ഞാന്‍ ഇരിങ്ങല്‍

Sunday, December 30, 2007

ബേനസീറിന്‍റെ കാമുകന്‍

ആമുഖം:
ബേനസീര്‍ മരിക്കുന്നതിന് കൃത്യം 7 ദിവസം മുമ്പ് എഴുതി അപൂര്‍ണ്ണമാക്കി വച്ച കവിത അതേ രൂപത്തില്‍ പ്രസിദ്ധീകരിക്കുന്നു. ബേനസീറിന്‍റെ ജീവിതം പോലെ ഈ കവിതയും അപൂര്‍ണ്ണമായി കിടക്കട്ടെ. ആദ്യം കരുതി ഒന്ന് മിനുക്കി ചില വരികള്‍ കൂട്ടി ച്ചേര്‍ക്കാം എന്ന്. പക്ഷെ വേണ്ടെന്ന് മനസ്സ് പറഞ്ഞതിനാല്‍ അങ്ങിനെ തന്നെ വായനക്കാര്‍ക്കായ്.


ബേനസീറിന്‍റെ കാമുകന്‍
ഈ വഴിയോരത്ത് വച്ച്
തിരക്കുകള്‍ക്കിടയില്‍ ഒന്ന് കാണുക
ഇടതു ചെവിയില്‍ നീ
വെളുത്ത തട്ടത്താല്‍
ഒളിപ്പിച്ചു വയ്ക്കാറുള്ള
മറുക് ഒരു നോട്ടം കാണുക
അവിടെ തന്നെ ഇല്ലേന്ന് പരിശോധിക്കുക
അതായിരുന്നു ഉദ്ദേശ്യം.

വീട്ടുതടങ്കലില്‍ നിന്ന്
ഇടയ്ക്കെങ്കിലും ഒളിച്ചൊളിച്ച്
എന്‍റേ തുമ്പും പിടിച്ച്
കമ്പള വില്പനക്കാരനില്‍ നിന്ന്
പരുത്തിയില്‍ മെനഞ്ഞ ഊഞ്ഞാല്‍ വാങ്ങുമ്പോള്‍
നീ എത്രമാത്രം സ്നേഹിച്ചു
നിന്‍റെ നാടിനെ
എന്നെ
എന്ന് ഞാനോര്‍ക്കാതിരുന്നില്ല.

കറുത്ത മറുകില്‍ നീയൊരു മൊഞ്ചത്തിതന്നെയെന്ന്
ഒരു ചുവന്ന സന്ധ്യയിലാണ് നിന്നോട് മന്ത്രിച്ചത്
അന്നായിരുന്നല്ലൊ നീ വജ്രമോതിരം
വെറുതെയെങ്കിലും എനിക്കണിയാന്‍ തന്നത്.
ചുവപ്പ് കല്ലുവച്ച് മോതിരങ്ങള്‍
ഭാഗ്യം കൊണ്ടുവരുമെന്ന്
എന്നെ വിശ്വസിപ്പിച്ചതും നീ തന്നെയായിരുന്നുവല്ലൊ.

പാ‍ലായനത്തിന്‍റെ
ഉഷ്ണരാത്രിയില്‍
പെഷവാറിനെ വെറിപിടിപ്പിച്ചെന്ന്
പത്രങ്ങളില്‍ നിന്നാണ്
ഞാന്‍ വാ‍യിച്ചു തീര്‍ത്തത്.

എങ്കിലും ചുണ്ടിനു താഴെയായി
കറുത്തുനില്‍ക്കുന്ന കണ്ണേറുതട്ടാത്ത
ആ കാക്കപ്പുള്ളി സുരക്ഷിതമാണെന്നറിയുമ്പോള്‍
കാറ്റായി വന്ന് പൊതിയാനും
കുളീരായ് വന്നു മൂടാനും
യാര്‍നാക്കിലെ രാത്രിയില്‍ കൊതിച്ചുറങ്ങിയത്
നീ അറിയുന്നുണ്ടായിരുന്നൊ?

നീ തിരിച്ചു വരുന്നെന്ന് അറിഞ്ഞപ്പോള്‍
പിടച്ചത് എന്‍റെ ഇടതു നെഞ്ചിലെ നീലഞരമ്പ്
ഇടതു കണ്‍ പോള
വലതു കയ്യിലെ തള്ളവിരല്‍
ഉള്ളം കയ്യിലൊരു തിരയിളക്കം
ഒരു കാറ്റ്
ഒരു മേളം

എന്നാലും
ഈ വഴിയോരത്ത് വച്ച്
ചോരപുരണ്ട് കണ്ടപ്പോള്‍
നീ തന്നെയോ എന്ന്
എന്നെ നോക്കി എന്തിനാണ്?

പുകയാല്‍ മൂടിയ
ഹഡ്ഗി ഖുദയിലെ
പാറക്കൂട്ടങ്ങളെ നോക്കി
നിനക്കിനി എന്താണ് പറയുവാനുള്ളത്?
നീ തിരിച്ചെത്തിയെന്നോ?
നിനക്കായ് രക്താഭിഷേകം ചെയ്തവര്‍ക്കായ്
നാളെയുടെ വാതില്‍ തുറക്കുമെന്നോ?

ഇടതു കയ്യും
വലതു കൈയ്യും
വിഹായസ്സിലേക്കുയര്‍ത്തി
തൂക്കുമരത്തിലേറ്റപ്പെട്ട
നിന്‍റെ ബാബയോട്
ഹേ അല്ലാഹ്.. ഹേ അല്ലാഹ് എന്ന് മന്ത്രിക്കാം.

33 Comments:

At 12:33 AM, Blogger ഞാന്‍ ഇരിങ്ങല്‍ said...

ഈ വഴിയോരത്ത് വച്ച്
തിരക്കുകള്‍ക്കിടയില്‍ ഒന്ന് കാണുക
ഇടതു ചെവിയില്‍ നീ
വെളുത്ത തട്ടത്താല്‍
ഒളിപ്പിച്ചു വയ്ക്കാറുള്ള
മറുക് ഒരു നോട്ടം കാണുക
അവിടെ തന്നെ ഇല്ലേന്ന് പരിശോധിക്കുക
അതായിരുന്നു ഉദ്ദേശ്യം.

 
At 12:52 AM, Blogger purakkadan said...

നന്നായിരിക്കുന്നു....

 
At 8:32 AM, Blogger വേണു venu said...

ഇടതു കയ്യും
വലതു കൈയ്യും
വിഹായസ്സിലേക്കുയര്‍ത്തി
തൂക്കുമരത്തിലേറ്റപ്പെട്ട
നിന്‍റെ ബാബയോട്
ഹേ അല്ലാഹ്.. ഹേ അല്ലാഹ് എന്ന് മന്ത്രിക്കാം.
അതേ. വളരെ ശരി...
നല്ല എഴുത്ത്.

 
At 9:21 AM, Blogger G.manu said...

എന്നാലും
ഈ വഴിയോരത്ത് വച്ച്
ചോരപുരണ്ട് കണ്ടപ്പോള്‍
നീ തന്നെയോ എന്ന്
എന്നെ നോക്കി എന്തിനാണ്?

mashe..pidichulachu ee varikal

 
At 9:45 AM, Blogger ഞാന്‍ ഇരിങ്ങല്‍ said...

പുറക്കാടന്‍.. ആദ്യ കമന്‍ റിന് നന്ദി.
താങ്കളുടെ ബ്ലോഗ് ഇതു വരെ വായിച്ചിട്ടില്ല. വായിക്കാം. ഇപ്പോള്‍ പലപ്പോഴും ബ്ലോഗ് വായന നടക്കാറില്ല.

വേണുവേട്ടാ.. നന്ദി വായിച്ചതിലും അഭിപ്രായം പ്രകടിപ്പിച്ചതിലും.

മനു:) നമ്മള്‍ ഒരു പാട് നാളുകളായി ഒന്ന് ബ്ലോഗില്‍ മീറ്റിയിട്ട് അല്ലേ... എന്നെ ശ്രദ്ധിക്കുന്നുവെന്നറിയുന്നതില്‍ സന്തോഷാം.
ബ്ലോഗ് വായനയും എഴുത്തും കാര്യമായി നടക്കുന്നില്ല.
ഇതു തന്നെ ഒരു പ്രവചനം പോലെ ബേനസീര്‍ മരിക്കും മുമ്പ് എന്‍റെ കയ്യാല്‍ എഴുതപ്പെട്ട ചില വരികള്‍ അപൂര്‍ണ്ണമായാണ് എഴുതിയത്.

ബേനസീറിന്‍റെ കാമുകനെ കുറിച്ച് വായനക്കാര്‍ ആരും ചോദിച്ചില്ലെന്നത് എന്നെ സന്തോഷിപ്പിച്ചു. !!

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

 
At 11:28 AM, Blogger സനാതനന്‍ said...

എനിക്ക് ആദ്യവായനയില്‍ ചില കവിത്കള്‍ മനസിലാകും.ചിലതു മനസിലാകില്ല.മറ്റുചിലതുണ്ട് മനസിലായില്ലെങ്കിലും ഒരു കുളിര്‍ വയലില്‍ കാറ്റു വീശുമ്പോലെ ഇളകിയവസാനിക്കും അങ്ങനെയുള്ള കവിതകളുടെ അര്‍ഥം ഞാന്‍ ചികയാറില്ല.പക്ഷേ അവ ഞാന്‍ മറക്കാറില്ല.ഇത് അത്തരത്തിലൊന്നാണ്.സന്തോഷം.

 
At 11:48 AM, Blogger ഞാന്‍ ഇരിങ്ങല്‍ said...

ഒരു കുളിരെങ്കിലും നല്‍കിയെങ്കില്‍
അത് സന്തോഷപ്രദം തന്നെ
സനാതനാ.. നന്ദി

 
At 10:39 AM, Blogger പൊതുവാള് said...

ഇരിങ്ങലേ :)
പുതുവത്സരാശംസകള്‍.....

കുറേക്കാലത്തിനു ശേഷമാണ് താനകളെ വായിക്കുന്നത്.

കവി കാലത്തിനു മുന്നേ നടക്കുന്നവന്‍ എന്നതിവിടെ സത്യമാകുന്നു.

“നീ എത്രമാത്രം സ്നേഹിച്ചു
നിന്‍റെ നാടിനെ
എന്നെ
എന്ന് ഞാനോര്‍ക്കാതിരുന്നില്ല.“

ഏതൊരു നാടിനും പ്രിയ കാമുകനോ കാമുകിക്കോ തുല്ല്യമാണ് , മറ്റുള്ളവര്‍ക്കിടയിലൂടെ ആഹ്ലാദകരമായി തന്നെ കൈപിടിച്ച് നടത്തിയ ജനകീയ നായകര്‍.പാക്കിസ്ഥനൊരുപക്ഷെ അതു ബേനസീറാകാം.

മിനുക്കു പണികള്‍ നടത്തിയില്ലെങ്കിലും കവിതയുടെ ഉരുക്കു ചട്ടക്കൂട് നന്നായിരീക്കുന്നു.

 
At 10:59 AM, Blogger ഞാന്‍ ഇരിങ്ങല്‍ said...

പൊതുവാള്‍..
താങ്കളെ പോലുള്ള നല്ല വായനക്കാരുടെ ഒരു പ്രതികരണം തന്നെ എനിക്ക് ഏറെ സന്തോഷം നല്‍കുന്നവയാണ്. താങ്കളെ ഈയിടെയായി ബ്ലോഗിലൊന്നും കാണാറേ ഇല്ലല്ലോ..
ഞാനും ബ്ലോഗില്‍ തീരെ സജീവമല്ല. വല്ലപ്പോഴും എന്തെങ്കിലും കുറിക്കുന്നു അത്രേ ഉള്ളൂ.

സ്നേഹത്തിന്‍റേ യും സമാധാനത്തിന്‍റേയും നവവത്സരംസകള്‍ നേരുന്നു..

