ഞാന്‍ ഇരിങ്ങല്‍

Saturday, January 24, 2009

രാത്രിയാകുന്നത്

പച്ചമാങ്ങ കടിക്കുമ്പോലെയല്ല
പഴുത്ത മാങ്ങ കടിക്കുമ്പോൾ
പച്ചയിൽ നിന്ന് മഞ്ഞയിലേക്കുള്ള ദൂരം
എനിക്ക് നിന്നിലേക്കുള്ള വേഗം പോലെയാണ്.

ഞാൻ നിന്നെ കാണുമ്പോലെയല്ല
അക്കാമലയിലെ പുഷ്പങ്ങൾ തലയാട്ടുന്നത്
ചാഞ്ഞു ചരിഞ്ഞുംകുണുങ്ങിയും
പ്രണയസല്ലാപങ്ങൾ മറക്കുന്നത്
ഇതളടർ‍ന്ന് കരിഞ്ഞ് നീലിച്ച
ചെമ്പരത്തിപൂ പോലെയാണ്.

കാറൽ‍മാർക്സ് സ്വര്‍ഗ്ഗത്തിലെത്തിയാൽ
അതൊരു ബൂർ‍ഷ്വാ സങ്കല്പമല്ലേ സഖാവേന്ന്
വിലപിക്കുന്ന കമ്മ്യൂണിസ്റ്റ് പച്ചയിൽ നിന്ന്
ബുഷ് നഗരത്തിൽ നിന്ന
നരകത്തിലേക്ക് പോകുന്നത്
ബീഡിത്തീയിൽ നിന്ന്
എലിവാണത്തിന് തീപിടിപ്പിക്കും പോലെയാണ്.


നീ എനിക്ക് ചുറ്റും വരച്ചിരിക്കുന്ന
ലക്ഷ്മണ രേഖപോലെയല്ല
കൊട്ടും കുരവയുമായി
ഞാൻ നെറ്റിയിൽ വരച്ച
നിൻറെ സിന്ദൂര രേഖ.
അത്തിമരച്ചോട്ടിലെ കുരങ്ങൻറെ ഹൃദയം
മധുരിക്കുന്നത്
പുഴക്കടവിൽ നിന്ന് നടുക്കടവിലേക്ക് തന്നെയാണ്.

കടൽ വറ്റുമ്പോലെയല്ല
കടൽ പൂമ്പാറ്റ പറക്കുന്നത്
കടലാമകൾ ഇരതേടുന്നത്
പുറം നഗരങ്ങളിലാണ്.

മണൽ ലോറികൾ വന്നിറങ്ങുമ്പോൾ
പൂണ്ടു പോകുന്ന കെട്ട മണം പോലെയല്ല
ചന്തയിൽ വച്ച മുറുക്കാൻ വാങ്ങി ആഞ്ഞു തുപ്പുന്ന
മുട്ടിനപ്പുറം കയറ്റിവച്ച പവാടയുടുത്ത
സ്ത്രീയുടെ അരയില്‍ തൂങ്ങിയാടുന്ന കത്തി.

ഇല്ലാത്തത് ഉണ്ടെന്ന് പറയുമ്പോൾ
കണ്ണുകൾ അടഞ്ഞു പോകുന്നത്
പൂച്ച പാലു കുടിക്കുമ്പോലെയാണ്
പകൽ കണ്ണടയ്ക്കുമ്പോള്‍ രാത്രിയാകുന്നത്
എത്ര പെട്ടെന്നാണ്!!!

Labels: