ഞാന്‍ ഇരിങ്ങല്‍

Wednesday, November 07, 2007

ഒരു കാറ്റിന്‍റെ കഥ

ഒരു കാറ്റു വന്നപ്പോഴാണ്
തലയിലെ ഇലയനങ്ങിയത്

ഒരു ഇലയനങ്ങിയപ്പോഴാണ്
ഇരകളെല്ലാം ഓടി മാളത്തിലൊളിച്ചത്

ഒരു മാളം തുരന്നപ്പോഴാണ്
ദ്രവിച്ചു തീരാത്ത
ഒരസ്ഥി കയ്യില്‍ തടഞ്ഞത്.
ഒരു മനുഷ്യന്റെതാകാം
ഒരു കാട്ടു മൃഗത്തിന്റെതാകാം
ഒരിക്കലും തെളിയാത്ത
ഒരു കൊലപാതകത്തിന്‍റെ തെളിവുകളാകാം.


കടലില്‍ തീ പിടിച്ചപ്പോഴാണ്
കാറ്റ് ആ തലയില്‍ ഇരിപ്പിടം തേടിയത്
എല്ലാ വൈകുന്നേരങ്ങളിലും
തലക്കുടുക്കയിലൊരു
ഇരമ്പാര്‍ന്നൊരു കിളി എത്തുന്നു.
കഥപറയാനോ
അയവിറക്കാനോ


ഏതോ രാക്ഷസന്‍റെ ഊതലില്‍ നിന്ന് ഉറ പൊട്ടിയ

നീളമേതെന്നറിയാത്ത ദിക്കു തെറ്റിയ പട്ടം
കുതികുതിച്ചീ തലപ്പെരുപ്പിലൊരു
ഇടത്താവളംകണ്ടെത്തിയ പോലെ

ഇന്നുമാത്രമല്ലേ..

ഒരു സഹായമല്ലേ..

കരുണയല്ലേ...

എന്നേ കരുതിയുള്ളു

തളര്‍ന്നിരിക്കാനൊരു ദിവസമെങ്കിലും വേണമല്ലോ
ചാഞ്ഞ കൊമ്പിലല്ലേ കൂടൊരുക്കാന്‍ പറ്റൂ..!


നാളെ ഞാനിവിടെ
ഉണ്ടാകില്ലെന്ന് എങ്ങിനെ പറയും?
അറിയാതെ പറന്നെത്തി എന്‍റെ തലയന്വേഷിച്ച്
കാണാതെ വട്ടം ചുറ്റുന്ന കാറ്റ്
എന്നെ ശപിക്കുമോ?
അതൊ തിരിച്ചു പോകാന്‍ വഴിയറിയുമോ??


ഉപ്പുവെള്ളതില്‍ ലയിക്കുന്ന
കാറ്റിനെ എനിക്ക് സങ്കല്പിക്കാന്‍ കഴിയില്ല
ആയതിനാല്‍
ദ്രവിച്ചു തീരാത്ത
ഒരസ്ഥിയായ്
ഈ മണ്ണില്‍ ഞാന്‍ ‍
ഒരു കാറ്റിനായ് കാത്തിരിക്കട്ടേ.....

23 Comments:

At 11:36 AM, Blogger കുഴൂര്‍ വില്‍‌സണ്‍ said...

"നാളെ ഞാനിവിടെ
എത്തില്ലെന്ന് എങ്ങിനെ പറഞ്ഞു മനസ്സിലാക്കും?
അറിയാതെ പറന്നെത്തി എന്‍റെ തലയന്വേഷിച്ച്
കാണാതെ വട്ടം ചുറ്റുന്ന കാറ്റ്
എന്നെ ശപിക്കുമോ?
അതൊ തിരിച്ചു പോകാന്‍ വഴിയറിയുമോ??"

സ്ഥലകാലമെല്ലാം മറന്ന് പോയൊരു ശലഭമായ് നിന്നെ തിരഞ്ഞു എന്നുള്ളത് ഒരു സിനിമാപ്പാട്ടിലെ വരിയാണു. അത് മൂളിയാണ് ഇപ്പോള്‍ നടപ്പ്

ദേശാടനക്കിളികള്‍ എല്ലാത്തവണയും ഒരേ ദേശത്ത് എത്തുമ്പോള്‍ കഴിഞ്ഞ തവണ ഇരുന്ന മരം തന്നെ തിരയുമത്രേ. അതറഞ്ഞതിന്റെ സങ്കടം തീര്‍ന്നിട്ടില്ല.