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

 
At 11:40 AM, Blogger കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

ഇരിങ്ങലേ ... കവിത വളരെ നന്നായിരുന്നു .. ജീവിതയാത്രക്കിടയില്‍ ആസ്വാദനശേഷി പരുക്കനായിപ്പോയത് കൊണ്ടാവണം ഞാന്‍ ഇപ്പോഴൊന്നും കവിതകളോ മറ്റ് ഫിക്‍ഷനോ ഒന്നും വായിക്കാറില്ല. ഒരിക്കല്‍ കടമ്മനിട്ടയും ചുള്ളിക്കാടും ഒക്കെ ഹരമായിരുന്നു എന്ന് ഒരു നഷ്ടബോധത്തോടെ ഓര്‍ക്കുന്നു . എന്നാലും ചിലപ്പോള്‍ ചില കവിതകളും കഥകളും ബ്ലോഗില്‍ വായിച്ച് , എന്നിലെ ആസ്വാദനശേഷി തീരെ മരവിച്ചിട്ടില്ല എന്ന് ഉറപ്പാക്കാറുണ്ട് . ഈ കവിത എനിക്കങ്ങനെയൊരവസരം നല്‍കി . ഒരു പക്ഷെ ബേനസീര്‍ ഇഫക്റ്റ് അതിനൊരു കാരണമാവാം . ഏതൊരു അകാലമൃത്യുവും എന്നെ അസ്വസ്ഥനാക്കാറുണ്ട് .
പുതുവത്സരാശംസകളോടെ ,
കെ.പി.എസ്.

 
At 12:26 PM, Blogger ഞാന്‍ ഇരിങ്ങല്‍ said...

സുകുമാരേട്ടാ‍.
സ്നേഹത്തിന്‍റേയും സമാധാനത്തിന്‍റെയും പുതുവത്സരാശംസകള്‍ നേരുന്നു.
ബേനസീര്‍ ഒരു ചരിത്രമാവുകയാണ് ചെയ്തത്.
ആശയപരമായി ഒരുപാട് വ്യത്യാസമുണ്ടാകാം.എങ്കീലും ബേനസീര്‍ പാക്ക് ജനതയുടെ ആവേശമായിരുന്നു എന്നുള്ളതാണ് വസ്തുത. തമ്മില്‍ ഭേദം തൊമ്മനെന്ന നിലപാടിലേക്ക് പാക്ക് ജനത എത്തിച്ചേര്‍ന്ന അവസരത്തിലാണ് വിധി ബേനസീറിനെ കൂട്ടിക്കൊണ്ടുപോയത്.
രാഷ്ട്രീയ അസ്ഥിരത ഒരു രാജ്യത്ത് ഉണ്ടാവണമെങ്കില്‍ ആ വ്യക്തിക്ക് രാജ്യത്തിലെ പൌരന്‍ മാര്‍ നല്‍കിയ മൂല്യത്തെക്കുറിച്ച് ബോധവാന്മാരാക്കും നമ്മെ.
ഇവിടെ ബേനസീര്‍ എന്ന രക്തസാക്ഷി ഹൃദയങ്ങളില്‍ നിന്‍ ഹൃദയങ്ങളിലേക്ക് പകരുകയാണ് . ഒരു തീ പോലെ പടരുന്നു.

 
At 12:41 PM, Blogger അനിലന്‍ said...

ബേനസീറിന്റെ കാമുകാ...
നല്ല കവിത

നവവത്സരാശംസകളോടെ
അനില്‍

 
At 3:30 PM, Blogger MOHAN PUTHENCHIRA (മോഹന്‍ പുത്തന്‍‌ചിറ) said...

യാ അല്ലാഹ് -
ബേനസീര്‍ ഇനി നിന്റെ അടുത്ത് സുരക്ഷിത.
അവരെ അവിടെ എത്തിച്ചവരാരെന്ന് ലോകം ഒരിക്കലും അറിഞ്ഞെന്നു വരില്ല. ഒരു നേതാവിനെക്കൂടി നഷ്ടപ്പെട്ട പാക് ജനതയുടെ
ദുര്യോഗങ്ങള്‍ എന്നു തീരുമെന്നും പറയാനാകില്ല.

ബേനസീറിനെക്കുറിച്ചുള്ള ഇരിങ്ങലിന്റെ കവിത വളരെ വ്യത്യസ്തവും ഹൃദ്യവുമായിരിക്കുന്നു. പുതുവത്സരാശംസകള്‍.

 
At 9:38 PM, Blogger കിനാവ് said...

പൂര്‍ണ്ണമല്ല പൂര്‍ണ്ണമല്ല എന്ന് പറഞ്ഞപ്പോള്‍ ഇത്രക്ക് പൂര്‍ണ്ണമാകുമെന്ന് കരുതിയില്ല, ഭംഗിയും.

 
At 6:40 AM, Blogger വല്യമ്മായി said...

ബേനസീറിനെ കുറിച്ച് ലോകത്തിന്റെ മുഴുവന്‍ ആകുലതയും കാമുകന്റെ വാക്കുകളില്‍ നന്നായവതരിപ്പിച്ചിരിക്കുന്നു.

 
At 12:04 PM, Blogger നാസര്‍ കൂടാളി said...

എങ്കിലും ചുണ്ടിനു താഴെയായി
കറുത്തുനില്‍ക്കുന്ന കണ്ണേറുതട്ടാത്ത
ആ കാക്കപ്പുള്ളി സുരക്ഷിതമാണെന്നറിയുമ്പോള്‍
കാറ്റായി വന്ന് പൊതിയാനും
കുളീരായ് വന്നു മൂടാനും
യാര്‍നാക്കിലെ രാത്രിയില്‍ കൊതിച്ചുറങ്ങിയത്
നീ അറിയുന്നുണ്ടായിരുന്നൊ?

സമകാലിക വിഷയങ്ങള്‍ കയ്കാര്യം ചെയ്യുന്നതില്‍
നീ കേമന്‍ തന്നെ

 
At 2:15 PM, Blogger Kiranz..!! said...

ഹോട്ടല്‍ റുവാണ്ട എന്ന ചിത്രത്തില്‍ നായകനായ പോളിനോട് വിദേശപത്രവര്‍ത്തകന്‍ പറയുന്ന ഒരു വാചകം ഉണ്ട്..“പോള്‍,ലോകം മനുഷ്യക്കുരുതികള്‍ ഞെട്ടലോടെ കാണും,അടുത്ത നിമിഷം തന്താങ്ങളുടെ വീഞ്ഞുകോപ്പയില്‍ അടുത്ത പെഗ്ഗൊഴിക്കും”,

ബേനസീറിന്റെ മരണം ഞെട്ടലോടെ ശ്രവിച്ചു,നിസംഗതയോടെ തുടര്‍ന്നുള്ള വാര്‍ത്തകള്‍ കാണുന്നു.

അവരുടെ മരണത്തിനു ഏഴുദിവസത്തിനു മുന്‍പെഴുതിയെങ്കിലും ഇപ്പോള്‍ പബ്ലീഷ് ചെയ്ത ഈ കവിത കാണുമ്പോള്‍ അല്‍പ്പം സന്തോഷവും,താങ്കളോട് ബഹുമാനവും തോന്നുന്നു.!

 
At 7:05 AM, Blogger ഇട്ടിമാളു said...

ഇരിങ്ങലെ... പുതുവത്സരാശംസകള്‍...

ഒരുപാട് നാളുകള്‍ക്ക് ശേഷമാ ഇവിടേ..

വെറുതെ ആയില്ലെന്നതില്‍ സന്തോഷം...

 
At 8:40 AM, Blogger ഞാന്‍ ഇരിങ്ങല്‍ said...

അനിലേട്ടാ.. ആ ‘ കാമുകന്‍‘ വിളി എനിക്കിഷ്ടായി. ഇവിടെ വന്ന് വായിച്ചു വല്ലോ അതു തന്നെ സന്തോഷം.

മോഹന്‍ ചേട്ടാ.. ബേനസീറിനെ ഉള്‍കൊണ്ട് വായിച്ചതില്‍ സന്തോഷവും സ്നേഹവും.

കിനാവേ..ഇത് അപൂര്‍ണ്ണമാണ്. ബേനസീറിന്‍റെ ജീവിതം പോലെ തന്നെ. ആസ്വദിച്ചതില്‍ നന്ദി. സ്നേഹം.

വല്യമ്മായീ.. ഒരു പാട് നാളായി നിങ്ങളെ വായിച്ചിട്ട്. സമയമാണ് കാരണക്കാരന്‍. പിന്നെ സമയമുള്ളപ്പോള്‍ വായിക്കാനുള്ള മൂഡില്ലെങ്കില്‍ എന്തു ചെയ്യും. ബ്ലോഗ് വായന വളരെ വളരെ കുറഞ്ഞു പോയി. ബേനസീറിന്‍റെ കാമുകനെ തിരിച്ചറിഞ്ഞതില്‍ സന്തോഷം.

