ഞാന്‍ ഇരിങ്ങല്‍

Sunday, December 30, 2007

ബേനസീറിന്‍റെ കാമുകന്‍

ആമുഖം:
ബേനസീര്‍ മരിക്കുന്നതിന് കൃത്യം 7 ദിവസം മുമ്പ് എഴുതി അപൂര്‍ണ്ണമാക്കി വച്ച കവിത അതേ രൂപത്തില്‍ പ്രസിദ്ധീകരിക്കുന്നു. ബേനസീറിന്‍റെ ജീവിതം പോലെ ഈ കവിതയും അപൂര്‍ണ്ണമായി കിടക്കട്ടെ. ആദ്യം കരുതി ഒന്ന് മിനുക്കി ചില വരികള്‍ കൂട്ടി ച്ചേര്‍ക്കാം എന്ന്. പക്ഷെ വേണ്ടെന്ന് മനസ്സ് പറഞ്ഞതിനാല്‍ അങ്ങിനെ തന്നെ വായനക്കാര്‍ക്കായ്.


ബേനസീറിന്‍റെ കാമുകന്‍
ഈ വഴിയോരത്ത് വച്ച്
തിരക്കുകള്‍ക്കിടയില്‍ ഒന്ന് കാണുക
ഇടതു ചെവിയില്‍ നീ
വെളുത്ത തട്ടത്താല്‍
ഒളിപ്പിച്ചു വയ്ക്കാറുള്ള
മറുക് ഒരു നോട്ടം കാണുക
അവിടെ തന്നെ ഇല്ലേന്ന് പരിശോധിക്കുക
അതായിരുന്നു ഉദ്ദേശ്യം.

വീട്ടുതടങ്കലില്‍ നിന്ന്
ഇടയ്ക്കെങ്കിലും ഒളിച്ചൊളിച്ച്
എന്‍റേ തുമ്പും പിടിച്ച്
കമ്പള വില്പനക്കാരനില്‍ നിന്ന്
പരുത്തിയില്‍ മെനഞ്ഞ ഊഞ്ഞാല്‍ വാങ്ങുമ്പോള്‍
നീ എത്രമാത്രം സ്നേഹിച്ചു
നിന്‍റെ നാടിനെ
എന്നെ
എന്ന് ഞാനോര്‍ക്കാതിരുന്നില്ല.

കറുത്ത മറുകില്‍ നീയൊരു മൊഞ്ചത്തിതന്നെയെന്ന്
ഒരു ചുവന്ന സന്ധ്യയിലാണ് നിന്നോട് മന്ത്രിച്ചത്
അന്നായിരുന്നല്ലൊ നീ വജ്രമോതിരം
വെറുതെയെങ്കിലും എനിക്കണിയാന്‍ തന്നത്.
ചുവപ്പ് കല്ലുവച്ച് മോതിരങ്ങള്‍
ഭാഗ്യം കൊണ്ടുവരുമെന്ന്
എന്നെ വിശ്വസിപ്പിച്ചതും നീ തന്നെയായിരുന്നുവല്ലൊ.

പാ‍ലായനത്തിന്‍റെ
ഉഷ്ണരാത്രിയില്‍
പെഷവാറിനെ വെറിപിടിപ്പിച്ചെന്ന്
പത്രങ്ങളില്‍ നിന്നാണ്
ഞാന്‍ വാ‍യിച്ചു തീര്‍ത്തത്.

എങ്കിലും ചുണ്ടിനു താഴെയായി
കറുത്തുനില്‍ക്കുന്ന കണ്ണേറുതട്ടാത്ത
ആ കാക്കപ്പുള്ളി സുരക്ഷിതമാണെന്നറിയുമ്പോള്‍
കാറ്റായി വന്ന് പൊതിയാനും
കുളീരായ് വന്നു മൂടാനും
യാര്‍നാക്കിലെ രാത്രിയില്‍ കൊതിച്ചുറങ്ങിയത്
നീ അറിയുന്നുണ്ടായിരുന്നൊ?

