ഞാന്‍ ഇരിങ്ങല്‍

Saturday, January 24, 2009

രാത്രിയാകുന്നത്

പച്ചമാങ്ങ കടിക്കുമ്പോലെയല്ല
പഴുത്ത മാങ്ങ കടിക്കുമ്പോൾ
പച്ചയിൽ നിന്ന് മഞ്ഞയിലേക്കുള്ള ദൂരം
എനിക്ക് നിന്നിലേക്കുള്ള വേഗം പോലെയാണ്.

ഞാൻ നിന്നെ കാണുമ്പോലെയല്ല
അക്കാമലയിലെ പുഷ്പങ്ങൾ തലയാട്ടുന്നത്
ചാഞ്ഞു ചരിഞ്ഞുംകുണുങ്ങിയും
പ്രണയസല്ലാപങ്ങൾ മറക്കുന്നത്
ഇതളടർ‍ന്ന് കരിഞ്ഞ് നീലിച്ച
ചെമ്പരത്തിപൂ പോലെയാണ്.

കാറൽ‍മാർക്സ് സ്വര്‍ഗ്ഗത്തിലെത്തിയാൽ
അതൊരു ബൂർ‍ഷ്വാ സങ്കല്പമല്ലേ സഖാവേന്ന്
വിലപിക്കുന്ന കമ്മ്യൂണിസ്റ്റ് പച്ചയിൽ നിന്ന്
ബുഷ് നഗരത്തിൽ നിന്ന
നരകത്തിലേക്ക് പോകുന്നത്
ബീഡിത്തീയിൽ നിന്ന്
എലിവാണത്തിന് തീപിടിപ്പിക്കും പോലെയാണ്.


നീ എനിക്ക് ചുറ്റും വരച്ചിരിക്കുന്ന
ലക്ഷ്മണ രേഖപോലെയല്ല
കൊട്ടും കുരവയുമായി
ഞാൻ നെറ്റിയിൽ വരച്ച
നിൻറെ സിന്ദൂര രേഖ.
അത്തിമരച്ചോട്ടിലെ കുരങ്ങൻറെ ഹൃദയം
മധുരിക്കുന്നത്
പുഴക്കടവിൽ നിന്ന് നടുക്കടവിലേക്ക് തന്നെയാണ്.

കടൽ വറ്റുമ്പോലെയല്ല
കടൽ പൂമ്പാറ്റ പറക്കുന്നത്
കടലാമകൾ ഇരതേടുന്നത്
പുറം നഗരങ്ങളിലാണ്.

മണൽ ലോറികൾ വന്നിറങ്ങുമ്പോൾ
പൂണ്ടു പോകുന്ന കെട്ട മണം പോലെയല്ല
ചന്തയിൽ വച്ച മുറുക്കാൻ വാങ്ങി ആഞ്ഞു തുപ്പുന്ന
മുട്ടിനപ്പുറം കയറ്റിവച്ച പവാടയുടുത്ത
സ്ത്രീയുടെ അരയില്‍ തൂങ്ങിയാടുന്ന കത്തി.

ഇല്ലാത്തത് ഉണ്ടെന്ന് പറയുമ്പോൾ
കണ്ണുകൾ അടഞ്ഞു പോകുന്നത്
പൂച്ച പാലു കുടിക്കുമ്പോലെയാണ്
പകൽ കണ്ണടയ്ക്കുമ്പോള്‍ രാത്രിയാകുന്നത്
എത്ര പെട്ടെന്നാണ്!!!

Labels:

8 Comments:

At 11:21 AM, Blogger ഞാന്‍ ഇരിങ്ങല്‍ said...

കാറൽ‍മാർക്സ് സ്വര്‍ഗ്ഗത്തിലെത്തിയാൽ
അതൊരു ബൂർ‍ഷ്വാ സങ്കല്പമല്ലേ സഖാവേന്ന്
വിലപിക്കുന്ന കമ്മ്യൂണിസ്റ്റ് പച്ചയിൽ നിന്ന്
ബുഷ് നഗരത്തിൽ നിന്ന
നരകത്തിലേക്ക് പോകുന്നത്
ബീഡിത്തീയിൽ നിന്ന്
എലിവാണത്തിന് തീപിടിപ്പിക്കും പോലെയാണ്.


നീ എനിക്ക് ചുറ്റും വരച്ചിരിക്കുന്ന
ലക്ഷ്മണ രേഖപോലെയല്ല
കൊട്ടും കുരവയുമായി
ഞാൻ നെറ്റിയിൽ വരച്ച
നിൻറെ സിന്ദൂര രേഖ

ബ്ലോഗ് പൂട്ടിയില്ലെന്ന് കാണിക്കാൻ ഏറെ നാളുകൾക്ക് ശേഷം ഒരു കവിത
സ്നേഹപൂർവ്വം
ഇരിങ്ങൽ

 
At 3:46 PM, Blogger Mahi said...

കവിതയിലെ രഷ്ട്രീയം ഇഷ്ടപ്പെട്ടു.എന്നാലും കുറച്ചു കൂടി മുനകൂര്‍പ്പിച്ചെടുക്കാമായിരുന്നു ഇരിങ്ങലെ

 
At 9:45 AM, Blogger Sapna Anu B.George said...

നല്ല കവിത, സ്വയവിമര്‍ശനവും ഉഗ്രന്‍,പക്ഷെ മാഹി പറഞ്ഞതു പോലെ ഒന്നു കൂടി കൂര്‍പ്പിച്ചെടൂക്കാം വരികള്‍. എലാം വൃത്തത്തിനുസൃതമല്ലെകിലൂം വരികള്‍ക്കൊരു ഈണം വേണം. ഗദ്യത്തിന്റെ വാക്കുകളും ഈണവും പദ്യത്തിന്റെത്തും രണ്ടു രണ്ടാണ്. എന്നിരുന്നാലും നല്ല ആശയം നല്ല കവിത.

 
At 10:09 AM, Blogger ഞാന്‍ ഇരിങ്ങല്‍ said...

മഹി.. വായനയ്ക്ക് നന്ദി.
മുന കൂര്‍പ്പിക്കാം ഇനിയും
സപ്ന..
ഈണത്തിലുള്ളതൊന്നും ചിലപ്പോഴൊന്നും കവിതയാകില്ല എന്നും അതു പോലെ ഈണത്തിലില്ലാത്തത് കവിത അല്ലാനുമുള്ള സങ്കല്പങ്ങള്‍ നമ്മള്‍ പണ്ടെ വിട്ടൊഴിഞ്ഞതാണ്. ഒരു വാദത്തിന് പോലും സ്കോപ്പില്ല.
ഈ കവിതയില്‍ വ്യക്തമായ താളമുണ്ട് എന്ന് തന്നെ വിശ്വാസം. പിന്നെ പോരായ്മകള്‍ തീര്‍ച്ചയായും ഉണ്ട്. വായനക്കാരുടെ നിര്‍ദ്ദേശങ്ങള്‍ വിമര്‍ശനങ്ങള്‍ മുഖവിലക്കെടുക്കുകയും ചെയ്യുന്നു.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

 
At 5:57 PM, Blogger രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

“ഇല്ലാത്തത് ഉണ്ടെന്ന് പറയുമ്പോൾ
കണ്ണുകൾ അടഞ്ഞു പോകുന്നത്
പൂച്ച പാലു കുടിക്കുമ്പോലെയാണ്
പകൽ കണ്ണടയ്ക്കുമ്പോള്‍ രാത്രിയാകുന്നത്
എത്ര പെട്ടെന്നാണ്!!!“

വരികളിഷ്ടപ്പെട്ടു.

 
At 1:35 PM, Blogger ഫോര്‍ദിപീപ്പിള്‍ said...

ഊവ്വ്....

 
At 8:18 AM, Blogger പടയണി said...

കാറൽ‍മാർക്സ് സ്വര്‍ഗ്ഗത്തിലെത്തിയാൽ
അതൊരു ബൂർ‍ഷ്വാ സങ്കല്പമല്ലേ സഖാവേന്ന്
വിലപിക്കുന്ന കമ്മ്യൂണിസ്റ്റ് പച്ചയിൽ നിന്ന്
" ഇതു വെറുതെ പറയുന്നതല്ലെ.. അയാള്‍ സ്വര്‍ഗ്ഗത്തില്‍ പോയാലും നരകത്തില്‍ പോയാലും എന്താ.. ഇപ്പൊ കൊടിയുടെ നിറം ഏതാണെന്ന് അറിയാനകുന്നില്ല...സ്വര്‍ഗ്ഗത്തില്‍ പോകുന്നതുകൊണ്‍ടു ബൂര്‍ഷ്വാ ആകുമൊ?? പരിപ്പു വടയും മുറിബീഡിയും വിട്ട് താജുപോലെയുള്ള ഭൂമിയിലെ സ്വര്‍ഗ്ഗത്തിലല്ലെ പിന്മുറക്കാര്‍ എന്നെ അവകാശപ്പെടുന്നവറ് താമസിക്കുന്നത്.

 
At 9:21 AM, Blogger ഞാന്‍ ഇരിങ്ങല്‍ said...

പടയണി,

പരിപ്പു വടയും ദിനേശു ബീ‍ഡിയും ഇന്നത്തെ ലോകത്ത് ഉപയോഗിച്ച് എന്നും കാളവണ്ടി യുഗത്തിൽ ജീവിക്കാനല്ല മാർക്സ് പഠിപ്പിക്കുന്നത്. താജിൽ താമസിക്കുന്നതു കൊണ്ട് അയാൾ കമ്മ്യൂണിസ്റ്റ് അല്ലാതാവുന്നില്ല. കാലത്തെ എങ്ങിനെ ഉപയോഗിക്കുന്നു ജനങ്ങൾക്കും സമൂഹത്തിനുംവേണ്ടി എന്നൂള്ളതാണ് പ്രശനം

നാളെയെ കണ്ടെത്താൻ പരിപ്പുവടയല്ല ദിനേശു ബീഡിയല്ല സമയോജിതമായ ഇടപെടലൂകളാണ് എന്ന തിരിച്ചറിവിൽ കമ്മ്യൂണീസ്റ്റ് പച്ചകൾ എത്തിച്ചേരുന്നുവെങ്കിൽ അതിൽ മാർക്സിനെ “അയാൾ എവിടെപോയാലും നന്നാവില്ല” എന്ന് വിലപിക്കാനേ പറ്റൂ. അത്തരം വിലപിക്കലുകൾ കമ്മ്യൂണിസ്റ്റുകാരനെ തിരിച്ചറിയാനോ മനസ്സിലാക്കാതിരിക്കാനൊ ഉള്ള ഒരു പൂച്ച പാലുകുടിക്കലാണെന്നുള്ള തിരിച്ചറിയലുകൾ നമ്മൾ സൃഷ്ടിക്കപ്പെടണം

സ്നേഹപൂർവ്വം
ഇരിങ്ങൽ

 

Post a Comment

Links to this post:

Create a Link

<< Home