നാസര്‍..വാക്കുകള്‍ക്ക് നന്ദി. നിന്‍ റെ പുസ്തകത്തിനായി കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകളായി.എത്രയും പെട്ടെന്ന് പുസ്തകം കിട്ടും എന്ന് പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

കിരണ്‍.. താങ്കള്‍ എന്നെ അത്ഭ്തപ്പെടുത്തി. താങ്കളെ ഒരു രാഷ്ട്രീയ നിരീക്ഷകനായാണ് ഞാന്‍ കണ്ടിരുന്നത്. ഇവിടെ വന്ന് എന്നെ വായിച്ചതില്‍ പതിവലധികം സന്തോഷം അനുഭവിക്കുന്നു. സ്നേഹത്തിന് നന്ദി.

ഇട്ടിമാളൂ..
കാണാറേ ഇല്ല താങ്കളേയും. വായിക്കാറേ ഇല്ല താങ്കളേയും.. എന്നിട്ടും വായിക്കുന്നുവെന്നറിയുമ്പോള്‍
എന്താ പറയുക.. ബൂലോക കുടുംബത്തിലെ ഒത്തുചേരല്‍ പോലെ തോന്നുന്നു. സ്നേഹം മാത്രം

ബ്ലോഗിലെത്തി എല്ലാവരോടും പുതുവത്സരാശംസകള്‍ നേരാന്‍ സമയം കിട്ടിയില്ല. ക്ഷമിക്കുമല്ലോ.
ഐശ്വര്യ സമ്പൂര്‍ണ്ണമായ പുതുവത്സരം എല്ലാ ബൂലോകര്‍ക്കും ആശംസിക്കുന്നു.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

 
At 1:04 PM, Blogger മുസിരിസ് / അജിത്ത് പോളക്കുളത്ത് said...

എനിക്കിഷ്ടമായി..

ഇതില്‍ തനി ഇരിങ്ങല്‍ ടച്ച് വന്നിട്ടുണ്ട്

ആശംസകള്‍

അജിത്ത്

 
At 1:53 PM, Blogger ആരോ ഒരാള്‍ said...

ചിലപ്പോളെങ്കിലും എഡിറ്റ് ചെയ്യാത്ത കവിതകള്‍ വായിക്കാന്‍ ഒരു സുഖമുണ്ട്. ഓരൊ എഡിറ്റിലും ചുണ്ടില്‍ ചായം തേക്കപ്പെടുകയല്ലേ. :)

 
At 3:46 PM, Blogger kaithamullu : കൈതമുള്ള് said...

ഇന്നാണ് മുഴുവനും വായിച്ചത്.

ഒരു സ്മൈലി ഇടട്ടേ!
;-)

 
At 5:17 PM, Blogger Pramod.KM said...

പുതുവത്സരാശംസകള്‍.
ബേനസീറിന്റെ കാമുകന്‍ കൊള്ളാം:)

 
At 6:01 PM, Blogger ഞാന്‍ ഇരിങ്ങല്‍ said...

അജിത്ത്..
‘ഇതില്‍ തനി ഇരിങ്ങല്‍ ടെച്ച്; :) അങ്ങിനെയല്ലേ പറ്റൂ..:)

ആരോ ഒരാള്‍.. താങ്കള്‍ പറഞ്ഞതു പോലെ എഡിറ്റു ചെയ്യാത്ത ചില കവിതകളില്‍ എഴുത്തുകാരന്‍ കാണാത്ത കാലങ്ങളുണ്ടായേക്കാം. അല്ലേ...നന്ദി.

ശശിയേട്ടാ.. നന്ദി
പ്രമോദ്.. താങ്കളെ പോലുള്ളവര്‍ കവിത വായിക്കുമ്പോള്‍ ചെറുതെങ്കിലും ഒരു സന്തോഷം അനുഭവിക്കാന്‍ തോന്നുന്നു. ഒരു പാട് സ്നേഹത്തോടെ

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

 
At 10:06 AM, Blogger മുസാഫിര്‍ said...