നീ തിരിച്ചു വരുന്നെന്ന് അറിഞ്ഞപ്പോള്‍
പിടച്ചത് എന്‍റെ ഇടതു നെഞ്ചിലെ നീലഞരമ്പ്
ഇടതു കണ്‍ പോള
വലതു കയ്യിലെ തള്ളവിരല്‍
ഉള്ളം കയ്യിലൊരു തിരയിളക്കം
ഒരു കാറ്റ്
ഒരു മേളം

എന്നാലും
ഈ വഴിയോരത്ത് വച്ച്
ചോരപുരണ്ട് കണ്ടപ്പോള്‍
നീ തന്നെയോ എന്ന്
എന്നെ നോക്കി എന്തിനാണ്?

പുകയാല്‍ മൂടിയ
ഹഡ്ഗി ഖുദയിലെ
പാറക്കൂട്ടങ്ങളെ നോക്കി
നിനക്കിനി എന്താണ് പറയുവാനുള്ളത്?
നീ തിരിച്ചെത്തിയെന്നോ?
നിനക്കായ് രക്താഭിഷേകം ചെയ്തവര്‍ക്കായ്
നാളെയുടെ വാതില്‍ തുറക്കുമെന്നോ?

ഇടതു കയ്യും
വലതു കൈയ്യും
വിഹായസ്സിലേക്കുയര്‍ത്തി
തൂക്കുമരത്തിലേറ്റപ്പെട്ട
നിന്‍റെ ബാബയോട്
ഹേ അല്ലാഹ്.. ഹേ അല്ലാഹ് എന്ന് മന്ത്രിക്കാം.

Friday, December 28, 2007

പാലം കടക്കുവോളം

സിനിമ കാണാന്‍ പോകുമ്പോള്‍
ആദ്യവസാനം കാണണം എന്ന് പഠിപ്പിച്ചത്
നീതന്നെയാണ്
ജീവിതവും അങ്ങിനെ തന്നെ.

ജീവിതം കഥയില്ലാത്ത
ഒരു ദുഷിച്ച പാലം കടന്നാണ്
നമ്മള്‍ കണ്ടു മുട്ടിയത്.

പേനെടുത്തും മുടിചീ‍കിയും
കവിത എഴുതിയും
ആ മരമീമരം ചൊല്ലി
ഞാന്‍ വീടെന്ന മരച്ചുവട്ടിലെത്തി
കുടിക്കാന്‍ ജലവും
കിടക്കാന്‍ പായയും
എഴുതാന്‍ പേനയും തന്നു നീ.

പുലര്‍ന്നപ്പോള്‍
എന്‍റെ കൈകളില്‍
മണക്കുന്ന ചോര
നീ പറഞ്ഞു
ഇത് എന്‍റെ തന്നെ രക്തം
നീ പാനം ചെയ്തോളൂന്ന്

എനിക്കറിയില്ലായിരുന്നു
കൈകള്‍ക്കിടയില്‍ വച്ച്
പേനിനു പകരം ഞെരിച്ചത്
നിന്‍റെ കഴുത്തായിരുന്നെന്ന്

എനിക്കറിയില്ലായിരുന്നു
മുടിചീകുന്നതിനു പകരം
ഞാന്‍
വടിവാളുകൊണ്ട് വെട്ടുകായിരുന്നെന്ന്

എനിക്കറിയില്ലായിരുന്നു
ഞാനെഴുതുന്നത്
നിന്‍റെ കവിതയായിരുന്നെന്ന്

ഞാനിപ്പോള്‍ നിന്‍റെ വീട്ടിലാണ്
നിനാക്കായ് ഒരു അവാര്‍ഡ് പ്രഖ്യാപിക്കാന്‍
നിനക്കായ് ഒരു സ്മാരകം പണിയുവാന്‍
നിനക്കായ് ഒരു ശതാബ്ദി ആഘോഷിക്കാന്‍.


എന്നിട്ടും തീരുന്നില്ലല്ലോ ദൈവമേ എന്‍റെ
കയ്യിലെ ഈ രക്തക്കറ!!!

Labels: