ഞാന്‍ ഇരിങ്ങല്‍

Wednesday, December 09, 2009

പുറമ്പോക്കിലെ പെൺകുട്ടികുന്നു കയറുമ്പോൾ
മലയിറങ്ങുമ്പോൾ
ഇടത്തോട്ട് പോകുമ്പോൾ
വലത്തോട്ട് പോകുമ്പോൾ
കേള്‍ക്കാറുണ്ട്
ആ ഒറ്റ വീട്ടിലെപെണ്‍കുട്ടിയുടെ പാട്ട്.


കൊന്നമരം വിഷുക്കാറ്റേറ്റ് നില്‍ക്കുന്ന
കടലാസു പൂക്കൾ കള്ളിമുണ്ടുടുത്ത
വീടിനോട് ചേർന്നുള്ള ചായ്പ്പിൽ
മധുര കരിമ്പുപോലെ ചുണ്ട് നനച്ച്
ഓര്‍മ്മപ്പെടുത്തിക്കൊണ്ടേയിരിക്കും
ആ ഒറ്റ വീട്ടിലെ
പെണ്‍കുട്ടിയുടെ പാട്ട്.


ഓണത്തിനോ
വിഷുവിനോ
അല്ലെങ്കില്‍ പിറന്നാളിനോ
അവിടെ പോകണം
ഒന്ന് കാണണം
കയ്യിലുള്ളതെന്തെങ്കിലും കൊടുക്കണം
ഒന്നും നടന്നില്ല.

ഇപ്പോൾ കുന്നു കയറാറില്ല
മലയിറങ്ങാറില്ല
ഇടത്തോ വലത്തോ യാത്ര പോകാറില്ല
ആ ഒറ്റ വീട്ടിലെ പാട്ട് കേള്‍ക്കാ൯ മാത്രം
ഇന്ന് അവിടേക്ക് പോകണം.


കുന്നുകളില്ല
മലകളെല്ലാം ഇടിച്ച് നിരപ്പാക്കിയിരിക്കുന്നു
വഴികളെല്ലാം വെട്ടിത്തെളിച്ചിരിക്കുന്നു.
അവിടെ
ആ ഒറ്റ മുറിയില്ല
ചായ്പ്പില്ല
അവളില്ല
അവളുടെ പാട്ടുമില്ല.


പള്ളിയിലെ ബാങ്കുവിളി കേട്ടനേരം
റെയിൽവേ സ്റ്റേഷനിൽ നിന്ന്
ദൂരെ ഇലക്ട്രിക്ക് ശ്മശാനത്തിലേക്ക്
കണ്ണയച്ചപ്പോൾ കാറ്റിൽ
ഒടിഞ്ഞു തൂങ്ങിയ
പുകയങ്ങിനെ
പാട്ടു പോലെ
എനിക്ക് ചുറ്റും
ഒഴുകുന്നു.

Labels: