ഞാന്‍ ഇരിങ്ങല്‍

Saturday, June 07, 2008

ഒരു കൂടിക്കാഴ്ചയും പിന്നെ സംഭവിച്ചതും

“എന്റെ പിന്നാലെ ഒരു പുരുഷന്‍ വരുന്നു; അവന്‍ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ടു എനിക്കു മുമ്പനായി തീര്‍ന്നു എന്നു ഞാന്‍ പറഞ്ഞവന്‍ ഇവന്‍ തന്നേ” 1:30  യോഹന്നാന്‍നടക്കണം എന്ന് ഡോകടര്‍ പറയുമ്പോള്‍
ഇത്രയൊന്നും കരുതിയിരുന്നില്ല
ഓടുകയും ആകാം എന്ന് കൂട്ടുകാര്‍ പറയുമ്പോഴും
ഇത്രയൊന്നും ചിന്തിച്ചിരുന്നില്ല
എന്നിട്ടും
തളര്‍ന്നിരിക്കുന്ന പാര്‍ക്കിലേ ബഞ്ചില്‍
നിലാവു പോലെ നീ
നടന്നടുത്തതും ചിരിയാല്‍
ഒരു നോട്ടമായ് കൊതിയായ് ഇരുന്നതും
സമയമാം രാത്രി നടന്നടുത്തതും
കൂട്ടുകാരി
പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം
കറപിടിച്ചൊരീ പാര്‍ക്കിലെ ബഞ്ചില്‍
ഇഴപിരിഞ്ഞൊരീ
ഇരുളിനൊപ്പം നിറനിലവു പോല്‍
ഞാന്‍ നിന്നെ കാണുന്നത്.

കണ്ണിലെ കൃഷ്ണമണികള്‍ തന്‍‍
‍കിരണമേറ്റെന്‍റെ ഹൃദയരേഖകള്‍ മുറിഞ്ഞൂ പലവിധം.
കഥകളേറെ പറയുവാനുണ്ട് പരസ്പരം
തിരകളൊക്കെയടങ്ങിയെങ്കിലും
ധൃതിപിടിച്ചൊരന്‍ രക്തക്കുഴലുകള്‍
മരണ പത്രം പോലെചുരുണ്ടുപോയെങ്കിലും
ഒരു നിമിഷം ഞാനാ പഴയരോര്‍മ്മയില്‍
നെയില്‍ പോളിഷ് ഇടാത്ത നിന്‍റെ വിരലുകള്‍
‍ഞാനൊന്ന് മുത്തട്ടേന്ന് എങ്ങിനെയാണ് ചോദിക്കുക.

അന്ന് നമ്മള്‍ക്ക്
ഒരേ വഴി ഒരേ നിറം
കുടിക്കുന്ന കാപ്പിക്കും
കഴിക്കുന്ന ഐസ്ക്രീമിനും
ഒരേ രുചി
കാശ്ചകള്‍ക്ക് മഞ്ഞ നിറവും.

നരച്ച മുറിയിലന്ന്
പുതുമണമായിരുന്നു
കിടക്കയിലന്ന് ചുവന്ന പൂവിതളുകള്‍ക്ക്
തിളക്കവും നിറവും കൂടുതലായിരുന്നു
കുതിര്‍ന്നു പോയ തലയിണ
ഓര്‍മ്മകളുടെ ബാക്കിപത്രമായി
കഴിഞ്ഞ അവധിക്കാലവും
ഓര്‍മ്മയിലെത്തിയിരുന്നു

കുട്ടികളെത്രെയെന്ന എന്‍റെ ചോദ്യങ്ങളില്‍
‍കൂട്ടുകാരീ
നീയും
ഭര്‍ത്താവും എന്തിനാണ് ചൂളി മരിച്ച് നിന്നത്?
പൂവന്‍ കോഴികളുടെ അങ്കവാല്‍
മുട്ടയിട്ട കോഴികളിലേക്ക് നീങ്ങുമ്പോള്‍
എത്രതവണ നീ കളിയാക്കിയിരിക്കുന്നു.

നേരു നിറഞ്ഞ നിന്‍റെ കൈവളകള്‍
‍എന്നെ പൊതിഞ്ഞു പിടിച്ചപ്പോള്‍
മുറിഞ്ഞ കൈത്തണ്ട്
ഒരിക്കല്‍ കൂടി ഞാനൊന്ന് മുത്തട്ടേന്ന്
എങ്ങിനെയാണ് നിന്നോട് ചോദിക്കുക?

ഇന്ന് നീ വിത്ത് വിതയ്ക്കാതെ
പതഞ്ഞ് പുതഞ്ഞ് ചിരിക്കുമ്പോള്‍
കൂട്ടുകാരീ
നീ ഒരു പുഴ
പുഴയോളം സ്നേഹം
ഞാന്‍ പട്ടുടുത്ത ഭൈരവന്‍
‍കോഴിക്കറ പുരണ്ട പാപം
ജീവിതത്തിന്‍റെ കൈത്തോട് മാറിക്കടക്കുമ്പോള്‍
‍വീശിയെറിഞ്ഞ ഓരോ ചുഴിത്തുമ്പും
നിന്നിലേക്ക് ഞാന്‍ പുഴുക്കുത്തായിരുന്നോ..

കൂട്ടുകാരീ നീ പറയൂ
നിന്‍റെ നീണ്ട വിരലുകളില്‍
ഞാനൊന്ന് മുത്തട്ടേന്ന്
ഇനി ഞാനെങ്ങിനെയാണ് ചോദിക്കുക?

ഇനിക്കാണുമ്പോള്‍
വിത്ത് മുളച്ചൊരു ചെടിയായ്
കാ മൂത്തൊരു പഴമായ്
നിന്നോളം പോന്നൊരു
മരമായ്കാണണമെന്ന്
ഞാനീ നരച്ച കണ്ണിലേക്ക് നോക്കി
സ്വപ്നം കണ്ടോട്ടേ..??!!

Labels: