ഞാന്‍ ഇരിങ്ങല്‍

Saturday, June 07, 2008

ഒരു കൂടിക്കാഴ്ചയും പിന്നെ സംഭവിച്ചതും

“എന്റെ പിന്നാലെ ഒരു പുരുഷന്‍ വരുന്നു; അവന്‍ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ടു എനിക്കു മുമ്പനായി തീര്‍ന്നു എന്നു ഞാന്‍ പറഞ്ഞവന്‍ ഇവന്‍ തന്നേ” 1:30  യോഹന്നാന്‍നടക്കണം എന്ന് ഡോകടര്‍ പറയുമ്പോള്‍
ഇത്രയൊന്നും കരുതിയിരുന്നില്ല
ഓടുകയും ആകാം എന്ന് കൂട്ടുകാര്‍ പറയുമ്പോഴും
ഇത്രയൊന്നും ചിന്തിച്ചിരുന്നില്ല
എന്നിട്ടും
തളര്‍ന്നിരിക്കുന്ന പാര്‍ക്കിലേ ബഞ്ചില്‍
നിലാവു പോലെ നീ
നടന്നടുത്തതും ചിരിയാല്‍
ഒരു നോട്ടമായ് കൊതിയായ് ഇരുന്നതും
സമയമാം രാത്രി നടന്നടുത്തതും
കൂട്ടുകാരി
പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം
കറപിടിച്ചൊരീ പാര്‍ക്കിലെ ബഞ്ചില്‍
ഇഴപിരിഞ്ഞൊരീ
ഇരുളിനൊപ്പം നിറനിലവു പോല്‍
ഞാന്‍ നിന്നെ കാണുന്നത്.

കണ്ണിലെ കൃഷ്ണമണികള്‍ തന്‍‍
‍കിരണമേറ്റെന്‍റെ ഹൃദയരേഖകള്‍ മുറിഞ്ഞൂ പലവിധം.
കഥകളേറെ പറയുവാനുണ്ട് പരസ്പരം
തിരകളൊക്കെയടങ്ങിയെങ്കിലും
ധൃതിപിടിച്ചൊരന്‍ രക്തക്കുഴലുകള്‍
മരണ പത്രം പോലെചുരുണ്ടുപോയെങ്കിലും
ഒരു നിമിഷം ഞാനാ പഴയരോര്‍മ്മയില്‍
നെയില്‍ പോളിഷ് ഇടാത്ത നിന്‍റെ വിരലുകള്‍
‍ഞാനൊന്ന് മുത്തട്ടേന്ന് എങ്ങിനെയാണ് ചോദിക്കുക.

അന്ന് നമ്മള്‍ക്ക്
ഒരേ വഴി ഒരേ നിറം
കുടിക്കുന്ന കാപ്പിക്കും
കഴിക്കുന്ന ഐസ്ക്രീമിനും
ഒരേ രുചി
കാശ്ചകള്‍ക്ക് മഞ്ഞ നിറവും.

നരച്ച മുറിയിലന്ന്
പുതുമണമായിരുന്നു
കിടക്കയിലന്ന് ചുവന്ന പൂവിതളുകള്‍ക്ക്
തിളക്കവും നിറവും കൂടുതലായിരുന്നു
കുതിര്‍ന്നു പോയ തലയിണ
ഓര്‍മ്മകളുടെ ബാക്കിപത്രമായി
കഴിഞ്ഞ അവധിക്കാലവും
ഓര്‍മ്മയിലെത്തിയിരുന്നു

കുട്ടികളെത്രെയെന്ന എന്‍റെ ചോദ്യങ്ങളില്‍
‍കൂട്ടുകാരീ
നീയും
ഭര്‍ത്താവും എന്തിനാണ് ചൂളി മരിച്ച് നിന്നത്?
പൂവന്‍ കോഴികളുടെ അങ്കവാല്‍
മുട്ടയിട്ട കോഴികളിലേക്ക് നീങ്ങുമ്പോള്‍
എത്രതവണ നീ കളിയാക്കിയിരിക്കുന്നു.

നേരു നിറഞ്ഞ നിന്‍റെ കൈവളകള്‍
‍എന്നെ പൊതിഞ്ഞു പിടിച്ചപ്പോള്‍
മുറിഞ്ഞ കൈത്തണ്ട്
ഒരിക്കല്‍ കൂടി ഞാനൊന്ന് മുത്തട്ടേന്ന്
എങ്ങിനെയാണ് നിന്നോട് ചോദിക്കുക?

ഇന്ന് നീ വിത്ത് വിതയ്ക്കാതെ
പതഞ്ഞ് പുതഞ്ഞ് ചിരിക്കുമ്പോള്‍
കൂട്ടുകാരീ
നീ ഒരു പുഴ
പുഴയോളം സ്നേഹം
ഞാന്‍ പട്ടുടുത്ത ഭൈരവന്‍
‍കോഴിക്കറ പുരണ്ട പാപം
ജീവിതത്തിന്‍റെ കൈത്തോട് മാറിക്കടക്കുമ്പോള്‍
‍വീശിയെറിഞ്ഞ ഓരോ ചുഴിത്തുമ്പും
നിന്നിലേക്ക് ഞാന്‍ പുഴുക്കുത്തായിരുന്നോ..

കൂട്ടുകാരീ നീ പറയൂ
നിന്‍റെ നീണ്ട വിരലുകളില്‍
ഞാനൊന്ന് മുത്തട്ടേന്ന്
ഇനി ഞാനെങ്ങിനെയാണ് ചോദിക്കുക?

ഇനിക്കാണുമ്പോള്‍
വിത്ത് മുളച്ചൊരു ചെടിയായ്
കാ മൂത്തൊരു പഴമായ്
നിന്നോളം പോന്നൊരു
മരമായ്കാണണമെന്ന്
ഞാനീ നരച്ച കണ്ണിലേക്ക് നോക്കി
സ്വപ്നം കണ്ടോട്ടേ..??!!

Labels:

20 Comments:

At 12:34 PM, Blogger ഞാന്‍ ഇരിങ്ങല്‍ said...

നേരു നിറഞ്ഞ നിന്‍റെ കൈവളകള്‍
‍എന്നെ പൊതിഞ്ഞു പിടിച്ചപ്പോള്‍
മുറിഞ്ഞ കൈത്തണ്ട്
ഒരിക്കല്‍ കൂടി ഞാനൊന്ന് മുത്തട്ടേന്ന്
എങ്ങിനെയാണ് നിന്നോട് ചോദിക്കുക?

ഇന്ന് നീ വിത്ത് വിതയ്ക്കാതെ
പതഞ്ഞ് പുതഞ്ഞ് ചിരിക്കുമ്പോള്‍
കൂട്ടുകാരീ
നീ ഒരു പുഴ
പുഴയോളം സ്നേഹം
ഞാന്‍ പട്ടുടുത്ത ഭൈരവന്‍
‍കോഴിക്കറ പുരണ്ട പാപം
ജീവിതത്തിന്‍റെ കൈത്തോട് മാറിക്കടക്കുമ്പോള്‍
‍വീശിയെറിഞ്ഞ ഓരോ ചുഴിത്തുമ്പും
നിന്നിലേക്ക് ഞാന്‍ പുഴുക്കുത്തായിരുന്നോ..

 
At 1:03 PM, Blogger G.manu said...

a poem with iringal effect...

:)

 
At 1:28 PM, Blogger നജൂസ്‌ said...

ഇനിക്കാണുമ്പോള്‍
വിത്ത് മുളച്ചൊരു ചെടിയായ്
കാ മൂത്തൊരു പഴമായ്
നിന്നോളം പോന്നൊരു
മരമായ്കാണണമെന്ന്
ഞാനീ നരച്ച കണ്ണിലേക്ക് നോക്കി
സ്വപ്നം കണ്ടോട്ടേ

നന്നായിരിക്കുന്നു

 
At 2:00 PM, Blogger വെള്ളിനക്ഷത്രം (കവിതകള്‍) said...

ഇന്ന് നീ വിത്ത് വിതയ്ക്കാതെ
പതഞ്ഞ് പുതഞ്ഞ് ചിരിക്കുമ്പോള്‍
കൂട്ടുകാരീ
നീ ഒരു പുഴ
പുഴയോളം സ്നേഹം
ഞാന്‍ പട്ടുടുത്ത ഭൈരവന്‍
‍കോഴിക്കറ പുരണ്ട പാപം
ജീവിതത്തിന്‍റെ കൈത്തോട് മാറിക്കടക്കുമ്പോള്‍
‍വീശിയെറിഞ്ഞ ഓരോ ചുഴിത്തുമ്പും
നിന്നിലേക്ക് ഞാന്‍ പുഴുക്കുത്തായിരുന്നോ..

വളരെ ചിന്തിപ്പിക്കുന്നു ഈ വരികള്‍

 
At 3:03 PM, Blogger Sapna Anu B.George said...

സ്വന്തമെന്ന പദത്തിനെന്തര്‍ത്ഥം
ബന്ധമെന്ന പദത്തിനെന്തര്‍ത്ഥം
ബന്ധങ്ങള്‍ സ്വപ്നങ്ങള്‍ ജലരേഖകള്‍!!!!

 
At 5:04 PM, Blogger നന്ദു said...

അതെ രാജൂ, ഇനിയും കാണൂമ്പോൾ വിത്തു മുളച്ചൊരു ചെടിയായ് അതിൽ നിറയെ ഫലങ്ങളായ് വലിയൊരു മരമായ് കാണാൻ കഴിയട്ടെന്നു ഞാനും ആശംസിക്കുന്നു (ആരെ? ഈ ചോദ്യം ബാക്കി!!..)

വരികൾക്കിടയിലൂടെ വായിക്കാൻ ധാരളം ഉള്ള ഒരു കവിത!! നന്നായിരിക്കുന്നു. :)

 
At 5:06 PM, Blogger അന്യന്‍ said...

ഹൊ എനിക്ക്‌ വയ്യ...
ഈ ആകാംക്ഷ അടക്കാനാവുന്നില്ല...
ഇനിയെങ്കിലും ഒന്ന്‌
അവളോട്‌ ചോദിക്കൂ..... അനുവാദം പിടിച്ചുവാങ്ങൂ.....
വെറുതെ നരച്ച കണ്ണുകളിലേക്ക്‌
നോക്കി നിന്ന്‌ കാലം കഴിക്കാതിരിക്കൂ... :)
നിങ്ങള്‍ക്ക്‌ വേണ്ടി
സമയംഇത്രയും കാലം കാത്തിരുന്നു...
ഇനിയുമാ ക്ഷമ പ്രതീക്ഷിക്കരുത്‌..... (ആശയം...അല്ല അനുഭവം കൊള്ളാം...ട്ടോ.. )

 
At 7:03 PM, Blogger തണല്‍ said...

കൂട്ടുകാരീ നമ്മള്‍ കോര്‍ത്ത കൈയഴിയാതെ
ചേര്‍ന്ന് ഹൃത്താളഗതിയൂര്‍ന്നു പോകാതെ
മിഴി വഴുതി വീഴാതിരുള്‍ക്കയം ചൂഴാതെ
പാര്‍ത്തിരിക്കേണം ഇനി നാം തനിച്ചല്ലോ.
കൊള്ളാം ഇരിങ്ങല്‍!
-കണ്ണിലെ കൃഷ്ണമണികള്‍ തന്‍‍
‍കിരണമേറ്റെന്‍റെ ഹൃദയരേഖകള്‍ മുറിഞ്ഞൂ -ചുള്ളിക്കാടിനെ ഓര്‍മ്മ വന്നു.

 
At 8:07 PM, Blogger കെ.മാധവിക്കുട്ടി. said...

സുഹ്രുത്തെ,
നന്ന്.

 
At 6:24 AM, Blogger ബാജി ഓടംവേലി said...

“എന്റെ പിന്നാലെ ഒരു പുരുഷന്‍ വരുന്നു; അവന്‍ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ടു എനിക്കു മുമ്പനായി തീര്‍ന്നു എന്നു ഞാന്‍ പറഞ്ഞവന്‍ ഇവന്‍ തന്നേ”

 
At 8:12 AM, Blogger ദേവസേന said...

"കൂട്ടുകാരീ നീ പറയൂ
നിന്‍റെ നീണ്ട വിരലുകളില്‍
ഞാനൊന്ന് മുത്തട്ടേന്ന്
ഇനി ഞാനെങ്ങിനെയാണ് ചോദിക്കുക?"

വല്ലവന്റേം ഭാര്യയാണെന്നോര്‍ത്തോണ്ടു വേണം നുള്ളാനും മുത്താനുമൊക്കെ മുതിരാന്‍. വേണ്ടാത്ത പണിക്കു നില്‍ക്കല്ലേ...

anyway,
ഇനി നീ അവളെ കാണുമ്പോള്‍ ഒക്കത്തൊരു കുറുമ്പിയുണ്ടാവട്ടെ !!

 
At 9:31 AM, Blogger ശെഫി said...

രാജൂ..
വല്ലാതെ ഇഷ്ടമായിപ്പോയി ഈ കവിത

 
At 10:00 AM, Blogger നീര്‍ക്കോലി said...

ഇഷ്ടാമായി എങ്കിലും ചില വരികളിലൊക്കെ ഒരു ചുള്ളിക്കാടീയന്‍ മണം ;)

 
At 10:01 AM, Blogger വേണു venu said...

Raju, well expressed.:)

 
At 11:04 AM, Blogger kaithamullu : കൈതമുള്ള് said...

ധൈര്യായി മുത്തിക്കോ രാ‍ജൂ.
(അല്ല, അനുവാദം ചോദിക്കണോ ഒന്ന് മുത്താന്‍, ഇത്ര നാളായിട്ടും?)


ദേവയുടെ കമെന്റ് (ഒന്നിച്ച് വായിച്ചപ്പോ:):
വല്ലവന്റേം ഭാര്യയാണെന്നോര്‍ത്തോണ്ടു വേണം നുള്ളാനും മുത്താനുമൊക്കെ മുതിരാന്‍. വേണ്ടാത്ത പണിക്കു നില്‍ക്കല്ലേ...
anyway,
ഇനി നീ അവളെ കാണുമ്പോള്‍ ഒക്കത്തൊരു കുറുമ്പിയുണ്ടാവട്ടെ !!

 
At 1:14 PM, Blogger കിനാവ് said...

കണ്ടോ ഞാന്‍ പറഞ്ഞില്ലേ, സന്ദര്‍ശന(ച്യുള്ളിക്കാട്)ത്തിന്റെ ഹാങ്ങോവറുണ്ടെന്ന്.

 
At 7:20 PM, Blogger ഞാന്‍ ഇരിങ്ങല്‍ said...

ആദ്യ വായനക്കാരാ.. മനൂ നന്ദി.

നജൂസ്, സഗീര്‍, സ്വപ്ന.. ഇവിടെ വന്നതിനും എന്നോടോപ്പം സമയം ചിലവഴിച്ചതിനും നന്ദി. അഭിനന്ദനങ്ങള്‍ക്കും.

നന്ദുച്ചേട്ടാ.. ആരെ എന്ന് കവിതയില്‍ തന്നെ ഉത്തരം ഉണ്ടല്ലോ.. നന്ദി..

അന്യന്‍.. താങ്കള്‍ അന്യനായതു കൊണ്ടാണൊ ഇങ്ങനെ തോന്നിയത്. എന്തായാലും മുത്തുക എന്നുള്ളത് ബൈബിളിലെ വളരെ പ്രധാനപ്പെട്ട ഒരു കര്‍മ്മമാണ്. ഓരോ കൂടിക്കാഴ്ചയിലും ഓരോ സല്‍ക്കര്‍മ്മങ്ങളിലും മുത്തുക എന്നുള്ളത് ബൈബിളില്‍ ഉള്ളതാണ് എന്നാണ് എന്‍റെ വിശ്വാസം.

തണല്‍ .. ചുള്ളിക്കാടിനെ ഓര്‍മ്മവന്നതില്‍ പ്രത്യേക്തയൊന്നും ഇല്ല. സന്ദര്‍ശനം ഞാന്‍ പലതവണ കേട്ടതാണ്. എന്നാല്‍ മന:പൂര്‍വ്വം ഒന്നും എഴുതിയിട്ടില്ല.

കെ മാധവിക്കുട്ടി ചേച്ചീ... ഈയിടെയായി കാണാറില്ല കേട്ടോ.. എവിടെയാണ് ഇപ്പോള്‍...

ബാജീ.. എന്താ ഈ യേശുവിനെ താങ്കള്‍ മറന്നോ..

ദേവസേന ചേച്ചീ.. ഞാന്‍ പത്തു കല്പനകളില്‍ ഒന്നുപോലും ലംഘിച്ചിട്ടില്ല. അന്യന്‍ റെ ഭാര്യയെ മോഹിച്ചിട്ടേ ഇല്ല.
“എന്റെ പിന്നാലെ ഒരു പുരുഷന്‍ വരുന്നു; അവന്‍ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ടു എനിക്കു മുമ്പനായി തീര്‍ന്നു എന്നു ഞാന്‍ പറഞ്ഞവന്‍ ഇവന്‍ തന്നേ..എന്നല്ലേ മോശ പറഞ്ഞത്. അവന് കൂട്ടുകാരി ഉണ്ടായപ്പോഴേക്കും അവന്‍ ബിംബവല്‍ക്കരിക്കപ്പെട്ടിരുന്നു. അവന് സ്വീകരിക്കാന്‍ പറ്റാത്തവിധം അവന്‍ തന്നെ മാറിപ്പോയിരുന്നു.
എങ്കിലും അവന് പ്രതീക്ഷയ്ക്ക് ഒരു കുറുമ്പിയെങ്കിലും ഉണ്ടാവട്ടേന്ന് പ്രാര്‍ത്ഥിക്കാമല്ലോ..

ശെഫീ.. നന്ദി

നീര്‍ക്കോലീച്ചേട്ടാ.. കടിക്കല്ലേ അത്താഴം മുടങ്ങും. ചുള്ളിക്കാടീയന്‍ മണമൊന്നും ഇല്ല. വീണ്ടും ഒന്ന് പരിശോധിച്ചപ്പോള്‍ ചില വാക്കുകള്‍ ചില സഥലത്ത് ഞാനും കണ്ടു. പക്ഷെ കവിതയുമായി ഒരു ബന്ധവുമില്ല. വിഷയം ഒരു പക്ഷെ അതാകുമെങ്കിലും. എങ്കിലും താങ്കള്‍ വന്നതില്‍ സന്തോഷം.

വേണുച്ചേട്ടാ.. നന്ദി

കൈതച്ചേട്ടാ..എങ്കില്‍ മുത്താം അല്ലേ..!!!!

കിനാവേ ചുള്ളിക്കാടിന്‍ റെ ഒന്നോ രണ്ടോ വാക്കുണ്ടെങ്കില്‍ അദ്ദേഹത്തിന്‍ റെ കവിതയാകില്ലല്ലോ. എങ്കിലും അടുത്തതില്‍ കഴിവതും ശ്രമിക്കാം.

എല്ലാവര്‍ക്കും സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

 
At 3:31 PM, Blogger നട്ടപിരാന്തന്‍ said...

ഈ നട്ടപിരാന്തനോട് മാത്രമല്ലെ.... ആ കവിതയുടെ കൃത്യമായ നോവറിയൂ....

വീണ്ടും ഒന്നിച്ചു നടക്കണം ആ പാര്‍ക്കിലൂടെ നമ്മള്‍ക്ക്..

പിരാന്തനല്ലേ എന്തും പറയാമല്ലോ....

 
At 2:01 PM, Blogger മുഹമ്മദ് ശിഹാബ് said...

ജീവിതത്തിന്‍റെ കൈത്തോട് മാറിക്കടക്കുമ്പോള്‍
‍വീശിയെറിഞ്ഞ ഓരോ ചുഴിത്തുമ്പും
നിന്നിലേക്ക് ഞാന്‍....

നല്ല കവിത..

 
At 11:35 AM, Blogger ഞാന്‍ ഇരിങ്ങല്‍ said...

പിന്നീട് കണ്ടപ്പോള്‍ ആ കയ്യില്‍ നിറഞ്ഞ് മോണക്കാട്ടി ചിരിക്കുന്നൊരു റോസാപ്പൂവ്.. എടുക്കാന്‍ കൈ നീട്ടിയപ്പോള്‍ ഞാനും വരുന്നൂ പറയുമ്പോലെ കൈകളിലേക്ക്..

അങ്ങിനെ മനസ്സു കൊണ്ട് ആശംസിച്ചതു പോലെ നടന്നു കണ്ടപ്പോള്‍ ഒരു സന്തോഷം.. സ്നേഹപൂര്‍വ്വം രാജുഇരിങ്ങല്‍ 

Post a Comment

Links to this post:

Create a Link

<< Home