പ്രിയ ഇരിങ്ങല്‍,

വര്‍ഷങ്ങള്‍ക്കു മുന്‍പ് സുല്‍ഫിക്കര്‍ അലി ഭൂട്ടോ തൂക്കിലേറ്റപ്പെട്ടതിന്റെ പിറ്റേന്ന് ഇന്‍ഡ്യന്‍ എക്സ്പ്രസ്സില്‍ വന്ന ഒരു കാര്‍ട്ടൂണ്‍,രവിശങ്കറിന്റേതാണെന്ന് തോന്നുന്നു.ഒഴിഞ്ഞ തൂക്കൂമരത്തിന്റെ മുകളിരുന്ന് കാലു കൊണ്ട് കൊക്ക് മിനുക്കുന്ന ഒരു കഴുകന്‍,തലയില്‍ പീക്‍ക്യാപ് വെച്ച അതിന് ജെനറല്‍ സിയ ഉള്‍ ഹക്കിന്റെ മുഖമായിരുന്നു.അടിക്കുറിപ്പൊന്നുമീല്ലാത്തൊരു കാര്‍ട്ടൂ‍ണിനും ഒരു പാട് കാര്യങ്ങള്‍ സംസാരിക്കാനാകുമെന്ന് അന്നു മനസ്സിലായി.
ഇരിങ്ങലിന്റെ കവിത വായിച്ചപ്പോള്‍ അത് മനസ്സില്‍ ഓടീയെത്തി.കത്രിക വെക്കാത്ത കവിത ഇഷ്ടമായി.

 
At 4:19 PM, Blogger ഞാന്‍ ഇരിങ്ങല്‍ said...

മുസാഫിര്‍..,
എന്‍ റെ ഓര്‍മ്മ ശരിയാണെങ്കില്‍ എന്‍ റെ ആദ്യകാല പോസ്റ്റില്‍ മാത്രമാണ് താങ്കള്‍ വന്നിട്ടുള്ളത്. പിന്നീട് ഞാനും താങ്കളും എവിടെയൊക്കെയോ അറിയാതെ മറന്നു പോയി അല്ലേ..താങ്കളുടെ പോസ്റ്റിലും എനിക്ക് എത്താന്‍ പറ്റിയതേ ഇല്ല.
ബേനസീര്‍ എനിക്ക് പുതിയ ചില വായനക്കാരെ തന്നു എന്നതു കൊണ്ട് ഏറെ അഭിമാനിക്കുന്നു. പഴയ ചിലരെ തിരികെ തരികയും ചെയ്തല്ലോ.

അഭിപ്രായങ്ങള്‍ക്ക് നന്ദി. സ്നേഹം
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

 
At 12:36 PM, Blogger മഹേഷ് കക്കത്ത് said...

കവിത കൊള്ളാം...എഴുത്ത് നിര്‍ത്തിക്കളാ...

 
At 12:47 PM, Blogger ഞാന്‍ ഇരിങ്ങല്‍ said...

മഹേഷ്..,
വിദ്യാര്‍ത്ഥിനേതാക്കളും ബ്ലോഗില്‍ എത്തിയതില്‍ സന്തോഷമുണ്ട്.
പത്രങ്ങളിലും ടിവിയിലുമൊക്കെ കാണാറുണ്ടയിരുന്നു.
നാട്ടില്‍ തന്നെ ഉണ്ടോ..?
ബ്ലോഗില്‍ കാണാന്‍ സാധിച്ചതില്‍ അതിയായ സന്തോഷം.
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

 
At 11:18 AM, Blogger നീലിമ said...

kavitha ethra manoharam

 
At 1:41 PM, Blogger മുസാഫിര്‍ said...

പ്രിയ ഇരിങ്ങല്‍,

മനപ്പൂര്‍വ്വം വരാത്തിരുന്നതല്ലെന്നു മാത്രം അറിയുക.

 
At 10:20 AM, Blogger റഫീക്ക് വടക്കാഞ്ചേരി said...

മലയാളം കവിത വായിച്ചു..നന്നായിരിക്കുന്നു.
സ്നേഹപൂര്‍ വ്വം റഫീക്ക്

 
At 12:46 PM, Blogger മഞ്ജു കല്യാണി said...

ബേനസീറിന്റെ കാമുകാ...
കവിത കൊള്ളാം

 
At 7:42 PM, Blogger ഞാന്‍ ഇരിങ്ങല്‍ said...

മുസാഫിര്‍ നന്ദി

നീലിമാ..ഇവിടെ ബേനസീറിനെ സന്ദര്‍ശിച്ചതില്‍ സന്തോഷം.

റഫീക്ക്.. നന്ദി സഹോദരാ..കവിത വായിച്ചതിനും അഭിനന്ദനങ്ങള്‍ക്കും സ്നേഹം സന്തോഷം.

മഞു കല്യാണീ.. നന്ദി..സ്നേഹം ..

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

 

Post a Comment

Links to this post:

Create a Link

<< Home