിതയില്‍. കുടുംബത്തിന്റെ കാവല്‍ഭടന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ‘ഞാന്‍’ ആ കൂറകള്‍ക്ക് സ്വാഗതം പറയുന്ന രീതി തികച്ചും അഭിനവ രാഷ്ട്രീയത്തിലെ ചില സംഭവങ്ങളിലേക്കല്ലേ വിരല്‍ ചൂണ്ടുന്നത്. വരുന്നത് ഒരു ജാരനോ കള്ളനോ ആകാമെന്ന് ആദ്യം തെറ്റിദ്ധരിപ്പിക്കുകയും പിന്നീട് അതൊരു പൂച്ചയോ എലിയോ ആകാമെന്നുള്ള നിലപാടിലെത്തുകയും യഥാര്‍ത്ഥത്തില്‍ അത് കൂറമാത്രമല്ലേ അതുകൊണ്ട് കുഴപ്പമൊന്നുമില്ല, അവളുടെ ഉറക്കം(ഭരണം) നഷ്ടപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കാം എന്ന് സമാശ്വസിക്കുകയും ചെയ്യുന്ന നല്ലവനായ ഭര്‍ത്താവ് ഇടതുപക്ഷരാഷ്ട്രീയത്തിലേക്കിരച്ചുകയറികൊണ്ടിരിക്കുന്ന മൂല്യശോഷണത്തെയല്ലേ വരച്ചുകാ‍ണിക്കുന്നത്.

 
At 2:38 PM, Blogger kaithamullu : കൈതമുള്ള് said...

ഞാന്‍ ഇരിങ്ങല്‍,

കവിത വായിച്ചു.
ആസ്വദിച്ച് വായിച്ചു.
ചിന്തിച്ച് വായിച്ചു.

ഇനി വായിച്ച് ആസ്വദിച്ച് ചിന്തിക്കണം.

 
At 7:22 AM, Blogger Sul | സുല്‍ said...

ഇനി കൂറയെ കാണാന്‍ ചൈനയില്‍ പോകണമെന്നാ ഹിറ്റുകാരു പറയുന്നത് :)

-സുല്‍

 
At 1:22 PM, Blogger sandoz said...

'എന്നിട്ടും ഞാന്‍
തിരിഞ്ഞു കിടന്നുറങ്ങാന്‍ വിധിക്കപ്പെടുന്നു
കാരണം
അവള്‍ ഉറങ്ങുകയാണ്'

എന്ന വരികളിലാണു സംഭവം ഇരിക്കണത്‌...
അവളെ വിളിച്ചുണര്‍ത്തിയാല്‍ എല്ലാ പ്രശ്നോം തീരും രാജുച്ചേട്ടാ...

 
At 7:12 PM, Anonymous രാജീവ് said...

കവിത എഴുതാന്‍ പ്രത്യേകിച്ച് വിഷയമൊന്നും വേണ്ട അല്ലേ. ബ്ലൊഗില്ലായിരുന്നെങ്കില്‍ ചിലരുടെയെങ്കിലും ഭാവനയും കഴിവുകളും കൂമ്പടഞ്ഞേനേ.

 
At 2:32 PM, Blogger നാടോടി said...

കൊള്ളാം

 

Post a Comment

Links to this post:

Create a Link

<< Home