“അതൊ തിരിച്ചു പോകാന്‍ വഴിയറിയുമോ? “

ഇല്ല
വഴികള്‍ മറന്ന് പോകുന്ന ചില യാത്രകള്‍ ഉണ്ട്.
നമ്മള്‍ നമ്മെ മറന്ന് വയ്ക്കുന്ന ചില ഇടങ്ങള്‍

ഈ കവിതയില്‍ എവിടെയോ ഞാന്‍ എന്നെ തന്നെ
മറന്ന് വച്ചിരിക്കുന്നു.

വിഷ്ണുമാഷ് ഏതോ ഒരു ബസ് സ്റ്റാന്‍ഡില്‍ വച്ച് താന്‍ ആരെന്നു മറന്ന് പോയതു പോലെ.

ഒരു നിമിഷത്തിന്റെ ഇടവേളയിലെ മൌനം പോലും സഹിക്കുന്നില്ല. ചിലര്‍ ഒറ്റയ്ക്കാവുന്നതും . ഇനി സങ്കടപ്പെടുത്താന്‍ മാത്രമാണു കവിതകള്‍ എങ്കില്‍, ഈ പരിപാടി ഞാനങ്ങോട്ട് നിര്‍ത്തും. ഏത് കവിതയേ

(കവിത ജീവിതമാണെന്ന് ഇനിയും പറയണോ ?)

 
At 11:36 AM, Blogger രാജു ഇരിങ്ങല്‍ said...

ഒരു മാളം തുരന്നപ്പോഴാണ്
ദ്രവിച്ചു തീരാത്ത
ഒരസ്ഥി കയ്യില്‍ തടഞ്ഞത്.
ഒരു മനുഷ്യന്റെതാകാം
ഒരു കാട്ടു മൃഗത്തിന്റെതാകാം
ഒരിക്കലും തെളിയാത്ത
ഒരു കൊലപാതകത്തിന്‍റെ തെളിവുകളാകാം.

 
At 12:14 PM, Blogger മുസിരിസ് said...

ഉപ്പുവെള്ളതില്‍ ലയിക്കുന്ന
കാറ്റിനെ എനിക്ക് സങ്കല്പിക്കാന്‍ കഴിയില്ല
ആയതിനാല്‍
ദ്രവിച്ചു തീരാത്ത
ഒരസ്ഥിയായ്
ഈ മണ്ണില്‍ ഞാന്‍ ‍
ഒരു കാറ്റിനായ് കാത്തിരിക്കട്ടേ.....

വരികള്‍ നന്നായിട്ടുണ്ട്,

പലരു ആ കാറ്റിനുവേണ്ടി കാത്തിരിക്കുകയാണ്...
പക്ഷെ വരാന്‍ വൈകുന്നോ ?

അല്ലെങ്കില്‍ കാലചക്രത്തിന്റെ അച്ചുതണ്ടില്‍ തടഞ്ഞു നില്‍ക്കുന്നോ... അറിയില്ല.

കാറ്റിനായ് തല കാത്തിരിക്കുന്നു, സ്വാര്‍ത്ഥത തൊട്ടു തീണ്ടാത്ത വരികള്‍, രാജു മാഷെ ഇങ്ങനെയുള്ള തലകള്‍ കുറവല്ലേ തീരത്ത്?

(ചെറുതാക്കി എഴുതിയിരുന്നെങ്കില്‍ ഒന്നുകൂടീ ഗാഡത കൂടുമായിരുന്നു എന്നെനിക്കു തോന്നുന്നു)

സ്നേഹപൂര്‍വ്വം

 
At 2:38 PM, Blogger MOHAN PUTHENCHIRA (മോഹന്‍ പുത്തന്‍‌ചിറ) said...

കടലിനു തീ പിടിക്കുമ്പോള്‍, ഇരിക്കാനിടം തേടി ഭ്രാന്തമായി കാറ്റലയുമ്പോള്‍, സ്വന്തം തല തന്നെ നീട്ടി കാറ്റിനായി കാത്തിരിക്കുന്ന വൃക്ഷം. ഭാവനയും വരികളും നന്നായിരിക്കുന്നു.

 
At 6:37 PM, Blogger വാല്‍മീകി said...

നല്ല വരികള്‍. വളരെ നല്ല ആവിഷ്കാരം.

 
At 8:42 PM, Blogger ബാജി ഓടംവേലി said...

നല്ല കവിത. അഭിനന്ദനങ്ങള്‍

 
At 10:36 PM, Blogger വിഷ്ണു പ്രസാദ് said...

കാത്തുവെക്കുകയാണല്ലേ...
ഒരാളെങ്കിലും വന്നുമടങ്ങാതിരിക്കാന്‍ അസ്ഥിയായെങ്കിലും അവശേഷിക്കാമെന്നുള്ള വിചാരം സ്നേഹത്തെ വിലമതിക്കുന്നവന്റേതാണ്.സ്നേഹം കൊതിക്കുന്നവന്റേതുമാണ്...

 
At 6:18 AM, Blogger Pramod.KM said...

ദേശാടനക്കാറ്റിന്റെ കഥ നന്നായി:)

 
At 10:45 AM, Blogger കുഞ്ഞന്‍ said...

മാഷെ,

കവിതയെ കമ്യൂണിസ്റ്റുകാരുമായി കൂട്ടി വായിക്കാനാണെനിക്കു പറ്റിയത്..

പാര്‍ട്ടിക്ക് തളര്‍ച്ചവരുമ്പോള്‍ സൈദ്ധാന്തികമായി അതിനെ കരകയറ്റിയിരുന്നത് സ.E.M.S ആയിരുന്നു. അതിനുശേഷം ഒരു പരധിവരെ ആ ഭാഗം കൈകാര്യം ചെയ്തത് സ.M.N.V യും..

പാര്‍ട്ടിക്കു പ്രതിരോധിക്കേണ്ട അവസ്ഥവന്നപ്പോള്‍ അതെനെ പൊരുതാന്‍ മുന്നില്‍ നിന്നത് ഒരസ്ഥിയുടെ രൂപത്തില്‍ സ. എമ്മെന്‍ ആയിരുന്നു. കടലില്‍ തീപിടിച്ചെന്നു പറയുന്നത്, ആവിശ്യം വന്നപ്പോള്‍ അദ്ദേഹത്തിനെ പാര്‍ട്ടിക്കു വേണമായിരുന്നു.

പാര്‍ട്ടിയുടെ വഴിവിട്ട പോക്കുകള്‍ കണ്ടപ്പോള്‍, അതിനെ എതിര്‍ത്തപ്പോള്‍, മുഖം രക്ഷിക്കാനായി പാര്‍ട്ടിക്കപ്പോള്‍ ചാഞ്ഞ കൊമ്പായി സ. എമ്മെന്‍ നിലകൊണ്ടു..

കവി മുന്‍‌കൂട്ടി കാണുന്നു, നാളെ വീണ്ടും പാര്‍ട്ടിക്ക് സ.എമ്മെന്‍ ആവിശ്യമായിവരുമെന്നും,പശ്ഛാത്താപം ഉണ്ടാകുമെന്നും, കറിവേപ്പില പോലെയായ എമ്മെനിന്, പാര്‍ട്ടി നാശത്തിലേക്കു കൂപ്പുകുത്തുന്നത് സങ്കല്പിക്കാനാകുമായിരിന്നില്ല. ആയതിനാല്‍ തെറ്റു തിരുത്തുവാനായി പുതിയൊരു എമ്മെന്‍മാര്‍ വരുമെന്ന് കവി പ്രത്യാശിക്കുന്നു..

 
At 12:52 PM, Blogger ആര്‍ബി said...

നാമില്ലതാക്കുന്ന വനങ്ങളുടെ ആത്മരോദനമാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്...

ഇനിയെങ്കിലും എല്ലാവരും കണ്ണു തുറന്നെങ്കില്‍....

നല്ല ആശയം
നല്ല വരികള്‍....

ആശംസകള്‍...

 
At 1:17 PM, Blogger സപ്ന അനു ബി. ജോര്‍ജ്ജ് said...

തീപിടിച്ച കടലായും‍,ദിക്കു തെറ്റിയ പട്ടമായും,
ഉപ്പുവെള്ളത്തില്‍ ലയിക്കുന്ന കാറ്റിനോ‍ടൊപ്പം ദ്രവിച്ചു തീരാത്തൊരസ്ഥിയായി ഞാന്‍
അയവിറക്കാനെത്തുന്ന കിളിയാ‍യി ഞാന്‍
ഈ വരികളില്‍ സ്വാന്തനം തേടി എത്തിയത്!

 
At 2:36 PM, Blogger മുരളി മേനോന്‍ (Murali Menon) said...

ഇരമ്പാര്‍ന്ന കിളിയുടെ സ്ഥിരതാവളമായ് മാറട്ടെ തല. നന്നായിരിക്കുന്നു.

 
At 9:31 PM, Blogger വേണു venu said...

തല തറുതല ആവാത്ത വരികള്‍‍.
അവശേഷിക്കുക.
പട്ടടയിലും അണയാത്ത ആവേശമായി. സ്നേഹത്തിന്‍റെ മറുതലകള്‍ക്കു് സ്തോത്രം.

 
At 11:25 AM, Blogger ലാപുട said...

നല്ല കവിത.

ഒരുപാട് വ്യഥകളുടെ ഊടും പാവുമുണ്ട് ഇതിന്റെ വാക്കുനെയ്ത്തില്‍..

 
At 3:18 PM, Blogger കിനാവ് said...

നാളെ ഞാനിവിടെ
ഉണ്ടാകില്ലെന്ന്... :(

 
At 5:11 PM, Blogger നിര്‍മ്മല said...

ഈ മണ്ണില്‍ ഞാന്‍ ‍
ഒരു കാറ്റിനായ് കാത്തിരിക്കട്ടേ.....

കാത്തിരിപ്പിനിടയില്‍ ഈ വരികളാശ്വാസമാകുന്നു!

 
At 5:36 PM, Blogger സഹയാത്രികന്‍ said...

“ഉപ്പുവെള്ളതില്‍ ലയിക്കുന്ന കാറ്റിനെ എനിക്ക് സങ്കല്പിക്കാന്‍ കഴിയില്ല
ആയതിനാല്‍
ദ്രവിച്ചു തീരാത്ത ഒരസ്ഥിയായ് ഈ മണ്ണില്‍ ഞാന്‍ ‍
ഒരു കാറ്റിനായ് കാത്തിരിക്കട്ടേ.....

കൊള്ളാം... :)

 
At 5:49 PM, Blogger മയൂര said...

:)

 
At 2:18 PM, Blogger kaithamullu : കൈതമുള്ള് said...

ഇന്നുമാത്രമല്ലേ..

ഒരു സഹായമല്ലേ..

കരുണയല്ലേ...

എന്നേ കരുതിയുള്ളു ....

-മാഷെ, വ്യക്തമായ ദര്‍ശനങ്ങള്‍, വെളിപാടുകള്‍....

വിത്സന്‍ കൂടുതല്‍ എഴുതിയിരുന്നെങ്കില്‍ ഈ കവിത ഞാന്‍ കൂടുതല്‍ ആസ്വദിക്കുമായിരുന്നെന്ന് തോന്നി. ജീവിതം തന്നെയല്ലേ കവിത വിത്സാ!

 
At 1:39 PM, Blogger ചിത്രകാരന്‍chithrakaran said...

കടലിനെ വിഴുങ്ങാന്‍ ശ്രമിക്കുന്ന തിയ്യാകാനോ, വഴുതിയോടുന്ന കാറ്റാകാനോ ശ്രമിക്കാതെ ...
കാറ്റിന്റെ വരവും പ്രതീക്ഷിച്ച് ഒരു മുഴം തെളിവുമായ് കവി മണ്ണിനടിയിലെ അസ്തിക്കഷണമായി കാത്തിരിക്കുകയാണോ?

 
At 6:04 PM, Blogger ശശി said...

കവിത നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍.

 
At 6:15 PM, Blogger രാഹുല്‍ ഗോപാലന്‍ said...

:)

 
At 11:05 PM, Blogger രാജു ഇരിങ്ങല്‍ said...

ആദ്യകമന്‍ റുകാരന്‍.. അതും വിത്സന്‍ ചേട്ടനെ പോലുള്ളവര്‍ വരുമ്പോള്‍ സന്തോഷവും ഒപ്പം ഇത്തിരി പേടിയും. ഇഷ്ടപ്പെട്ടെന്നറിയുമ്പോള്‍ ഒരു പാട് സന്തോഷം
വായിച്ചവര്‍ക്കും കമന്‍ റിയവര്‍ക്കും ഒരു പാട് സ്നേഹം
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

 

Post a Comment

Links to this post:

Create a Link

<< Home